Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:45 am

Menu

Published on June 2, 2017 at 11:04 am

കണ്ണീര്‍ കുടിച്ച് ഗര്‍ഭിണികളാകുന്ന മയിലുകള്‍; ജന്തുലോകത്തെ മറ്റ് അന്ധവിശ്വാസങ്ങള്‍ ഇതാ

peacock-sex-breaking-internet

കഴിഞ്ഞ ദിവസങ്ങളില്‍ ട്രോളന്‍മാരുടെ ആക്രമണത്തിന് ഇരയായത് ഒരു ഹൈക്കോടതി ജഡ്ജായിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജ് മഹേഷ് ചന്ദ് ശര്‍മ്മയുടെ വാക്കുകളായിരുന്നു ട്രോളന്മാര്‍ ഏറ്റെടുത്തത്.

‘ആണ്‍മയില്‍ പെണ്‍മയിലിന്റെ അടുത്തേക്ക് ഇണ ചേരാന്‍ പോകാറില്ല. ഇണ ചേരാന്‍ തോന്നുമ്പോള്‍ അവ കരയും. ആ കണ്ണീര്‍ കുടിച്ചാണ് പെണ്‍മയിലുകള്‍ ഗര്‍ഭിണികളാകുന്നത്. അതിനാല്‍ത്തന്നെ ബ്രഹ്മചാരികളുമാണ് ആണ്‍മയിലുകള്‍’, എന്നായിരുന്നു അദ്ദേഹത്തിന്റെ മഹത്തായ കണ്ടുപിടുത്തം.

പശുവിനെ ദേശീയ മൃഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പശു ശ്വസിച്ച് പുറത്തുവിടുന്നത് ഓക്‌സിജനാണെന്നും നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ മറ്റെല്ലാ ജന്തുക്കളെയും പോലെ പശുവും ഓക്‌സിജന്‍ സ്വീകരിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുവെന്നത് പരമമായ സത്യം. ഇത്തരത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത പല നുണകളാല്‍ സമ്പന്നമാണ് ജന്തുലോകം. അത്തരം ചില അന്തവിശ്വാസങ്ങള്‍ ഇതാ.

എവിടേക്കെങ്കിലും യാത്ര പോകാനിറങ്ങിയാല്‍ മയിലിനെ കണ്ടാല്‍ ഐശ്വര്യമാണെന്നാണ് ഇന്ത്യയില്‍ പലയിടത്തെയും വിശ്വാസം. അതേസമയം മയില്‍പ്പീലി ദു:ശ്ശകുനമാണെന്നാണ് പാശ്ചാത്യ ലോകത്തെ വിശ്വാസം. പീലിക്കു നടുവിലുള്ളത് ചെകുത്താന്റെ കണ്ണാണെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്.

മയില്‍പ്പീലി വീട്ടിലിരുന്നാല്‍ കഷ്ടപ്പാടാകുമെന്നും സ്ത്രീകളുടെ കല്യാണം നടക്കില്ലെന്നും വരെ വിശ്വാസമുണ്ട്. മയില്‍പ്പീലി കൊണ്ടുള്ള സിനിമാസെറ്റിട്ടാല്‍ അത് തകര്‍ന്നുവീഴുമെന്ന് ഭയന്ന് അഭിനയിക്കാന്‍ തയാറാകാത്ത നടീനടന്മാര്‍ വരെയുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ പീലിക്ക് നടുവിലെ കണ്ണ് ഐശ്വര്യപ്രതീകമാണ്. പീലി വീട്ടില്‍ സൂക്ഷിച്ചാല്‍ അപകടങ്ങള്‍ക്കു നേരെ ഒരു ‘മൂന്നാം കണ്ണ്’ എപ്പോഴുമുണ്ടാകുമെന്ന് പലരും വിശ്വസിക്കുന്നു. മയില്‍പ്പീലി പുസ്തകത്താളുകള്‍ക്കിടയില്‍ വച്ചാല്‍ പ്രസവിക്കുമെന്ന് നമ്മള്‍ തന്നെ വിശ്വസിച്ചിട്ടില്ലേ.

പാവം കരിമ്പൂച്ചയ്ക്കാണ് അടുത്ത അപവാദം കേള്‍ക്കേണ്ടി വന്നത്. എങ്ങോട്ടെങ്കിലും ഇറങ്ങിയാല്‍ കറുത്ത പൂച്ച കുറുകെച്ചാടിയാല്‍ ദു:ശ്ശകുനമാണെന്നാണു പലരുടെയും വിശ്വാസം. പണ്ടുകാലത്ത് രാത്രിയില്‍ കാടുകള്‍ വഴി കാളവണ്ടികളിലാണ് ചരക്കുകള്‍ കൊണ്ടുപോയിരുന്നത്. മാര്‍ജാര വര്‍ഗത്തില്‍പ്പെട്ട കടുവയുടെയും പുലിയുടെയുമെല്ലാം കണ്ണുകള്‍ രാത്രിയില്‍ തിളങ്ങും. കാട്ടില്‍ ഇതു കാണുന്ന കാളകള്‍ പിന്നെ മുന്നോട്ടു നീങ്ങില്ല. നേരംവെളുത്തിട്ടേ യാത്ര തുടരാനാകൂ. യാത്ര മുടക്കിയെന്ന നിലയിലാണ് ഈ മൃഗങ്ങളെ കച്ചവടക്കാര്‍ കണ്ടിരുന്നത്. ഇതാണ് ദു:ശ്ശകുനമെന്ന് പറഞ്ഞിരുന്നത്.

കാലമേറെ കഴിഞ്ഞു. കാടുവഴിയുള്ള യാത്ര നിലച്ചു. എന്നാല്‍ മാര്‍ജാരന്മാരുമായുള്ള ദു:ശ്ശകുന ബന്ധം മാത്രം നിലച്ചില്ല. പുലിയെയും കടുവയെയുമൊക്കെ കിട്ടാതായതോടെ നാം പൂച്ചയെ അതിലേക്ക് വലിച്ചിഴച്ചു. കറുത്ത പൂച്ചയാണെങ്കില്‍ ദു:ശ്ശകുനം കൂടുമെന്നു വരെയായി കാര്യങ്ങള്‍.

ചുവപ്പുനിറം കണ്ടാല്‍ കാളയ്ക്ക് വിറളി പിടിക്കുമെന്നു പറയുന്നു. എന്നാല്‍ വര്‍ണാന്ധതയുള്ള മൃഗമാണ് കാള. കാളപ്പോരിനിടെ തുണിയുടെ ചലനം കാരണമാണ് അതിന് വിറളി പിടിക്കുന്നത്. ചോരപ്പാട് തിരിച്ചറിയാതിരിക്കാനാണ് പരമ്പരാഗതമായി ചുവന്ന തുണി ഉപയോഗിക്കുന്നതെന്നതാണു സത്യം.

പാമ്പ് പാല്‍കുടിക്കുമെന്നതാണ് വേറൊരു വിശ്വാസം. കുടിക്കുമെന്നതിനെക്കാളും കുടിപ്പിക്കും എന്നു പറയുന്നതാണു ശരി. ശീതരക്തമുള്ള ഉരഗമാണ് പാമ്പ്. അതും മാംസഭോജി. പാല്‍ കഴിച്ചാല്‍ അത് ദഹിക്കാന്‍ പാമ്പിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. പക്ഷേ നാഗപഞ്ചമി പോലുള്ള വിശേഷദിവസങ്ങളില്‍ പാമ്പുകള്‍ ‘മടമടാ’ പാലു കുടിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് പാമ്പാട്ടികളുടെ തന്ത്രമാണ്. 30-45 ദിവസം വരെ അധികം വെള്ളം കുടിക്കാന്‍ കൊടുക്കാതെ വളര്‍ത്തിയാണ് ഇവയ്ക്ക് മുന്നില്‍ പാലു വയ്ക്കുന്നത്. ഏതു പാമ്പും കുടിച്ചു പോകും.

പക സൂക്ഷിക്കുന്ന ജീവിയാണ് പാമ്പ്. പാമ്പിനെ ചവിട്ടിയാലോ തല്ലിയാലോ അത് 12 വര്‍ഷം വരെ ഓര്‍ത്തിരിക്കും. തക്കംപാര്‍ത്തിരുന്ന് പ്രതികാരം ചെയ്യും. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത പ്രചാരണം എന്നല്ലാതെ എന്തുപറയാന്‍.

പാമ്പാട്ടിയുടെ മകുടിയുടെ പാട്ട് കേട്ടാണ് പാമ്പ് തലയാട്ടുന്നതെന്നാണ് വിശ്വാസം. എന്നാല്‍ മകുടി തനിക്കു നേരെ ഉയര്‍ത്തുമ്പോള്‍ തന്നെ ആക്രമിക്കാന്‍ വരുന്ന എന്തോ ആയാണ് പാമ്പിനു തോന്നുക. പ്രത്യാക്രമണത്തിനു വേണ്ടിയുള്ള പാമ്പിന്റെ തയ്യാറെടുപ്പാണ് പാമ്പാട്ടമായി തോന്നുന്നത്. പാമ്പിന് ചെവി കേള്‍ക്കില്ലെന്നതാണ് സത്യം.

പാമ്പിന്റെ വിഷം തലയിലുറച്ച് മാണിക്യമായി മാറാറുണ്ട്. ഇന്നേവരെ ഒരാളു പോലും കണ്ടിട്ടില്ലാത്ത സാധനം. അത്തരത്തില്‍ നാഗമാണിക്യമാണെന്ന് അവകാശപ്പെട്ടു വരുന്ന ഒട്ടേറെപ്പേരുണ്ട്. തട്ടിപ്പ്, അല്ലാതെന്താ.

വയറുവേദന വരുമ്പോള്‍ നായ്ക്കള്‍ പുല്ലു തിന്നുമെന്ന് വെറുതെ പറയുന്നതാണ്. മിക്ക നായ്ക്കളും പുല്ലു തിന്നും, അവയ്ക്ക് അതിഷ്ടമായതു കൊണ്ടാണ് അല്ലാതെ വയറുവേദനിച്ചിട്ടല്ല.

മനുഷ്യര്‍ സ്പര്‍ശിച്ച കിളിക്കുഞ്ഞുങ്ങളെ അമ്മക്കിളി തിരിച്ചെടുക്കില്ലെന്നാണ് മറ്റൊന്ന്. പക്ഷേ അത്രയും ശക്തമായി മണം പിടിക്കാനുള്ള കഴിവൊന്നും പക്ഷികള്‍ക്കില്ലെന്നതാണു സത്യം.

കരിങ്കുരങ്ങിന്റെ ഇറച്ചി വില്ലന്‍ചുമ മാറ്റുമെന്ന പ്രചാരണം കാരണം ഇപ്പോഴും അവയ്ക്ക് ഇരിക്കപ്പൊറുതിയില്ല. കരിങ്കുരങ്ങ് രസായനം എന്ന പ്രയോഗം വരെയുണ്ടായി. പക്ഷേ ഒരു ഔഷധഗുണവുമില്ല കരിങ്കുരങ്ങിന്. കരടിയെ കൊന്നെടുത്ത നെയ് തേച്ചാല്‍ താടി വളരുമെന്നു പറയുന്നതു പോലൊരു മുട്ടന്‍ നുണ മാത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News