Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:30 am

Menu

Published on May 6, 2017 at 1:53 pm

ഈ ജയിലിലേക്ക് വരൂ, ഭക്ഷണം കഴിച്ചിട്ട് പോകാം

prison-themed-cafe-in-egypt-cairo

കെയ്‌റോ: ജയിലിലാകുമെന്ന് പറയുന്നതിനൊപ്പം നമ്മുടെ വായില്‍ വരുന്ന വാക്കാണ് ഗോതമ്പുണ്ട. ഉണ്ട നിന്നുമെന്നൊക്കെയാണ് ജയിലില്‍ പോകേണ്ടുന്നതിന് നമ്മള്‍ പറയാറുള്ളത്. ഉണ്ട പോട്ടെ, ആരെങ്കിലും ജയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ? ജയിലില്‍ പോകാതെ എങ്ങിനെയാ ജയില്‍ ഭക്ഷണം കഴിക്കുകയെന്ന് ചോദിക്കുന്നവര്‍ക്ക് നേരെ ഈജിപ്തിലെ കെയ്‌റോയിലേക്ക് വരാവുന്നതാണ്.

ഒരു തവണപോലും ജയിലില്‍ കയറാത്തവര്‍ക്ക് ഇവിടിരുന്ന് ജയില്‍ഭക്ഷണം കഴിക്കാം. അതും ജയിലിലെ അതേ അന്തരീക്ഷത്തില്‍. കെയ്‌റോയുടെ വടക്കന്‍ ഭാഗത്തുള്ള നാസര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു റെസ്‌റ്റോറന്റാണിത്. ഇത് പണിതിരിക്കുന്നത് ഒരു തടവറയുടെ മാതൃകയിലാണ്.

ധാരാളം റെസ്റ്റോറന്റുകളുള്ള മേഖലയില്‍ തങ്ങളുടെ സ്ഥാപനത്തെ എങ്ങിനെ വ്യത്യസ്തമാക്കാം എന്ന ചിന്തയില്‍ നിന്നാണ് ഒരു സംഘം യുവാക്കള്‍ ഈ ജയില്‍, അല്ല റെസ്റ്റോറന്റ് ആരംഭിച്ചത്. ഇതിന്റെ പേരുതന്നെ രസമാണ്. ഭക്ഷണക്കുറ്റം എന്നര്‍ത്ഥം വരുന്ന ഗരംറ്റ് അകല്‍.

ഈ ഭക്ഷണശാലയിലെ ഓരോ വിഭവത്തിന്റെ പേരിലുമുണ്ട് ഈ ജയില്‍ബന്ധം. അറബികളുടെ ഇഷ്ട ഭക്ഷണമായ ബീഫ് സാന്റ്‌വിച്ചിന് ‘അശ്മാവി’ എന്നാണ് പേര്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത ആളാണ് അശ്മാവി.

ഭക്ഷണം കഴിക്കുന്നവരിലേക്ക് ജയിലോര്‍മ്മകൊണ്ട് വരാന്‍ അടുക്കിവച്ച പാത്രങ്ങള്‍ക്കും തീന്‍മേശയ്ക്കും ചുറ്റും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. സാധാരണ ഭക്ഷണശാലകള്‍ പോലെ മേശകള്‍ വേറിട്ട് സ്ഥാപിച്ചിട്ടില്ല. വലിയ മേശകള്‍ കൂട്ടിഘടിപ്പിച്ചു വച്ചിട്ടുണ്ട്. തടവുപുള്ളികള്‍ ഒന്നിച്ചിരുന്നു ജയിലില്‍ ഭക്ഷണം കഴിക്കുന്ന രൂപം സ്ഥാപനത്തില്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.

ഭക്ഷണം കഴിക്കാനായി കടന്നുവരുന്നവരെ ചുമരിലെ ചോരപ്പാടുകളാണ് സ്വാഗതം ചെയ്യുക. രക്തംകൊണ്ടു വീരചരിതം ജയില്‍ ചുമരുകളില്‍ വരയ്ക്കുക തടവറകളില്‍ കഴിയുന്നവരുടെ പതിവാണ്. അത്തരം രക്തചിത്രങ്ങള്‍ ചുവര്‍ ചിത്രങ്ങളായി ഭക്ഷണശാലയുടെ ഭിത്തികളില്‍ പുനരവതരിപ്പിച്ചിരിക്കുന്നു.

ഭക്ഷണം കഴിക്കുന്നവരുടെ തലയ്ക്ക്മുകളില്‍ തൂക്കുകയര്‍ തൂങ്ങും. റസ്റ്റോറന്റിന്റെ നിര്‍മ്മാണത്തില്‍ മാത്രമല്ല പുതുമ, ഭക്ഷണം ആവശ്യപ്പെടുന്നതിലുമുണ്ട്. വധശിക്ഷ വേണമെന്നുപറഞ്ഞാല്‍ ഒന്‍പതു സാന്റ് വിച്ചുകള്‍ നിങ്ങളുടെ മുന്നിലെത്തും. ജീവപര്യന്തമാണെങ്കിലോ കിട്ടുക ഏഴു സാന്റ് വിച്ച്.

പുതുമയുള്ള ഒരു സ്ഥാപനം തുടങ്ങാന്‍ ഏറെക്കാലം ആലോചിച്ചു. വ്യതസ്ത മാതൃകയില്‍ ഷോപ്പ് പണിയണം എന്ന മോഹത്തില്‍ നിന്നാണ് സ്ഥാപനം ഉടലെടുക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് പെട്ടന്നു കണ്ണില്‍ പെടാനും കയറാനും കഴിയുന്നതിനാണ് ഈ പുത്തന്‍ രീതി. പൊലീസ് സ്റ്റേഷനിലും തടവറയിലും ഇരുന്നു കോഫി ആസ്വദിക്കാന്‍ കഴിയാത്ത യുവാക്കള്‍ക്ക് അതിനു അവസരം ഒരുക്കിയാണ് ഇതു യാഥാര്‍ത്ഥ്യമാക്കിയത്, ഈ ഭക്ഷണക്കുറ്റത്തിന്റെ സ്ഥാപകരിലൊരാളായ അഹമ്മദ് ഹമ്മാദ് പറയുന്നു.

ജീവനക്കാരുടെ വേഷത്തിലുമുണ്ട് ഈ പ്രത്യേകത. എല്ലാവരും ചുവപ്പ് നിറമുള്ളവസ്ത്രം ധരിച്ചാണ് ജോലിചെയ്യുന്നത്. കാരണം ഈജിപ്ഷ്യന്‍ ജയിലുകളില്‍ വധശിക്ഷ കാത്തു കഴിയുന്നവരെല്ലാം മരണദിനം വരെ അണിയുന്നത് ചുവപ്പ് നിറമുള്ള വസ്ത്രമാണ്.

കൂടാതെ ഇവര്‍ക്ക് ഹോം ഡെലിവറിയുമുണ്ട്. ഇതിനുള്ള പരസ്യവാചകം ഇതാണ് ‘ ജയിലില്‍ നിന്നും വീട്ടിലേക്കുള്ള സേവനം ലഭ്യമാണ് ‘.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News