Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:30 am

Menu

Published on August 22, 2015 at 2:35 pm

പ്രണയിക്കുന്നവർ അറിയൂ, നിങ്ങളുടെ ഈ ആഴ്ച….

star-predictionslovers-weekly-prediction-onam

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
ഈയാഴ്‌ച മേടക്കൂറുകാർക്ക് ആഴ്‌ചയുടെ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ പ്രണയകാര്യങ്ങൾ വിചാരിച്ചതു പോലെ നടന്നുകൊള്ളണമെന്നില്ല. മനസ്സിനു സ്വസ്‌ഥത കുറയുകയും ചെയ്യും. ഈ ദിവസങ്ങളിൽ അഷ്‌ടമരാശിക്കൂറു വരുന്നതിനാൽ ആണിത്. ആഴ്‌ചയിലെ മറ്റു ദിവസങ്ങളിൽ പ്രതീക്ഷയെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. അഷ്‌ടമശ്ശനി തുടരുന്നതിനാൽ പ്രണയപങ്കാളിയുമായി കൊച്ചുവർത്തമാനം പറയുന്നതിൽ അബദ്ധം പറ്റാൻ സാധ്യതയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഈയാഴ്‌ച ഇടവക്കൂറുകാർക്കു കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണു പ്രണയകാര്യങ്ങളിൽ അനുഭവപ്പെടുക. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും ഉണ്ടാകും. പ്രണയബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഉടക്കിനിന്നിരുന്ന സുഹൃത്തുക്കൾ അനുകൂലഭാവത്തിലേക്കു വരും. കണ്ടകശ്ശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. പനി കാരണം ചില ദിവസം പ്രണയപങ്കാളിയെ കാണാൻ പറ്റാതെ വരാനും സാധ്യതയുണ്ട്.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച മിഥുനക്കൂറുകാർക്ക് വ്യാഴവും ശനിയും അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ പ്രണയകാര്യങ്ങളിൽ തികച്ചും നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. ഈ കൂറുകാരിൽ ചിലർക്കു പ്രണയപങ്കാളിയോടൊത്തു യാത്ര സാധ്യമാകും. ആഴ്‌ചയുടെ മധ്യത്തിനു ശേഷമാണു കാര്യങ്ങൾ കൂടുതൽ അനുകൂലമാകുക. പുതിയ സൗഹൃദബന്ധം ആരംഭിക്കാൻ കഴിയുകയും ചെയ്യും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ഈ കൂറുകാരിൽ ചിലർക്കു പ്രണയം വിവാഹത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളിലേക്കു കടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീർക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്ക് കണ്ടകശ്ശനിയും ജന്മവ്യാഴവും തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ വിചാരിക്കാത്ത ചില തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും. സുഹൃത്തുക്കളിൽ ചിലരുടെ പ്രേരണ മൂലം പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി സംശയവും തെറ്റിദ്ധാരണയും തോന്നാനും സാധ്യതയുണ്ട്. എങ്കിലും പ്രണയബന്ധം പ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ആത്മാർഥമായ സമീപനം തുടരുക.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
വ്യാഴം പന്ത്രണ്ടാം ഭാവത്തിലായതു കൊണ്ട് ഈയാഴ്‌ച കന്നിക്കൂറുകാർക്കു ചില ദിവസങ്ങളിൽ മനസ്സിനു സ്വസ്‌ഥത കുറയും. എങ്കിലും ജോലി കാര്യങ്ങളിൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പ്രണയപങ്കാളിയുമായി ഉള്ളു തുറന്നു സംസാരിക്കാൻ അവസരം ലഭിക്കും. പ്രണയപങ്കാളിയുടെ സംശയങ്ങൾ മാറ്റിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും.

തുലാക്കൂറ്(ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറുകാർക്ക് ഏഴരശ്ശനി ഉള്ളതിനാൽ പ്രണയകാര്യങ്ങളിലെല്ലാം ചെറിയ തോതിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. പ്രണയപങ്കാളിക്കു തന്നിൽ താത്‌പര്യം കുറയുന്നുണ്ടോ എന്നു ചില സമയങ്ങളിൽ തോന്നിപ്പോകും. എങ്കിലും വലിയ പ്രതിസന്ധികൾ ഉണ്ടാക്കില്ല. ചന്ദ്രൻ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

വൃശ്‌ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്‌ചികക്കൂറുകാർക്കു കണ്ടകശ്ശനിയും പത്താം വ്യാഴവും തുടരുന്നതിനാൽ ചില ദിവസങ്ങളിൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സം അനുഭവപ്പെടുന്നതു പോലെ തോന്നും. എങ്കിലും അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താലൽ വലിയ പ്രതിസന്ധിയിലൊന്നും പെടില്ല. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും. പ്രണയപങ്കാളിയുമായി കൂടുതൽ സമയം സംസാരിക്കാൻ അവസരം ലഭിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ ആഴ്‌ചയിൽ പ്രതീക്ഷിക്കാവുന്നത്. ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും വീണ്ടെടുക്കാൻ കഴിയും. ആഴ്‌ചയുടെ ആദ്യത്തെ രണ്ടു ദിവസം ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ഈ ദിവസങ്ങളിൽ ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരികയും ചെയ്യും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ആഴ്‌ചയാണിത്. ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനസ്സിനു സ്വസ്‌ഥത കുറയും. നിസ്സാരകാര്യത്തെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടാകാനിടയുണ്ട്. എങ്കിലും നല്ല വാക്കുകളിലൂടെ പ്രണയപങ്കാളിയുടെ മനസ്സു തിരിച്ചു പിടിക്കാൻ കഴിയും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ മിക്കതും നടക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച കുംഭക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ വിചാരിക്കാത്ത ചില പാരകൾ വരാൻ സാധ്യതയുണ്ട്. ഒന്നു കരുതിയിലുന്നാൽ മതി. ദൈവാനുഗ്രഹം ഉള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പ്രണയബന്ധം നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ഉണ്ടാകുകയും ചെയ്യും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃ‘ട്ടാതിയും രേവതിയും):
മീനക്കൂറുകാർക്ക് ഈയാഴ്‌ച ശനി അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാം. ഈ കൂറുകാരിൽ ചിലർക്കു പ്രണയപങ്കാളിയോടൊപ്പം യാത്ര സാധ്യമാകും. സുഹൃത്തുക്കളിൽ ചിലർ അസൂയാലുക്കളായി മാറുന്നതു കാണാം. മനസ്സിന്റെ നിയന്ത്രണത്തിലൂടെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News