Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ: പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന ജപ്പാനിലെ ‘നഗ്‌നദ്വീപി’ലേക്ക് അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനം. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ചതാണ് ഈ ദ്വീപ്.
ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഒകിനോഷിമ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചത്. രണ്ടുമണിക്കൂര്‍ നീളുന്ന വാര്‍ഷിക ഉത്സവത്തിനു മാത്രമാണ് ഒകിനോഷിമയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നത്. അതും പുരുഷന്‍മാര്‍ക്കു മാത്രം.

ജപ്പാന്‍കാര്‍ വളരെ വിശുദ്ധമായി കരുതുന്ന ഈ ദ്വീപില്‍, കടലില്‍ കുളിച്ച ശേഷം പുരുഷന്മാര്‍ നഗ്നരായാണ് പ്രവേശിക്കേണ്ടത്. കപ്പല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥന നടത്തുന്ന, 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ ആചാരങ്ങള്‍.
ഈ വര്‍ഷം 200 പേര്‍ക്കുമാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എല്ലാവര്‍ഷവും മെയ് 27 ആണ് സന്ദര്‍ശനസമയം. കൊറിയയിലെ പെനിന്‍സുലയ്ക്കും തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ഒകിനോഷിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

അന്താരാഷ്ട്ര വിനിമയത്തിന്റെ ആദ്യകാല കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം അംഗീകരിക്കുന്ന നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. വിദേശ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന വിലപിടിച്ച നിരവധി പ്രാര്‍ത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ദ്വീപിലുണ്ട്. ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 80,000 ത്തോളം വസ്തുക്കളാണ് ദ്വീപില്‍ നിന്ന് കണ്ടെടുത്തത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചൈന, കൊറിയ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ കടല്‍ വഴി വ്യാപാര ബന്ധം തുടങ്ങിയ കാലത്താണ് ഈ ക്ഷേത്രവും നാവിക രക്ഷാ പ്രാര്‍ത്ഥനകളും ആരംഭിച്ചതെന്നാണ് വിശ്വാസം.
17-ാം നൂറ്റാണ്ടു മുതല്‍ മുനാകാറ്റാ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഷിന്റോ ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത്. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പനീസ് യുദ്ധത്തില്‍ മരിച്ച നാവികരുടെ സ്മരണാര്‍ത്ഥമാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നത്.
Leave a Reply