Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ ടെക്ക് ലോകം. ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍. ഏറ്റവും പുതിയ ഗാഡ്ജറ്റ് തന്നെ ഉപയോഗിക്കുക എന്നത് അഭിമാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു പലര്‍ക്കും. ഇതിനോടൊപ്പം തന്നെ വളരുകയാണ് ഇന്റര്‍നെറ്റ് ഉപയോഗവും.
വമ്പന്‍ ഓഫറുകളുമായി ജിയോ എത്തിയതോടെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ വലിയ വിപ്ലവം തന്നെയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും പലരും സൗകര്യത്തിനായി പബ്ലിക് വൈഫൈ ഉപയോഗിക്കുന്നുണ്ട്. ബിച്ച്, ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, മാളുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഇന്ന് പബ്ലിക് വൈഫൈ ലഭ്യമാണ്.
പലരും കണ്ണുമടച്ച് ഇത് കണക്ട് ചെയ്ത് ഉപയോഗിക്കുകയും ചെയ്യും. ഇത്തരത്തില്‍ പബ്ലിക് വൈഫൈ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇനിയൊന്ന് ശ്രദ്ധിച്ചോളൂ. കാരണം നിങ്ങള്‍ നിരീക്ഷണത്തിലാണ്.
നമ്മളില്‍ ഭൂരിഭാഗം പേരും ഇന്റര്‍നെറ്റിന് അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. പലപ്പോഴും മൊബൈല്‍ ഡാറ്റയുടെ സ്പീഡിന് നമ്മളെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ വരുന്നുണ്ട്. അതുകൊണ്ടു തന്നെ വൈഫൈയെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും.
എന്നാല്‍, പബ്ലിക് വൈഫൈയും ഓപ്പണ്‍ വൈഫൈയും അടിച്ചുമാറ്റുന്നവര്‍ ശ്രദ്ധിക്കുക നിങ്ങളുടെ രഹസ്യങ്ങളെല്ലാം വേറൊരാള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
പബ്ലിക് വൈഫൈ ഉപയോഗിക്കുന്ന 96 ശതമാനം പേരും അപകടത്തിലാണെന്നാണ് നോര്‍ടോണ്‍ വൈഫൈ റിസ്‌ക് റിപ്പോര്‍ട്ട്-2017 പറയുന്നത്. പബ്ലിക് വൈഫൈ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ധരണയും യാഥാര്‍ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സിമാന്‍ടെക് കണ്‍ട്രി മാനേജര്‍ ഋതേഷ് ചോപ്രാ പറയുന്നു.
ഇന്‍ര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിലെ ചതിക്കുഴിയെയും അപകടങ്ങളെയും കുറിച്ച് നാം തീരെ ചിന്തിക്കാറില്ല.
നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കുന്നത് എത്രയൊക്കെ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അതെല്ലാം സൈബര്‍ ക്രിമിനലുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമാണെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് പാസ്വേര്‍ഡ് നല്‍കാത്ത പബ്ലിക് വൈഫൈയില്‍ ഒളിഞ്ഞിരിക്കുന്ന കെണി നാം തിരിച്ചറിയേണ്ടത്.
പബ്ലിക് വൈഫൈയില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും മൂന്നാമതൊരാള്‍ക്ക് അനായാസം കണ്ടെത്താന്‍ സാധിക്കും. വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതും, വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതും, ഇ-മെയില്‍ പരിശോധിക്കുന്നതുമെല്ലാം വഴി നമ്മുടെ സ്വകാര്യത മൂന്നാമതൊരാള്‍ക്ക് കാഴ്ചവെക്കുകയാണ്.
ഇന്ത്യയിലെ 73 ശതമാനം ആളുകളും ഉയര്‍ന്ന സിഗ്‌നലുള്ള വൈഫൈ ലഭിച്ചാല്‍ ഉപയോഗിക്കുന്നവരാണ്. 35 ശതമാനം ആളുകളാണ് വീഡിയോ കാണാന്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത്. 19 ശതമാനം ആളുകള്‍ സ്വന്തം ഇ-മെയില്‍ ഉപയോഗിക്കാന്‍ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ വളരെ ഉയര്‍ന്ന അപകട സാധ്യതയാണ് ഒളിഞ്ഞിരിക്കുന്നത്.
ഇതിനു പുറമെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനും ചിത്രങ്ങളും മറ്റും കൈമാറ്റം ചെയ്യാനും ചാറ്റിങ്ങിനും എല്ലാം നാം പബ്ലിക് വൈഫൈ എന്ന ചതികുഴി ഉപയോഗിക്കുന്നുണ്ട്.
15 രാജ്യങ്ങളിലെ 15,000 പേരില്‍ നടത്തിയ പഠനത്തില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ വൈഫൈ അടിച്ചുമാറ്റുന്നവരില്‍ 48 ശതമാനവും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply