Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:36 pm

Menu

Published on September 13, 2017 at 12:30 pm

മൊബൈൽ ഫോൺ ഉപയോഗം: ആവശ്യത്തിൽ നിന്നും ആഡംബരത്തിലേക്ക് മാറുമ്പോൾ..

mobile-phone-usage-needs-and-luxury

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരുപക്ഷെ നമ്മൾ പേന എടുക്കാൻ മറന്നു പോയേക്കാം, ചിലപ്പോൾ നമ്മുടെ പേഴ്‌സ് ആയിരിക്കാം മറന്നു പോകുന്നത്, ചിലപ്പോൾ വണ്ടിയുടെ കീ വരെ മറന്നുപോകാം. എന്നാൽ മൊബൈൽ ഫോൺ മറന്നു പോയി എന്ന് അധികമാരും എവിടെയും പറഞ്ഞു കേട്ടതായി ഓർമ്മയില്ല. കാരണം അത്രക്കും നമ്മോടു അടുത്തിരിക്കുന്നു മൊബൈൽ ഫോണുകൾ. നമ്മുടെ സന്തത സഹചാരിയായി എപ്പോഴും കൂടെയുള്ള ഒരേയൊരു കൂട്ടുകാരൻ.

വെറും ഫോൺ വിളികൾക്കും മെസ്സേജ് അയക്കലുകൾക്കും മാത്രമായി നാം കണ്ടെത്തിയ ഫോൺ വളരെ പെട്ടെന്ന് തന്നെയായിരുന്നു അതിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യം കളർ ഇല്ലാത്ത കുഞ്ഞു സ്‌ക്രീനുകളിൽ അക്ഷരങ്ങൾ മാത്രം തെളിഞ്ഞു വന്നിരുന്ന ഫോൺ ആയിരുന്നെങ്കിൽ പിന്നീട് അതിൽ നിറങ്ങൾ വന്നു. ചിത്രങ്ങളും വിഡിയോകളും എടുക്കാനുള്ള കുഞ്ഞു ക്യാമറകൾ വന്നു. ജിപിആർഎസ് സൗകര്യം വന്നതോടെ ഇന്റർനെറ്റും ഉപയോഗിക്കാമെന്നായി.

പിന്നീട് അങ്ങോട്ട് മൊബൈൽ ഫോണുകളുടെ വളർച്ച പെട്ടന്നായിരുന്നു. സ്‌ക്രീനിന്റെ വലിപ്പം ഒന്നര രണ്ടു ഇഞ്ചിൽ നിന്നും മൂന്നിലേക്കും നാലിലേക്കും അഞ്ചിലേക്കും ആറിലേക്കും വരെ എത്തി നിൽക്കുന്നു. ഉന്നത ഗുണമേന്മയുള്ള പോറൽ ഏൽക്കാത്ത മികച്ച ദൃശ്യാനുഭവം നൽകുന്ന സ്‌ക്രീനുകളിൽ ദൃശ്യങ്ങൾ കാണാവുന്ന അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങൾ എത്തി.

ഒരു മെഗാ പിക്സെലിനു താഴെയുള്ള ക്യാമറ സൗകര്യം ലഭിച്ചിരുന്ന ഫോണുകളുടെ സ്ഥാനത്ത് ഇന്ന് 21 മെഗാപിക്സൽ വരെ ലഭിക്കുന്ന ക്യാമറകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. വേഗതയാണെങ്കിൽ കംപ്യൂട്ടറിനേക്കാളും അധികം ഇപ്പോൾ ഫോണിൽ ലഭ്യം. രണ്ടും നാലും എട്ടും വരെ റാം ഉള്ള ഫോണുകൾ. ഒപ്പം 256 ജിബി വരെ മെമ്മറി ശേഷിയുള്ള ഫോണുകളും ഇന്നിറങ്ങുന്നു.

മൊബൈൽ ഫോണുകളുടെ വിശേഷങ്ങളും പ്രത്യേകതകളും ഒരിക്കലും പറഞ്ഞാൽ തീരുന്നില്ല, അല്ലെങ്കിൽ അവസാനിക്കില്ല എന്ന് പറയുന്നതാവും നല്ലത്. കാലത്തിനനുസരിച്ചു ദിനവും ഓരോരോ മാറ്റങ്ങൾക്കു മൊബൈൽ ഫോണുകൾ വിധേയമാകുന്നു. ഒപ്പം ഒന്നിനൊന്നു മികച്ച ആപ്പുകളും സർവീസുകളും വേറെയും.

നല്ലൊരു ക്യാമറ, മികച്ച ബാറ്ററി, ഡിസ്പ്ലേ, മെമ്മറി തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫോണുകൾ ഇന്ന് മാർക്കറ്റിൽ ഏതൊരാളുടെയും സാമ്പത്തിക ശേഷി അനുസരിച്ച് വാങ്ങാവുന്ന രീതിയിൽ ലഭ്യമാണ്. 5000 മുതൽ ഒരു ലക്ഷം വരെ വിലയുള്ള പല തരത്തിലുള്ള പല കമ്പനികളുടെ ഫോണുകൾ.

എന്നാൽ ഇനി പറയാൻ പോകുന്നത് നമ്മുടെ ഒരു ചീത്ത സ്വഭാവത്തെ കുറിച്ചാണ്. അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നുകൊണ്ടിരിക്കുന്ന ഒരു ദുഷ്പ്രവണത. ഇന്ന് പത്തായിരം രൂപ കൊടുത്ത് ഒരു ഫോൺ നമ്മൾ വാങ്ങിയിട്ടുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ നമ്മൾ ആലോചിക്കുന്നത് അതിലും വില കൂടിയ ഫോൺ എങ്ങനെ വാങ്ങാം എന്നതിലേക്കാണ്. കയ്യിലുള്ള ഫോൺ ഉപയോഗിക്കുന്ന സമയത്തിനേക്കാൾ അതിലും മുന്തിയ ഫോണുകളിലേക്ക് നമ്മൾ കണ്ണും നീട്ടിയിരുന്നു.

അങ്ങനെ ഫോൺ വാങ്ങി ഒന്നോ രണ്ടോ മാസമാകുമ്പോഴേക്കും ഫോൺ മാറ്റാൻ തുടങ്ങി. അടുത്ത ഫോൺ എടുക്കുന്നു. കയ്യിലുള്ള ഫോൺ കിട്ടുന്ന വിലക്ക് കൊടുക്കുന്നു. അവിടെന്നും ഇവിടെന്നുമായി കടം വാങ്ങിയോ ഒപ്പിച്ചോ ഒക്കെ കയ്യിലുള്ളതിനേക്കാളും ഇരട്ടി വിലയുള്ള ഫോൺ അങ്ങനെ നമ്മൾ സ്വന്തമാക്കുന്നു. അങ്ങനെ ആ ഫോൺ കയ്യിൽ കിട്ടിയാൽ സമാധാനമാകുമോ.. അതും ഇല്ല. ഒരു രണ്ടു മൂന്ന് മാസം ഫോട്ടോ എടുക്കലും മറ്റുള്ളവരെ കാണിക്കലുമൊക്കെയായി നീങ്ങും. അങ്ങനെ അതിലും വലിയ ഒരു ഫോൺ വേറെ ആരുടെയെങ്കിലും കയ്യിൽ കാണുന്നതോടെ വീണ്ടും ഈ കാര്യങ്ങൾ ആവർത്തിക്കുകയായി. അടുത്ത ഫോണിനുള്ള ഓട്ടം തുടങ്ങുകയായി.

ഒരു പണക്കാരനെ സംബന്ധിച്ചെടുത്തോളാ ഇത് ഒരിക്കലും ഒരു പ്രയാസമുള്ള കാര്യമാവില്ല. എന്നാൽ അത് കണ്ടു തുള്ളുന്ന സാധാരണക്കാരായ ഭൂരിപക്ഷവും സ്വന്തം നില മറന്നുപോകുന്നു. എങ്ങനെയെങ്കിലും പണം ഒപ്പിച്ചു ഒരു മൊബൈൽ വാങ്ങി അത് നാലോ അഞ്ചോ കൊല്ലം ഉപയോഗിക്കുന്ന കാലമൊക്കെ എന്നോ പോയി. ചുരുങ്ങിയത് ഒരു വർഷമോ രണ്ടു വർഷമോ തന്നെ ഒരു ഫോൺ സ്ഥിരമായി ഉപയോഗിച്ചാൽ മഹാഭാഗ്യം. അതിനും ആരും തയ്യാറല്ല.

പുതിയ ഫോൺ വാങ്ങുമ്പോൾ പഴയത് വീട്ടുകാർക്കും കുഞ്ഞു കുട്ടികൾക്കുമെല്ലാം കൊടുക്കുന്ന ചിലരുണ്ട്. പുതിയ ഫോൺ കിട്ടിയതോടെ പഴയ ഫോണിനെ അവർ പൂർണമായും വിസ്മരിക്കും. അതിൽ തന്റെ മക്കൾ എന്തൊക്കെ കാണുന്നു.. എന്തൊക്കെ ചെയ്യുന്നു എന്നൊന്നും അന്വേഷിക്കാൻ അവർക്ക് നേരമുണ്ടാവില്ല. പലപ്പോഴും അച്ഛനും മകനും ഒരേ വീട്ടിൽ ഇരുന്നു രണ്ടുമുറികളിലായി ഫോണിൽ കാണുന്നതും ചെയ്യുന്നതും എല്ലാം ഒന്നായിത്തീരുന്നു.

ഇങ്ങനെ കാര്യങ്ങൾ നീങ്ങുന്നത് കൊണ്ട് സമൂഹത്തിലും വ്യക്തിയിലുമുണ്ടാകുന്ന പ്രശ്നങ്ങളെ പോലെ അതീവ ഗൗരവമുള്ള മറ്റൊരു വിപത്തും ഇതിലേക്ക് കടന്നുവരുന്നുണ്ട്. പഴയ മൊബൈലുകൾ, പ്രത്യേകിച്ച് ഉപയോഗ ശൂന്യമായ മൊബൈൽ ഫോണുകൾ കൂടുന്നതോടെ പരിസ്ഥിതിക്കും പ്രശ്‌നമാകുന്നു. ലോകത്ത് ഇലക്ട്രോണിക് വസ്തുക്കൾ കൊണ്ടുള്ള മലിനീകരണം മറ്റെന്തിനേക്കാളും വലിയ തോതിൽ കൂടിവരുന്നതായി പുതിയ പഠനങ്ങൾ പറയുന്നുണ്ട്.

ഈ വിഷയത്തിൽ ചെയ്യാവുന്ന പോംവഴി എന്ന് പറയാൻ ഒന്നുമില്ല. അവനവനു ആവശ്യമായ ഫോണുകൾ വാങ്ങുക. ഉപയോഗിക്കുക. പണക്കാരൻ ആഴ്ചക്ക് ഫോൺ മാറ്റുന്നത് കണ്ടു സാധാരണക്കാരന് ഫോൺ വാങ്ങാൻ ബാങ്ക് ലോണിനു അപേക്ഷിക്കാതിരിക്കുക. ആരുടെയെങ്കിലും കയ്യിൽ തങ്ങളുടെ ഫോണിനേക്കാൾ നല്ല ഒരു ഫോൺ കണ്ടാൽ ഉടൻ സങ്കടപ്പെടാൻ തുടങ്ങാതെ ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രമിക്കുക. ഇന്ന് നമ്മളും ആഡംബരം ശീലമാക്കിയാൽ നാളെ അത് നമ്മുടെ കുടുംബത്തെയും ബാധിക്കുമെന്ന് മനസ്സിലാക്കുക. മറ്റെന്തിനേക്കാളും മൊബൈൽ ഫോൺ നമ്മുടെ ഉപയോഗത്തിൽ നിന്നും ആവശ്യത്തിൽ നിന്നും അതിരു വിട്ട് അത്യാഡംബരത്തിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ വിധ ഭാവുകങ്ങളും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News