Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെപ്തംബര്‍ 21, ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. ഓര്‍മ്മകളുടെ കെട്ടുപാടുകള്‍ വിട്ടുപോയവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്റെയും ആവശ്യകത ഓര്‍മെപ്പെടുത്തിയാണ് ഒരു അല്‍ഷിമേഴ്സ് ദിനം കൂടി കടന്ന് പോകുന്നത്.
സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് മാസമായിട്ടും ലോകമെങ്ങും ആചരിക്കുന്നു. അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷനലിന്റെ (എ.ഡി.ഐ) കണക്കു പ്രകാരം 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയില്‍ 135 മില്യണ്‍ ആള്‍ക്കാര്‍ മറവി രോഗത്തിന്റെ പിടിയിലകപ്പെടുമെന്നാണ് പറയപ്പെടുന്നത്.
തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മ്മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും എന്തിന് ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും.
ലോകരാജ്യങ്ങളിലെല്ലാം മറവി രോഗം ഇന്നൊരു ഭീഷണിയാണ്. പ്രായമായവരില്‍ കാണപ്പെടുന്ന അസുഖം ഇന്നു യുവാക്കളിലേക്കും കണ്ടു വരുന്നു. 35 വയസ് ശരാശരിയുള്ളവര്‍ക്കു പോലും രോഗം കണ്ടെത്തുന്ന അവസ്ഥയുണ്ട്. ഇത് മറവി രോഗം മനസിലാക്കിയെടുക്കാന്‍ സാധിക്കാത്തതും തിരിച്ചടിയാകുന്നു.
ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രം ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റേയും നൊമ്പരമായിരുന്നു. ഇതുപോലെ സ്മൃതിനാശം സംഭവിച്ച രണ്ട് ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. ലോകത്താകമാനം 44 കോടിയോളവും. ഓരോ നാലു സെക്കന്‍ഡിലും ഒരാള്‍ മറവി രോഗത്തിന് അടിമപ്പെടുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് കണക്ക്.
വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍ഷിമേഴ്സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്.
ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തി മറവി രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. തലച്ചോറിന്റെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണരീതികള്‍ സ്വീകരിക്കുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക, ദിവസം ഒരു മണിക്കൂറെങ്കിലും തലച്ചോറിനു കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, തലച്ചോറിനു ക്ഷതമേല്‍ക്കുന്ന അപകടങ്ങളില്‍ നിന്ന് മുന്‍കരുതലുകളെടുക്കുക, ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുക, മാനസിക പിരിമുറുക്കം ഉണ്ടെങ്കില്‍ യോഗ, ധ്യാനം എന്നിവ ശീലമാക്കുക, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുക എന്നിവയെല്ലാ ഇതില്‍ ചിലതാണ്.
Leave a Reply