Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഇന്ന് അനുദിനം വളരുന്ന ഒരു തൊഴില്‍ മേഖലയാണ് ഐ.ടി. ഇതിലേക്ക് കേരളം ചുവടുവെച്ചിട്ട് അധികകാലമൊന്നും ആയിട്ടില്ല. കേരളത്തിന്റെ ഐ.ടി തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത് ടെക്നോപാര്‍ക്കാണ്. കേരള സര്‍ക്കാരിനു കീഴില്‍ 1990 ലാണ് ടെക്നോപാര്‍ക്ക് സ്ഥാപിക്കപ്പെടുന്നത്. ഇന്ന് 350 ഐടി കമ്പനികളിലായി 50,000 ലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു. കേരളത്തിലെ ഐടി തൊഴില്‍ മേഖലയ്ക്ക് വ്യക്തമായ വഴി കാട്ടുന്നതായിരുന്നു ടെക്നോപാര്‍ക്ക്.
ഇതിനു പിന്നാലെ ഇന്‍ഫോ പാര്‍ക്കും എത്തി. കൂടാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായാല്‍ മലയാളി യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ഒരു ചുവടുവെയ്പ്പ്കൂടിയാകും ഇത്. എന്നാല്‍ ഈ മേഖലയിലേക്ക് മലബാര്‍ എത്തപ്പെടുന്നത് പിന്നെയും വൈകിയാണ്. അതും കോഴിക്കോട്ട്.

ഒരു ഐ.ടി ഡെസ്റ്റിനേഷന്‍ എന്ന നിലയിലേക്ക് കോഴിക്കോടിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും അധികം പ്രായമായിട്ടില്ല. അതും കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെയാണ് നഗരം പുതിയസാധ്യതകളിലേക്ക് അന്വേഷണം തുടങ്ങുന്നത്.
ഏറെ വൈകാതെ ഇപ്പോഴിതാ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും യു.എല്‍ സൈബര്‍ പാര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഇവിടെയാണ് കോഴിക്കോടിനെ ഐ.ടി നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (കാഫിറ്റ്) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടത്.
കോഴിക്കോട്ടെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയാണ് കാഫിറ്റ്. പാലാഴി ജങ്ഷനിലെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കാസഫിറ്റിന്റെ മിനി ഐ.ടി പാര്‍ക്കില്‍ പത്തിലേറെ കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30 കമ്പനികള്‍ക്കുകൂടി പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ഇവിടത്തെ സജ്ജീകരണം.
മലബാറിലെ ഐ.ടി മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിവരുന്ന കാഫിറ്റിന്റെ പുതിയ പ്രവര്‍ത്തനമാണ് റീബൂട്ട് 17. ഐ.ടി മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ തൊഴില്‍ നേടുവാന്‍ ഒരു സുവര്‍ണാവസരമാണ് കാഫിറ്റ്, റീബൂട്ട് 17ലൂടെ ഒരുക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഐ.ടി പ്രൊഫഷനലുകളുടെ ഈ ടെക് കോണ്‍ഫറന്‍സ് ഇത്തവണ ശ്രദ്ധേയമാകുന്നത് ഐ.ടി എക്‌സ്‌പോയും മെഗാ ജോബ് ഫെയറും കൊണ്ടാണ്.
യുവാക്കള്‍ക്കും യുവതികള്‍ക്കും ഐ.ടി മേഖലയില്‍ ഒരു തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാഫിറ്റിന്റെ റീബൂട്ട് 17 സഹായിക്കും. ജൂലൈ 29 -30 തീയതികളില്‍ കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ വച്ച് നടക്കുന്ന ജോബ് ഫെയറില്‍ 40 ഐ.ടി കമ്പനികളാണ് പങ്കെടുക്കുന്നത്. ഏകദേശം 500 ഓളം ജോലി സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്.

പല കമ്പനികളും തൊഴിലാളികളെ പിരിച്ചു വിടുന്ന സമയത്തു കാഫിറ്റ് ഒരുക്കുന്ന ഈ അവസരം അഭിനന്ദനാര്‍ഹം തന്നെയാണ്. താല്‍പ്പര്യമുള്ള ആളുകള്‍ക്ക് www.cafitreboot.com എന്ന പേജില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഐ.ടി മേഖലയില്‍ ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കോഴിക്കോടിന് അവകാശപ്പെടാനുള്ളത്. ഇതില്‍ കാഫിറ്റിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. 2,000ത്തിന്റെ തുടക്കത്തിലാണ് കോഴിക്കോട്ട് ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. നിലവില്‍ ചെറുതുംവലുതുമായി 100 ഓളം ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കമ്പനികളുണ്ട്. ഇവരില്‍ പലരും കാഫിറ്റിലെ അംഗങ്ങളാണ്.
ഇത്തരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കാഫിറ്റിന്റെ മികച്ച ചുവടുവെയ്പ്പുകളില്‍ റീബൂട്ട് 17ഉം സ്ഥാനം പിടിച്ചേക്കാം.
Leave a Reply