Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:56 pm

Menu

Published on February 17, 2017 at 2:32 pm

പാരസെറ്റാമോള്‍ 500ല്‍ വൈറസോ? സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ വസ്തുത ഇതാ

truth-behind-virus-in-paracetamol

കഴിഞ്ഞ ദിവസങ്ങളില്‍ വാട്ട്‌സ്ആപ്പിലും മറ്റും ഏറെ ഷെയര്‍ ചെയ്ത് കാണപ്പെട്ട ഒന്നായിരുന്നു പാരസെറ്റാമോള്‍ 500 എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ഗുളികയില്‍ മാരക വൈറസുണ്ടെന്ന കാര്യം. കേട്ടപാതി കേള്‍ക്കാത്ത ആതി ആളുകള്‍ ഇക്കാര്യം ഷെയര്‍ ചെയ്യാന്‍ തുടങ്ങി.

ഫേസ്ബുക്കിലടക്കം ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഇതിന്റെ വസ്തുത അന്വേഷിക്കാതെ പലരും വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

truth-behind-virus-in-paracetamol1

എന്നാലിപ്പോള്‍ ഈ പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി ഒരു മലയാളി ഡോക്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോട്ടയം സ്വദേശി ഡോ. നെല്‍സണ്‍ ജോസഫ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇംഗ്ലീഷിലെ ഹോക്സ് സന്ദേശങ്ങള്‍ മലയാളത്തിലാക്കി ഫോര്‍വേര്‍ഡ് ചെയ്തതാണ് വാര്‍ത്തയെന്ന് അദ്ദേഹം പറയുന്നു.

ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

‘ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു? ഭീകരനാണിവന്‍ കൊടും ഭീകരന്‍. ആധുനിക വൈദ്യശാസ്ത്രത്തിലെ ലോകപ്രസിദ്ധമായ മൂന്ന് അപകടങ്ങളില്‍ മെയിന്‍ അപകടം ഇവന്റെയാ , ഈ നില്‍ക്കുന്ന പാരസെറ്റമോളിന്റെ… ‘

ഈ ചിത്രത്തില്‍ കാണുന്ന ഫോട്ടോയും മെസ്സേജും വാട്ട്സാപ്പില്‍ ഇപ്പൊ ‘ വൈറലാണ് ‘. നാലു വരിയില്‍ നാല് അക്ഷരത്തെറ്റ് വരുത്തിയയാള്‍ ഗൂഗിള്‍ എന്ന ഒരു നൂതന സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാന്‍ സാദ്ധ്യത ഇല്ലാത്തതുകൊണ്ട് നോം തന്നെ ഒന്ന് പരതി.കാര്യം മനസിലായി.

പരോപകാരിയായ സാമൂഹ്യദ്രോഹികളുടെ ലേറ്റസ്റ്റ് ട്രെന്‍ഡിന്റെ ഭാഗം തന്നെ ഇതും. ഇംഗ്ലീഷിലെ ഹോക്സ് മെസേജുകള്‍ മലയാളത്തിലാക്കി ഫോര്‍വേര്‍ഡ് ചെയ്യുക. ഒറിജിനല്‍ മെസേജാണ് ചിത്രത്തില്‍ താഴെ കൊടുത്തിരിക്കുന്നത്.

‘ മാരകമായ ‘ , ‘ മരണനിരക്ക് ‘ ‘ജനങ്ങള്‍ ‘ ഒക്കെ ലത് പോലെ തന്നെ ഉണ്ട്. വൈറസിന്റെ പേരു വായിക്കാന്‍ അറിയാത്തതുകൊണ്ടായിരിക്കും അത് ഇല്ല. ‘ considered one of the most dangerous viruses in the world ‘ ട്രാന്‍സ്ലേറ്റ് ചെയ്ത് വന്നപ്പൊ (തിലകന്‍) ലോകപ്രസിദ്ധമായ അപകടമായെന്ന് മാത്രം. ഇട്ടവനെ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ നോക്കിയതുകൊണ്ടാണോ യെന്തോ അവസാനം ജീവന്‍ രക്ഷിക്കണമെന്ന് എഴുതി വച്ചിട്ടുണ്ട്.

ആദ്യം മെസ്സേജിനെക്കുറിച്ച് : ആളത്ര നിസാരക്കാരനല്ല. അല്‍പസ്വല്‍പം സേര്‍ച്ച് ചെയ്തതില്‍ നിന്ന് മനസിലായത് മലേഷ്യന്‍ ഡിപ്പ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ജനറല്‍ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ് ഇറക്കുന്നത് വരെ എത്തിച്ച മെസ്സേജാണിതെന്നാണ്. പാരസെറ്റമോള്‍ ഒരു വരണ്ട ഗുളിക (മാദ്ധ്യമം) ആണെന്നും അത് വഴി വൈറസ് പകരുമെന്ന വിവരം അടിസ്ഥാനരഹിതമാണെന്നും അതുകൊണ്ട് മരുന്ന് കഴിക്കുന്നതിന് ഭയക്കേണ്ടതില്ലെന്നും Health director-general Datuk Dr Noor Hisham Abdullah ന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഇനി മരുന്നിനെക്കുറിച്ച് : വെടക്ക് ചികില്‍സകര്‍ തൊട്ട് ആക്രമിക്കുന്ന താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ , സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണു പാരസെറ്റമോള്‍. കാന്‍സര്‍ രോഗികള്‍ക്ക് തൊട്ട് തൂക്കം കണക്കാക്കി ഡോസ് നിര്‍ണയിച്ച് കൊച്ച് കുഞ്ഞുങ്ങള്‍ക്ക് വരെ കൊടുക്കുന്ന ഒരു മരുന്ന്. അത് തന്നെയാണു മരുന്നിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന കാരണവും. സിസ്-പ്ലാറ്റിനില്‍ ഒരു വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ പാരസെറ്റമോളില്‍ വൈറസ് അടങ്ങിയിട്ടുണ്ടെന്ന് പറയുന്നതാണോ വൈറലാകുന്നത്? – ഉത്തരം സിമ്പിള്‍ ല്ലേ…

വൈറസിനെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞ് അവസാനിപ്പിക്കാം. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ വിവരങ്ങളാണിവ. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963ല്‍ കണ്ടെത്തിയ വൈറസാണ് ‘മക്യുപോ’ (ഉച്ചാരണം ശരിയെന്ന് വിശ്വസിക്കുന്നു). ബൊളീവിയന്‍ ഹെമോറാജിക് ഫീവര്‍ എന്ന പനിയാണ് ഈ വൈറസിന്റെ ജോലി. ഇത് ഒരു സൂണോസിസ് – അതായത് മൃഗങ്ങളാണ് പ്രകൃതിയിലെ ഈ വൈറസിന്റെ വാഹകര്‍ – നുമ്മടെ എലികളില്‍ നിന്ന് പകരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ പേടിക്കണ്ട. ഇത് അങ്ങ് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ സായിപ്പ് എലികളിലാണു കണ്ടിട്ടുള്ളത്.

1959-65 കാലത്ത് ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് രോഗമുണ്ടായി. 150 ഓളം ആളുകള്‍ മരണമടഞ്ഞു. പിന്നെ ഉണ്ടാകുന്നത് 1990കളിലാണ്. അന്ന് 7 മരണം. അവസാനം റിപ്പോര്‍ട്ട് ചെയ്തത് 2011-13 കാലത്തും. അന്ന് മുന്നൂറോളം പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും മരണം 20നോടടുത്ത് മാത്രമാണുണ്ടായത്.

ഇപ്പൊ സംഗതിയുടെ കിടപ്പ് മനസിലായിക്കാണുമല്ലോ? ബൊളീവിയയുടെ ഏതോ കോണില്‍ കിടക്കുന്ന, അമേരിക്കക്കാര്‍ പോലും പേടിക്കാത്ത സണ്ണിക്കുട്ടനെയാണ് ഇവിടെ വാട്സാപ്പിലിട്ട് പാരസെറ്റമോളെന്ന് കേള്‍ക്കുമ്പൊഴൊക്കെ എസ്ര കണ്ട രാജുവേട്ടനെപ്പോലെ ഞെട്ടിക്കൊണ്ടിരിക്കുന്നത്.

പാരസെറ്റമോളിന്റെ നിരോധിക്കപ്പെട്ടു എന്ന് ഗവണ്മെന്റ് വെബ് സൈറ്റുകളിലോ ഔദ്യോഗിക പത്രക്കുറിപ്പിലോ പ്രസിദ്ധീകരിക്കാത്ത ബ്രാന്‍ഡുകളൊക്കെ സുരക്ഷിതമാണ് എന്ന് കരുതി വിശക്കുമ്പൊ ഒക്കെ ഓരോ പിടി വാരി കഴിച്ചേച്ച് വരരുതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നു..

ഇനിയെങ്കിലും മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നതിനു മുന്‍പ് അക്ഷരത്തെറ്റ് എങ്കിലും ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ട് ഫോര്‍വേര്‍ഡ് ചെയ്യണം എന്ന് ചെറിയ ഒരു റിക്വസ്റ്റുണ്ട്. അയച്ചവനു വിവരമില്ലെങ്കിലും നിങ്ങള്‍ക്ക് വിവരമുണ്ടെന്ന് കിട്ടുന്നവരൊന്ന് തെറ്റിദ്ധരിച്ചോട്ടെ.

Loading...

Leave a Reply

Your email address will not be published.

More News