Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിനായിരങ്ങള്‍ കൊടുത്തു നായയെ വാങ്ങി ഓമനിച്ചു വളര്‍ത്തിയ ശേഷം, അവ മൃതപ്രായനായാല്‍ റോഡരികില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ഈ അടുത്ത കാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യനോട് ഏറ്റവും നന്ദി കാട്ടുന്ന മൃഗമായ നായകളെ സ്വന്തം യജമാനന്‍ തന്നെയാണ് തെരുവിലേക്ക് വലിച്ചെറിഞ്ഞ് പലപ്പോഴും നന്ദികേട് കാട്ടുന്നത്.
ഇവിടെയാണ് ആലുവ പമ്പ് കവലയിലുള്ള പ്രമോദ് ചാക്കോ വ്യത്യസ്ഥനാകുന്നത്. വീടിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ നായയെ ശുശ്രൂഷകള്‍ നല്‍കി പുതു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ് പ്രമോദ്.
പ്രായാധിക്യം കാരണം ആരോ റോഡില്‍ ഉപേക്ഷിച്ചതായിരുന്നു ലാബ്രഡോര്‍ ഇനത്തിലുള്ള നായയെ. മലപ്പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന പ്രമോദ് ലീവിന് വീട്ടില്‍ വന്നപ്പോഴാണ് നായയെ കുട്ടികള്‍ ചേര്‍ന്ന് കല്ലെറിയുന്നത് കാണുന്നത്. ഒന്നു കുരയ്ക്കാന്‍ പോലും ശേഷിയില്ലാതെ എല്ലാ പ്രഹരവും ഏറ്റുവാങ്ങി നിന്ന നായയെ ഉപേക്ഷിക്കാന്‍ പ്രമോദിന് മനസ്സു വന്നില്ല.
നായയുടെ ചെവിയിലെ വ്രണത്തില്‍ നിന്നും പുഴുക്കള്‍ ഒലിച്ചിറങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍, ശരീരത്തില്‍ നിറയെ മുറിപ്പാടുകളും. സുഹൃത്തുക്കളായ രാജീവിന്റേയും, അനൂപിന്റേയും സഹായത്തോടെ നായയെ ആലുവ മൃഗാസ്പത്രിയിലെത്തിച്ചു. നഴ്‌സായ പ്രമോദ് തന്നെയാണ് കുത്തി വെയ്പ്പുകള്‍ ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തിയത്. ജാക്കിയെന്ന് പേരുമിട്ടു. ഒരു പാത്രം വെള്ളം കുടിക്കാന്‍ വെച്ചാല്‍ അതില്‍ നിറയെ വ്രണത്തിലെ പുഴു വന്ന് നിറയുമെന്ന് പ്രമോദ് പറഞ്ഞു. ഒന്നരമാസക്കാലത്തെ പരിചരണത്തിനു ശേഷം ജാക്കി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. തുടയിലും, വയറിലുമുള്ള മുറിവുകള്‍ കരിഞ്ഞ് പുതിയ രോമങ്ങള്‍ കിളിര്‍ത്തു തുടങ്ങി.
മനുഷ്യനായാലും, മൃഗങ്ങളായാലും കല്ലേറു കൊണ്ടാല്‍ വേദനയുണ്ടാകുമെന്ന സത്യം നാം മറന്നു പോകുന്നു. എന്തേ സഹജീവികളോട് ഇത്രയും കരുണയില്ലാതെ പെരുമാറുന്നതെന്നാണ് പ്രമോദിന്റെ ചോദ്യം.
ജാക്കിയെ കൂടാതെ റോക്കിയെന്ന നായയേയും പ്രമോദ് വളര്‍ത്തുന്നുണ്ട്. വേണ്ടത്ര ആഹാരം ലഭിക്കാതെ തൃശ്ശൂരിലെ ഒരു വീട്ടില്‍ വെച്ച് കണ്ട റോക്കിയെ 500 രൂപ കൊടുത്താണ് പ്രമോദ് വാങ്ങുന്നത്. അന്ന് റോക്കിക്ക് പത്ത് ദിവസം മാത്രമായിരുന്നു പ്രായം.
കൂട്ടിലിട്ടു വളര്‍ത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്ന് പ്രമോദ് പറയുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ചങ്ങലക്കിടുകയാണ് പതിവ്. പ്രമോദിന്റെ സേവനത്തിന് അപ്പന്‍ ചാക്കോയും, അമ്മ ലാലിയും, സഹോദരി പ്രിയയും എന്നും പിന്തുണയുമായുണ്ട്.
Leave a Reply