Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്: കോടതി നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ മകളുമായി മുങ്ങിയ പിതാവിനെതിരെ അറസ്റ്റ് വാറന്റ്. ന്യൂസിലന്റുകാരനായ അലന്‍ ലാങ്ഡനെയും(49), മകള്‍ കുയേ(6)യുമാണ് കഴിഞ്ഞ 27 ദിവസം കടലില്‍ കാണാതായത്.

വെറുമൊരു പായ്‌വഞ്ചിയിലാണ് അലന്‍ മകളേയും കൊണ്ട് കടലിലേക്ക് പോയത്. എന്നാല്‍ കുയേയുടെ സംരക്ഷണാവകാശത്തെ ചൊല്ലി ന്യൂസിലന്റ് കോടതിയില്‍ നടക്കുന്ന കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകാന്‍ അലന്‍ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന പരാതിയുമായി മാതാവ് രംഗത്തെത്തി.
ഇതിനു പിന്നാലെ കോടതിയുടെ അനുവാദമില്ലാതെ മകള്‍ കുയേയെ ന്യൂസിലന്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കടത്തിയതിന് ന്യൂസിലന്റിലെ ടി അവാമുറ്റുവിലെ ജില്ലാ കോടതി അലന്‍ ലാങ്ഡനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അലനും അദ്ദേഹത്തിന്റെ ഭാര്യ സ്വിറ്റ്‌സര്‍ലണ്ടുകാരിയായ ആര്യന്നെ വിലറും തമ്മിലാണ് മകളുടെ സംരക്ഷണത്തെ ചൊല്ലി കേസ് നടക്കുന്നത്. കുയേയുടെ സംരക്ഷണ അവകാശത്തിനായി ന്യൂസിലന്റിലെ കോടതിയില്‍ നടക്കുന്ന കേസിലെ വ്യവസ്ഥയനുസരിച്ച് അലന് കോടതിയുടെ അനുവാദമില്ലാതെ മകളെ ന്യൂസിലന്റിനു പുറത്തേക്കു കൊണ്ടുപോകാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വേണ്ടി അലന്‍ നടത്തിയ നാടകമാണ് പായ്‌വഞ്ചി യാത്രയെന്നാണ് കോടതിയുടെയും നിരീക്ഷണം.
കഴിഞ്ഞ ഡിസംബര്‍ 17ന് ആറ് മീറ്റര്‍ നീളമുള്ള പായ്‌വഞ്ചിയില്‍ ന്യൂസിലന്റിലെ കാവഹിയാ ഹാര്‍ബറിന് സമീപത്തു നിന്നുമാണ് സെയ്‌ലിങ് വിദഗ്ദനായ അലന്‍ ലാങ്ഡനെയും, മകള്‍ ആറ് വയസ്സുകാരി കുയേയും കാണാതാവുന്നത്.

സമീപത്തെ ദ്വീപുകളിലേക്കായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവരുടെ ഒരു വിവരവും കിട്ടിയില്ല. ഒടുവില്‍ 2200 കി.മീ ടാസ്മാന്‍ കടലില്‍ തന്റെ പായ്‌വഞ്ചിയില്‍ 27 ദിവസത്തിന് ശേഷം ഓസ്‌ട്രേലിയയിലെ ന്യു സൗത് വെല്‍സില്‍ പിതാവും മകളും സുരക്ഷിതമായി എത്തിച്ചേരുകയായിരുന്നു. പായ്‌വഞ്ചിക്കും ജി.പി.എസ് സംവിധാനത്തിനും തകരാറു പറ്റിയതും, ഉള്‍ക്കടലിലെ മോശം കാലാവസ്ഥയുമായിരുന്നു ഇത്രയും ദിവസം തങ്ങള്‍ വൈകിയതിന് കാരണമായി ലാങ്ഡന്‍ പറഞ്ഞത്.
അലന്‍ ലാങ്ഡനും ആര്യന്നെ വിലറും നിലവില്‍ ഓസ്‌ട്രേലിയയിലാണുള്ളത്. മകളുടെ പാസ്‌പോര്‍ട്ട് ന്യൂസിലന്റ് എംബസിയുടെ പക്കലും. സ്വിറ്റസര്‍ലണ്ട് സ്വദേശിയായ മാതാവ് ആര്യന്നെ വിലര്‍ മകളെ ന്യൂസിലന്റിലേക്ക് കൊണ്ടുപോയി കോടതി നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
എന്നാല്‍ അപ്പുറത്ത് അറസ്റ്റ് ഭീഷണി നേരിടുന്ന ലാങ്ഡന്‍, ന്യൂസിലന്റ് കോടതിയില്‍ വിശ്വാസമില്ലാതെ മുങ്ങി നടന്ന്, ഓസ്‌ട്രേലിയന്‍ കോടതിയില്‍ നിന്നും മകളുടെ പൂര്‍ണ അവകാശം നേടിയെടുക്കാനും ശ്രമിക്കുന്നു.
Leave a Reply