Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച രാജന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരുടേയും കണ്ണുനനയിക്കുന്നതാണ്. വട്ടച്ചിറ മാടമ്പള്ളിയിലെ ചോർന്നൊലിക്കുന്ന ഒരു ചെറു കൂരയിൽ ജീവിതം കഴിച്ചുകൂട്ടുകയാണിപ്പോൾ ഈ കുടുംബം. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തിയിരുന്ന രാജൻ നിപ്പ ബാധിച്ചു മരിച്ചതോടെ കുടുംബം ഇനി എന്ത് ചെയ്യുമെന്ന അവസ്ഥയിലാണ്.
അതിലുപരി ഇവർ ഇപ്പോൾ നേരിടുന്ന വെല്ലുവിളി ഊരുവിലക്കാണ്. ഇവരെയും ഇവരുടെ ബന്ധുക്കളെയും അടുത്തേക്ക് പോകാതെ ഇവരെ കാണുമ്പോൾ നാട്ടുകാർ ഒഴിഞ്ഞുമാറുകയുമാണ് മൊത്തത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോൾ കുടുംബം.
രാജന്റെ ഭാര്യ സിന്ധുവിനും മക്കളായ സാന്ദ്രയ്ക്കും സ്വാതിക്കും നിപ്പ ബാധിച്ചിട്ടില്ല എന്നിരിക്കെ നിപ്പയെ പേടിക്കരുതെന്ന് ബോധവൽകരണം നടത്തുന്ന ആരോഗ്യവകുപ്പ് അധികൃതർ പോലും ഈ വീടിന്റെ 200 മീറ്റർ അകലെ വരെയാണു വന്നത്. നിപ്പയ്ക്കെതിരെ സുരക്ഷ വേണമെന്ന് നിർദേശിച്ച് നാട്ടുകാരെ ഈ വീട്ടിലേക്കു കടക്കുന്നതു തടഞ്ഞതായും പരിസരവാസി പറഞ്ഞു.
‘എന്തിനാണു ഞങ്ങളെ ഒറ്റപ്പെടുത്തുന്നത്? ഞങ്ങളെന്തു തെറ്റാണു ചെയ്തത്?’ കരഞ്ഞുകരഞ്ഞു നഷ്ടപ്പെട്ട നേർത്ത ശബ്ദത്തിൽ സിന്ധു ചോദിക്കുന്നു
ഏഴു സെന്റ് സ്ഥലത്ത് ഒരു കൊച്ചുകൂരയിലാണ് സിന്ധുവും മക്കളായ സ്വാതിയും സാന്ദ്രയും രാജന്റെ അമ്മ നാരായണിയും താമസിക്കുന്നത്. വിള്ളലു വീണ് ഇടിഞ്ഞുവീഴാറായ വീട്. പത്താംക്ലാസ് വിദ്യാർഥിനിയായ സാന്ദ്രയ്ക്ക് പഠനമുറി പദ്ധതിപ്രകാരം ഒരു മുറി നിർമിച്ചു നൽകിയിരുന്നു. അതു മാത്രമാണ് കോൺക്രീറ്റിലുള്ള ഏക മുറി.
ചെങ്കുത്തായ കുന്നിന്റെ ചെരുവിലാണ് വീട്. നല്ലൊരു വഴി പോലുമില്ല. അത്യാവശ്യത്തിനു ഒരു ആംബുലൻസ് വന്നാൽപ്പോലും രോഗിയെയുമെടുത്ത് കുന്നിറങ്ങേണ്ട അവസ്ഥ.
സ്വന്തമായുളള എട്ട് സെന്റ് ഭൂമിയിൽ വീട് നിർമിച്ച് താമസിക്കണമെന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാത്തു നിൽക്കാതെയാണ് രാജൻ മരിച്ചത്. പട്ടികജാതി വിഭാഗത്തിലെ ഈ നിർധന കുടുംബം വീടിനായി ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും ഫണ്ടനുവദിച്ചിട്ടില്ല.
രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവും, വാർധക്യത്തിലായ അമ്മയുടെ ചികിത്സയും ബാധ്യതകൾ വർധിപ്പിക്കുകയാണ്. സ്ഥലം വാങ്ങുന്നതിനായി എടുത്ത നാല് ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്.
നമ്പിക്കുളം മാലിന്യപ്രശ്നത്തിൽ ഏറെ ദുരിതമനുഭവിക്കേണ്ടി വന്ന പ്രദേശത്താണ് ഇവരുടെ വീട്. കഴിഞ്ഞ തവണ ഡെങ്കി ബാധിച്ച് രാജനടക്കം മൂന്നു പേർ ചികിൽസയിലുമായിരുന്നു. കൂലിപ്പണിയെടുത്താണ് രാജൻ കുടുംബം നോക്കിയിരുന്നത്.
Leave a Reply