Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 3:14 am

Menu

Published on November 14, 2017 at 11:54 am

കാണാന്‍ ചെന്നാല്‍ ശരിക്ക് നോക്കിക്കോളൂ; ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ ഈ ക്ഷേത്രം കാണാനാകൂ

nishkalank-mahadeva-temple-visible-only-six-hours-a-day

വിചിത്രമായ ഇടങ്ങളെ കുറിച്ചും നിര്‍മ്മിതികളെ കുറിച്ചുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. വിചിത്രമായ ധാരാളം ക്ഷേത്രങ്ങളും നമുക്കു ചുറ്റുമുണ്ട്.

മലകളിലും കുന്നുകള്‍ക്കിടയിലും കൊടുംകാടുകളിലും ഗുഹകള്‍ക്കുള്ളിലും കടല്‍ത്തീരത്തും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വിചിത്രവും വ്യത്യസ്തവുമാണ് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലുള്ള ഒരു ക്ഷേത്രത്തിന്റെ കാര്യം.

തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ഈ അത്ഭുത ക്ഷേത്രമുള്ളത്. കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ ആശ്ചര്യമാണ് ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും വിഗ്രഹ ദര്‍ശനത്തെക്കുറിച്ചും അറിയുമ്പോള്‍ നമുക്കുണ്ടാവുന്നത്.

ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ കോലിയാക്ക് എന്ന സ്ഥലത്താണ് കടലിനടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രമുള്ളത്. നിഷ്‌കളങ്കേശ്വര്‍ അഥവാ നിഷ്‌കളന്‍ മഹാദേവ് എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഇവിടത്തെ തീരത്തു നിന്നും ഏകദേശം ഒന്നരകിലോമീറ്ററോളം അകലെ കടലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമേ പുറത്ത് കാണാനാവൂ. ദിവസത്തില്‍ ആറു മണിക്കൂറോളം സമയം മാത്രമേ ഈ അത്ഭുത ക്ഷേത്രം പുറത്തു കാണാനും സന്ദര്‍ശിക്കാനും കഴിയൂ എന്നതാണ് ഇതിന്റെ പ്രത്യേകതയും.

അല്ലാത്ത സമയങ്ങളില്‍ കടല്‍ജലം വന്നു മൂടുന്ന ഇവിടം ശൈവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേലിയിറക്കത്തിന്റെ സമയം നോക്കിയാണ് കടലിലൂടെ കാല്‍നടയായി സഞ്ചരിച്ച് ക്ഷേത്രത്തിലെത്തുന്നത്. വേലിയിറക്ക സമയത്ത് മാത്രമേ വെള്ളം ഇറങ്ങി പ്രതിഷ്ഠയും വിഗ്രഹങ്ങളും കാണാനാവൂ.

എല്ലാ ദിവസവും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും അമാവാസി ദിവസങ്ങളിലെ സന്ദര്‍ശനത്തിനാണ് ഭക്തര്‍ മുന്‍തൂക്കം കൊടുക്കുന്നത്. നിഷ്‌കളങ്കേശ്വരന്റെ സന്നിധിയില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. ഇതനുസരിച്ച് ചിതാഭസ്മം ഇവിടുത്തെ കടലില്‍ ഒഴുക്കി വിടാനായി ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.

തീരത്തു നിന്നും ഒന്നരകിലോമീറ്റര്‍ അകലെ ക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനു പിന്നില്‍ നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതില്‍ ഏറ്റവും പ്രശസ്തമായത് പഞ്ച പാണ്ഡവന്‍മാരുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളും ഈ കഥയെ ശരിവയ്ക്കുന്നുന്നതാണ്.

മഹാഭാരത യുദ്ധത്തില്‍ കൗരവരെ പരാജയപ്പെടുത്തിയ പാണ്ഡവര്‍ക്ക് സഹോദരന്‍മാരെ കൊലചെയ്തതില്‍ അതിയായ വിഷമമുണ്ടായി. പാപപരിഹാരത്തിന് മാര്‍ഗ്ഗം അന്വേഷിച്ച് കൃഷ്ണന്റെ അടുത്തെത്തിയ ഇവര്‍ക്ക് കൃഷ്ണന്‍ കറുത്ത കൊടിയും കറുത്ത പശുവിനെയും നല്‍കി. അതിനെ പിന്തുടരാന്‍ പറഞ്ഞു. പശുവും കൊടിയും വെളുത്ത നിറത്തിലാകുമ്പോള്‍ തെറ്റിനു പരിഹാരമാവുമത്രെ. ദിവസങ്ങല്‍ ഇങ്ങനെ അലഞ്ഞ പാണ്ഡവര്‍ ഒടുവില്‍ കോലിയാക് തീരത്തെത്തിയപ്പോള്‍ കൊടിക്കും പശുവിനും നിറംമാറ്റം സംഭവിച്ചു. പിന്നീട് ശിവനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം സ്വയംഭൂ ലിംഗമായി ഓരോരുത്തരുടെയും മുന്നില്‍ അവതരിച്ചു. അമാവാസി നാളില്‍ തങ്ങളുടെ മുന്നില്‍ അവതരിച്ച ശിവനെ അവര്‍ തീരത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറിയ ദ്വീപില്‍ പ്രതിഷ്ടിച്ചു. അതാണ് ഇന്നുകാണുന്ന ക്ഷേത്രം.

നിഷ്‌കളന്‍ മഹാദേവ് അല്ലെങ്കില്‍ നിഷ്‌കളങ്കേശ്വര്‍ എന്നാണ് ഇവിടെ ശിവന്‍ അറിയപ്പെടുന്നത്. പാപങ്ങളെല്ലാം കഴുകി തങ്ങളെ ശുദ്ധരാക്കിയതിനാലാണ് ഇങ്ങനെയൊരു പേരു ലഭിച്ചത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമയത്ത് മാത്രമാണ് ഇവിടുത്തെ കൊടിമരത്തിലെ കൊടി മാറ്റി സ്ഥാപിക്കുന്നത്. ഇതുവരെയും കൊടിമരം കടലെടുത്തിട്ടില്ല എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട 2001 ലെ ഭൂകമ്പത്തിലും ഈ കൊടിമരം ഇതുപോലെ തന്നെ നിന്നത്രെ.

എല്ലാദിവസവും ഇവിടം സന്ദര്‍ശിക്കാമെങ്കിലും വേലിയിറക്കത്തിന്റെ സമയം കൂടി കണക്കിലെടുത്തു വേണം വരാന്‍. വേലിയിറക്കത്തില്‍ കടല്‍ ഉള്ളിലേക്ക് വലിയുമ്പോള്‍ മാത്രമേ അവിടേക്ക് സഞ്ചരിക്കാനാവൂ. ശ്രാവണ മാസത്തിലെ അമാവാസി നാളിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News