Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 5:52 pm

Menu

Published on May 8, 2013 at 5:32 am

വിമാനത്താവളങ്ങള്‍ വഴിയുള്ള മനുഷ്യക്കടത്ത് ഇപ്പോഴും സജീവമെന്ന് റിപ്പോര്‍ട്ട്

human-traficking-through-airports

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോഴും മനുഷ്യക്കടത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കരിപ്പൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴി നിരവധിപേര്‍ ദിവസവും വ്യാജരേഖകളുമായി വിദേശത്തേക്ക് കടക്കുന്നതായി ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.വിമാനത്താവളങ്ങള്‍ വഴി നടന്ന മനുഷ്യക്കടത്തിന്‍െറ അന്വേഷണം സി.ബി.ഐക്ക് വിടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെയാണ് മനുഷ്യക്കടത്ത് വീണ്ടും സജീവമായത്.
മനുഷ്യക്കടത്ത് അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടതും യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടന്നതും സി.ബി.ഐ അന്വേഷണം വൈകുന്നതുമാണ് മനുഷ്യക്കടത്ത് തുടരാന്‍ കാരണമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ചുമതല ഐ.ബിക്കാണെങ്കിലും സംസ്ഥാന പൊലീസിലെ ചിലരുടെ ഒത്താശയോടെ ചവിട്ടിക്കയറ്റ് വ്യാപകമായി നടക്കുന്നെന്നാണ് ഇന്‍റലിജന്‍സിന്‍െറ കണ്ടെത്തല്‍.
കൊച്ചിയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 66 ശ്രീലങ്കന്‍ വംശജരെ തിങ്കളാഴ്ച നാവികസേന പിടികൂടിയിരുന്നു. നേരത്തേ കൊച്ചി വിമാനത്താവളത്തിലൂടെ മാത്രം നൂറുകണക്കിന് ശ്രീലങ്കന്‍ വംശജര്‍ കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറിപ്പോയതായാണ് വിവരം. ഇതിന്‍െറ തുടര്‍ച്ചയായാണ് 66 പേരെ കൊച്ചിയിലെത്തിച്ചതെങ്കിലും യാത്ര ബോട്ടുവഴിയാക്കാന്‍ ഇതിന് നേതൃത്വം നല്‍കുന്നവര്‍ തീരുമാനിക്കുകയായിരുന്നെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ബോട്ടില്‍ കൊച്ചിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്താന്‍ കൊണ്ടുവന്ന നൂറോളംപേര്‍ ഇതുവരെ പൊലീസ് പിടിയിലായിട്ടുണ്ട്. ആദ്യം പിടിക്കപ്പെട്ടവര്‍ തന്നെ വീണ്ടും സംഘത്തില്‍ ഉള്‍പ്പെട്ടതായും വ്യക്തമായിട്ടുണ്ട്. രണ്ടുമുതല്‍ അഞ്ചുലക്ഷംവരെ നല്‍കിയാണ് പലരും അനധികൃതമായി വിദേശത്തേക്ക് കടന്നിട്ടുള്ളത്. ചവിട്ടിക്കയറ്റ് മാഫിയയില്‍ നിന്ന് വന്‍ തുകയാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ പലരും കൈപ്പറ്റിവന്നിരുന്നത്.
കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചെങ്കിലും ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല. ഏതാനും ട്രാവല്‍ ഏജന്‍സികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തേ പിടിയിലായ സിവില്‍ പൊലീസ് ഓഫിസര്‍ നല്‍കിയെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോയില്ലെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സിവില്‍ പൊലീസ് ഓഫിസറും സൗദിയില്‍ ഉദ്യോഗസ്ഥനായ ഒരാളും മാത്രമാണ് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്. 80 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ള സംഭവം തുടക്കത്തില്‍ തന്നെ അട്ടിമറിച്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്നും ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ അടുത്തിടെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് ജലമാര്‍ഗമുളള ചവിട്ടിക്കയറ്റ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലായവരില്‍ 26 ശ്രീലങ്കന്‍ തമിഴര്‍ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ലങ്കന്‍ നാവിക സേനയുടെ പിടിയില്‍നിന്ന് മറ്റൊരു ബോട്ടില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മനുഷ്യക്കടത്തിനെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തില്‍ ഇനിയും സര്‍ക്കാര്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News