Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:39 am

Menu

Published on August 4, 2017 at 2:26 pm

വയര്‍ കീറി കുടല്‍മാല പുറത്തേക്ക് തള്ളി നില്‍ക്കുന്നു; ഒരു പാര്‍ട്ടി ഗുണ്ടയുടെ ദയനീയ അന്ത്യം

nurse-abdul-rahman-viral-facebook-post-on-a-goonda

രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി മാറിയിരിക്കുകയാണ് കേരളം. പാര്‍ട്ടിക്കു വേണ്ടി കൊല്ലാനും ചാവാനും പലരും മത്സരിക്കുകയാണ്. പല ദിവസങ്ങളും ആരംഭിക്കുന്നത് പാര്‍ട്ടിക്കു വേണ്ടിയുള്ള അക്രമങ്ങളെക്കുറിച്ചു കേട്ടാണ്.

പ്രസ്ഥാനത്തിനു വേണ്ടി പച്ചയ്ക്കു മറ്റൊരു മനുഷ്യ ജീവനെ കൊല്ലാന്‍ തുനിയുമ്പോള്‍ ഒരിക്കലെങ്കിലും അവര്‍ ഓര്‍ക്കാറുണ്ടോ തനിക്കു വരുന്ന മരണത്തെക്കുറിച്ച്? കൊന്നുകൊലവിളിച്ച കഥകളേക്കാളോക്കെ ഭീകരമായിരിക്കും ചിലപ്പോള്‍ ആ മരണം.

ഒരു ഗുണ്ടയുടെ അവസാനകാലത്തെക്കുറിച്ച് അബ്ദുല്‍ റഹ്മാന്‍ പട്ടാമ്പി എന്ന നഴ്‌സ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കൊന്നും കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെക്കുറിച്ചോര്‍ത്തപ്പോഴാണ് ദയനീയമായി തങ്ങളുടെ മുന്നില്‍ നരകിച്ചു മരിച്ച ആ ഗുണ്ടയെക്കുറിച്ച് ഓര്‍ത്തതെന്ന് അബ്ദുല്‍ റഹ്മാന്‍ പറയുന്നു.

അവസാനം താന്‍ കൊന്നൊടുക്കിയതിനേക്കാള്‍ ഭീകരമായ മരണമാണ് അയാളെ കാത്തിരുന്നതെന്ന് പറഞ്ഞാണ് അബ്ദുല്‍ റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

അബ്ദുല്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്………….

 

ഒരു ഗുണ്ടയുടെ അന്ത്യം

 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി വെട്ടിയും കൊന്നും ഒടുവില്‍ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓര്‍മ്മ വന്നത് ….രാജു ( യഥാര്‍ത്ഥ പേര് വേറെയാണ് )…..ദയനീയമായി ഞങ്ങളുടെ മുന്നില്‍ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു ……..

അയാള്‍ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു ….കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളില്‍ പ്രതിയായിരുന്ന ഒരു ക്രിമിനല്‍ ….. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വല്‍റ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലന്‍സില്‍ രാജുവിനെ കൊണ്ടുവന്നത്(മനഃപൂര്‍വമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു ) …..രാത്രി ബൈക്കില്‍ പോകുകയായിരുന്ന അയാള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു വീണു …പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് …വയറിന്റെ സൈഡ് കീറി അകത്തുള്ള കുടല്‍മാല പുറത്തേക്ക് തള്ളി നില്‍ക്കുന്നു ….ആംബുലന്‍സില്‍ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടല്‍ ഭാഗം അയാള്‍ കയ്യില്‍ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു ….അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യന്‍….

അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയാണ് എന്നു കണ്ടതുകൊണ്ട് കാഷ്വല്‍റ്റിയില്‍ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി…സര്‍ജന്‍ വിശദമായി പരിശോധിച്ചു …പുറത്തേക്കു തള്ളിയ ആന്തരികാവയവങ്ങള്‍ തിരിച്ചു യഥാര്‍ത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി….പകരം ആ ഭാഗം കവര്‍ ചെയ്ത് ഡ്രസ്സിങ് ചെയ്തു… ബ്ലഡ് റീപ്ലേസ്മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോര്‍മല്‍ ലെവലിലേക്ക് വന്നു …രോഗി ബോധം വീണ്ടെടുത്തു….അണുബാധ തടയാന്‍ കടുത്ത നിയന്ത്രണം ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്തു ഡോക്ടര്‍ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു ….

ഐസിയുവിന് വെളിയില്‍ സന്ദര്‍ശകര്‍ തിങ്ങി നിറഞ്ഞു …എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകള്‍ …എല്ലാവര്‍ക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു…സെക്യൂരിറ്റിയോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാന്‍ ഉന്തും തള്ളും…ഒരാളെയും കടത്തിയില്ല …ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റി ….അതോടെ രാജുവിന്റെ സ്വഭാവം അയാള്‍ കാണിച്ചു തുടങ്ങി ….ഐസിയുവില്‍ നിന്നും പുറത്തേക്കു മാറ്റണം….കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാന്‍ ആകെയുണ്ടായിരുന്നത് ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം ….അവരും അതേ അഭിപ്രായം തന്നെ …അങ്ങനെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ട് പുറത്തേക്കു തള്ളി നില്‍ക്കുന്ന കുടലും അതിനു വെളിയില്‍ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു …..

റൂമിനകത്തു രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിര്‍ദ്ദേശങ്ങള്‍ ആദ്യമേ കൊടുത്തിരുന്നു …അപ്പോഴും അത് അവര്‍ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ….അതുപോലേ തന്നെ സംഭവിച്ചു …..വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു …ആദ്യ രണ്ടു ദിവസം റൂമില്‍ അവര്‍ ജോളിയായി കൂടി ….മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി…അണുബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി ….കൂടെ ശ്വാസ തടസ്സവും ….ഡോക്ടര്‍ പരിശോധിച്ചു …പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി …വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു….അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു ..ട്യൂബ് മാറ്റി കഴുത്തില്‍ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റര്‍ കണ്ടിന്യു ചെയ്തു …….

പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു ….

സന്ദര്‍ശകരും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു …

അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി ….

അവര്‍ക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി …

അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി …

അതല്ലെങ്കി വെന്റിലേറ്റര്‍ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..

ഓരോരോ അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചു തുടങ്ങി …..കിഡ്നി ,കരള്‍ ..ബ്രെയിനില്‍ ബ്ലീഡിങ് ,…അങ്ങനെ അങ്ങനെ …..

ഇടയ്ക്ക് അല്‍പം ബോധം വരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതു മാത്രം കാണാം .. ഇങ്ങനെ നരകിക്കാന്‍ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാള്‍ ചോദിക്കുന്ന പോലെ തോന്നി. അപ്പോഴെല്ലാം കൈ പിടിച്ചു നിര്‍വ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും ..മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു ..വൈകീട്ട് ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയില്‍ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു ….അന്ന് ഞങ്ങള്‍ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത് …രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങള്‍ തുടങ്ങി …അനിയന്‍ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാര്‍ഥിച്ചു …അല്‍പ സമയം കഴിഞ്ഞു …മരണം സ്ഥിരീകരിക്കുകയും ചെയ്തു… അയാള്‍ കൊട്ടേഷന്‍ ഏറ്റെടുത്ത…കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല ……. പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ മരണം …..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News