Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:16 pm

Menu

Published on May 15, 2017 at 11:13 am

റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്ന് എങ്ങിനെ നിങ്ങളുടെ സിസ്റ്റത്തെ രക്ഷിക്കാം

what-is-ransomware-protection

കഴിഞ്ഞ ദിവസങ്ങളിലായി ലോകത്തെ കമ്പ്യൂട്ടര്‍ ശൃംഖലയാകെ ഒരു സൈബര്‍ ആക്രമണത്തിന്റെ പിടിയിലാണ്. റാന്‍സംവെയര്‍ എന്നറിയപ്പെടുന്ന ഈ മാല്‍വെയറിന്റെ ആക്രണത്തിന് ആരൊക്കെ ഇരയായിട്ടുണ്ടെന്ന കണക്കുകള്‍ ഇനിയും പുറത്തുവരാനുണ്ട്.

വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പ് ഇന്നലെ മുതല്‍ കംപ്യൂട്ടറുകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ലോകമാകെ പടരുന്ന റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിനു പിന്നിലാരെന്ന് ഇനിയും കണ്ടെത്താനായില്ല. മോചനദ്രവ്യം സ്വീകരിക്കുന്ന വാലറ്റുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

വാനാക്രൈ എന്നു പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ ആദ്യരൂപത്തിലുള്ള കില്ലര്‍ സ്വിച്ച് കണ്ടെത്തിയതോടെ വ്യാപനം തടയാനായിരുന്നു. ഒരു പ്രത്യേക വെബ് വിലാസം റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചാലുടന്‍ വ്യാപനം നിലയ്ക്കുന്ന തരത്തിലായിരുന്നു വാനാക്രൈ.

എന്നാല്‍ രണ്ടാം പതിപ്പില്‍ ഈ സംവിധാനമില്ലാത്തിനാല്‍ കൂടുതല്‍ അപകടം വിതയ്ക്കുമെന്നാണ് വിലയിരുത്തല്‍. ലിനക്‌സ് ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ വിന്‍ഡോസ് ഉപയോഗിക്കുന്ന വൈന്‍ എന്ന പ്ലാറ്റ്‌ഫോമിലൂടെ വാനാക്രൈ ലിനക്‌സ് സിസ്റ്റങ്ങളെയും ബാധിച്ചതായും സൂചനയുണ്ട്.

വന്‍ സൈബര്‍ സുരക്ഷയുള്ള നൂറോളം രാജ്യങ്ങളിലെ കോടിക്കണക്കിന് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ ലോകം ശരിക്കും ഞെട്ടി. നിമിഷ നേരത്തിനുള്ളില്‍ ലോകത്തെ ഒട്ടുമിക്ക പ്രധാന കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളും സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ പ്രതിരോധിക്കാനുളള നെട്ടോട്ടത്തിലായിരുന്നു ടെക്കികളും ഹാക്കര്‍മാരും. എന്നാല്‍ എവിടെ നിന്നാണ് ആക്രമണം വരുന്നതെന്ന് മാത്രം ആര്‍ക്കും കണ്ടെത്താനായിരുന്നില്ല.

ഒടുവില്‍ ബ്രിട്ടനില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനാണ് ലോകത്തെ ഒന്നടങ്കം വിറപ്പിച്ച സൈബര്‍ ആക്രമണത്തിനു തടയിട്ടത്. പേരുവെളിപ്പെടുത്താത്ത യുവാവ് തന്ത്രപരമായ നീക്കത്തിലൂടെയാണ് വൈറസിന്റെ ഉറവിടം കണ്ടെത്തി പിടിച്ചുകെട്ടിയത്. അനോണിമസ് മാള്‍വെയര്‍ റിസര്‍ച്ചറാണ് നൂറോളം രാജ്യങ്ങളെ സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.

മാള്‍വെയര്‍ടെക് എന്നറിയപ്പെടുന്ന ഇരുപത്തിരണ്ടുകാരനാണ് വൈറസിന്റെ ഉറവിടം കണ്ടെത്തിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് സബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ബ്ലോഗ് വഴി മാള്‍വെയര്‍ ടെക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് വൈറസ് കണ്ടെത്തി തടഞ്ഞതെന്നത് ബ്ലോഗ് റിപ്പോര്‍ട്ടിലുണ്ട്.

റാന്‍സംവെയര്‍ എന്ന വൈറസ് വിന്‍ഡോസ് കംപ്യൂട്ടറുകളെയാണ് പ്രധാനമായും ആക്രമിച്ചത്. അമേരിക്കയുടെ എന്‍.എസ്.എ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച ടൂളുകളുടെ സഹായത്തോടെയാണ് വൈറസ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ഏപ്രിലിലാണ് എന്‍.എസ്.എയുടെ ഫയലുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്.

അണ്‍രജിസ്റ്റേര്‍ഡ് ഡൊമെയിന്‍ വഴിയാണ് റാന്‍സംവെയര്‍ വൈറസ് പ്രചരിച്ചിരുന്നത്. ഈ ഡൊമെയിന്‍ 10.69 ഡോളര്‍ (ഏകദേശം 686 രൂപ) നല്‍കി വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഈ ഡൊമെയിന്‍ സിങ്ക്‌ഹോളിലേക്ക് (സര്‍വര്‍) പോയിന്റ് ചെയ്തു. ഇതോടെ വൈറസിന്റെ ആക്രമണം നിലച്ചു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഏറ്റവും പുതിയ വിന്‍ഡോസ് പതിപ്പുകള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെ ഈ വൈറസ് ആക്രമിക്കില്ലെന്നും മാള്‍വെയര്‍ടെക് വ്യക്തമാക്കി.

റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാന്‍ ചില വഴികളും മുന്‍കരുതലുകളും ടെക് ലോകത്തെ വിദഗ്ധര്‍ നല്‍കുന്നുണ്ട്.

വിന്‍ഡോസ് ഉപയോക്താക്കള്‍ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. വിന്‍ഡോസ് 10 പതിപ്പിനു മുന്‍പുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാന്‍സംവെയര്‍ ആക്രമണം നടത്തുന്നതെന്നുകൊണ്ടാണിത്.

മാര്‍ച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ചു അപ്‌ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കള്‍ പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതാണ് പ്രശ്‌നമായത്. വിന്‍ഡോസ് എക്‌സ്പി വേര്‍ഷന്റെ സുരക്ഷാപിന്തുണ ഒരു വര്‍ഷം മുന്‍പ് പൂര്‍ണമായി പിന്‍വലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ വേര്‍ഷനുകള്‍ക്കുമായി കഴിഞ്ഞ ദിവസം അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇവ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം.

യുഎസ് രഹസ്യാന്വേഷണവിഭാഗമായ എന്‍.എസ്.എയുമായി ബന്ധമുള്ള സൈബര്‍ വിദഗ്ധര്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ കണ്ടെത്തിയ സുരക്ഷാപ്പിഴവ് ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഹാക്കര്‍ സംഘം പുറത്തുകൊണ്ടുവന്നിരുന്നു. ഈ പിഴവിനെ ചൂഷണം ചെയ്യുന്ന തരത്തിലാണു ‘വാണാക്രൈ’ റാന്‍സംവെയര്‍ വികസിപ്പിച്ചത്.

1. അറ്റാച്ച്‌മെന്റ് രൂപത്തില്‍ റാന്‍സംവെയര്‍ പ്രോഗ്രാം കോടിക്കണക്കിന് ഇമെയിലുകളിലേക്ക് അയയ്ക്കുന്നു.

2. ഈ അറ്റാച്ച്‌മെന്റ് തുറക്കുന്നതോടെ ഉപയോക്താവ് അറിയാതെ പ്രോഗ്രാം കംപ്യൂട്ടറിനുള്ളില്‍ കടന്നുകൂടുന്നു.

3. റാന്‍സംവെയര്‍ കംപ്യൂട്ടറില്‍ കടന്നുകൂടുന്നതോടെ ഉപയോക്താവിനു നിയന്ത്രണം നഷ്ടമാകുന്നു. കംപ്യൂട്ടറിലെ ഫയലുകള്‍ തുറക്കാന്‍ പറ്റാതെ വരുന്നു.

4. തുടര്‍ന്നു രഹസ്യ നാണയങ്ങള്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ രൂപത്തില്‍ പ്രതിഫലം നല്‍കാന്‍ ആവശ്യപ്പെട്ടു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു.

5. പണം നല്‍കിയാല്‍ ഫയല്‍ തുറക്കാനുള്ള രഹസ്യകീ തരാമെന്നാണു വാഗ്ദാനം.

6. മൂന്നു ദിവസത്തിനുള്ളില്‍ 300 ഡോളര്‍ നല്‍കണമെന്നാണ് ആവശ്യം.

7. വൈകിയാല്‍ തുക ഇരട്ടിയാകും. ഏഴു ദിവസം കഴിഞ്ഞാല്‍ ഫയലുകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടും.

പരിചയമില്ലാത്ത ഐഡികളില്‍ നിന്നു വരുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റ് തുറക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇമേജ്/ വിഡിയോ ഫോര്‍മാറ്റുകളായി പോലും വൈറസ് എത്താം. പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയുടെ ഉപയോഗത്തിലും ശ്രദ്ധവേണം.

ടൊറന്റ് വഴി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസറുകള്‍, ആന്റിവൈറസ്/ ഫയര്‍വോള്‍ പ്രോഗ്രാമുകള്‍ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.

റാന്‍സംവെയര്‍ വഴി ഫയലുകള്‍ എന്നന്നേക്കുമായി നഷ്ടപ്പെടാതിരിക്കാനായി അത്യാവശ്യമുള്ളവ ബാക്കപ്പ് ചെയ്തു ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൗഡ് സംവിധാനങ്ങളില്‍ സൂക്ഷിക്കുക.

Loading...

Leave a Reply

Your email address will not be published.

More News