Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൈല്‍ നദീ തീരത്ത് പരിശോധന നടത്തിയ ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം കണ്ടെത്തിയത് 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ. നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിലാണ് കാര്യമായ കേടുപാടുകളില്ലാത്ത ഈ മമ്മികള്‍ സൂക്ഷിച്ചിരുന്നത്.
ഈ പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള്‍ ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു. പുതിയ കണ്ടെത്തലോടെ ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള്‍ ഗാബാല്‍ പുരാവസ്തു ഗവേഷകരുടെ പ്രധാന കേന്ദ്രമാക്കി മാറിയിരിക്കുകയാണ്.

നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്.

ടുണ അല്‍ ഗാബാലില്‍ നിന്നും ആദ്യമായാണ് മനുഷ്യമമ്മികള്‍ കണ്ടെത്തുന്നത്. ഈജിപ്തിലെ പ്രധാന നഗരമായ കെയ്റോയില്‍ നിന്നും 135 മൈല്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന രീതി പരിശോധിച്ചതില്‍ നിന്നും ഗവേഷകര്‍ പറയുന്നത്.

ചിത്രപണികള്‍ ചെയ്ത മൂടികളില്‍ അടച്ച ആറ് മമ്മികളും കളിമണ്ണില്‍ തീര്‍ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തുഗവേഷകര്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
തറനിരപ്പില്‍ നിന്നും ആറ് മീറ്റര്‍ അടിയില്‍ നിന്നാണ് മമ്മികള്‍ കണ്ടെത്തിയിട്ടുള്ളത്. പൗരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്‍ അല്‍ അനാനി പറഞ്ഞു.

പ്രദേശത്തെ പുരാവസ്തു ഖനനം ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വൈകാതെ കൂടുതല്‍ മമ്മികളടക്കമുള്ള അമൂല്യ വസ്തുക്കള്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് പറയുന്നു.
Leave a Reply