Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 1:22 am

Menu

Published on April 24, 2013 at 9:17 am

തോട്ടറ പുഞ്ചയ്ക്ക് പുതുജീവന്‍

thottara-paddy-field

മുളന്തുരുത്തി: വര്‍ഷങ്ങളായി കൃഷി നിലച്ച തോട്ടറ പുഞ്ചക്ക് പുതുജീവനേകി വിദ്യാര്‍ഥികള്‍. ‘തെയ് തക’ പാടിയും ചുവടുവച്ചും നെല്‍കൃഷി വിളവെടുത്ത് ജില്ലയുടെ നെല്ലറയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പൊന്നുവിളയിച്ചു. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെയും തേവര എസ് എച്ച് കോളേജിലെയും നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് വിളവെടുപ്പ് നടത്തിയത്.

പ്രദേശത്തെ ചില പ്രായം ചെന്ന കര്‍ഷകര്‍ കുട്ടികളെ സഹായിക്കാനെത്തി. അവരുടെ പാട്ട് വിദ്യാര്‍ഥികള്‍ ഏറ്റു പാടി. ബെല്‍ജിയത്തില്‍ നിന്ന് ഇന്റേണ്‍ഷിപ്പിനായി രാജഗിരി കോളേജില്‍ എത്തിയ വെര്‍ജിനിക്ക് വിളവെടുപ്പുത്സവം പുതിയ അനുഭവമായി. കൊയ്ത്ത്പാട്ട് മനസ്സിലായില്ലെങ്കിലും വെര്‍ജിനി വിളവെടുപ്പിലെ താരമായി.

വിദ്യാര്‍ഥികളില്‍ കൃഷിയോട് താത്പര്യം വളര്‍ത്താനും രാസപഥാര്‍ത്ഥങ്ങള്‍ അടങ്ങാത്ത കാര്‍ഷികോത്പന്നങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടാണ് പൂര്‍ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതെന്ന് നേതൃത്വം നല്‍കുന്ന എസ്.എച്ച്. കോളേജ് പ്രിന്‍സിപ്പല്‍ ഫാ: പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ പറഞ്ഞു.

കുട്ടികള്‍ പല സംഘങ്ങളായി തിരിഞ്ഞ് വിത്ത് വിതയ്ക്കുകയും ഇടയ്ക്ക് കൃഷിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യും. അയ്യാറഞ്ച് വിഭാഗത്തിലെ വിത്താണ് ഉപയോഗിച്ചത്. വെള്ളത്തിന്റെ കൃത്യതയില്ലായ്മയും കീടങ്ങളുടെ ആക്രമണവും പ്രതിസന്ധിയിലാക്കുന്നുവെന്ന് രാജഗിരി കോളേജ് അധ്യാപകന്‍ ഫാ: എം. ഡി. സാജു പറഞ്ഞു.

കീടങ്ങളുടെ ആക്രമണം രൂക്ഷമാകുമ്പോള്‍ ചീഞ്ഞ മത്സ്യങ്ങളും വേപ്പിലകഷായവും ഉപയോഗിച്ചുള്ള മരുന്നുകള്‍ ഉപയോഗിക്കും. കതിരിടുന്ന സമയത്ത് മുകളില്‍ നാളികേരത്തിന്റെ വെള്ളം തളിച്ച് ഒരേ സമയത്താക്കുന്ന കൃഷി രീതിയും ഉണ്ട്.

കഴിഞ്ഞ വര്‍ഷമാണ് തോട്ടറ പുഞ്ചയുടെ ഭാഗമായ മൂലേപ്പാടത്ത് പാട്ടത്തിനെടുത്ത അഞ്ചര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചത്. ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ച് മൂന്ന് ടണ്‍ നെല്ല് ഉത്പാദിപ്പിക്കാന്‍ സാധിച്ചു. അതില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് കോളേജുകള്‍ കൃഷി സ്ഥലം പലരില്‍ നിന്നും സ്വന്തമായി വാങ്ങുകയായിരുന്നു.

ഉത്പാദിപ്പിക്കപ്പെടുന്ന നെല്ല് അരിയാക്കി ഒരുഭാഗം കോളേജ് ആവശ്യത്തിനും ബാക്കി ആവശ്യക്കാര്‍ക്ക് കുറഞ്ഞവിലയില്‍ വില്ക്കുകയും ചെയ്യുന്നു. ജൈവരീതിയില്‍ ഉത്പാദിപ്പിച്ചിരിക്കുന്നതിനാല്‍ അരിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.

നെല്‍കൃഷിക്ക് പുറമെ മറ്റുകൃഷിക്കും കുട്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. അധ്യാപകരായ ഫാ: ജെയിംസ്, അനില്‍, തോമസ്, ശ്രീജിത്ത് എന്നിവരും കുട്ടികള്‍ക്കൊപ്പം കൃഷിക്കായുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News