Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:17 pm

Menu

Published on September 29, 2016 at 8:59 am

ഭാഗ്യം വന്ന ലോട്ടറിടിക്കറ്റാണോ കത്തിച്ചാരമായത്…നെഞ്ചിടിപ്പോടെ വിശാല്‍

man-gets-fired-then-wins-lottery

കായംകുളം: എട്ടുകോടി സമ്മാനമുള്ള ഓണം ബമ്പറിന് ഇനിയും അവകാശി എത്തിയിട്ടില്ലെന്ന് കേള്‍ക്കുമ്പോള്‍ ശരണ്യ ഭവനില്‍ വിശാലിന് നെഞ്ചിടിപ്പേറുകയാണ്.താനെടുത്ത ലോട്ടറിയാണോ ഒന്നാം സമ്മാനത്തിന് അര്‍ഹമായത് എന്ന സംശയത്തിലാണ് കായംകുളം കൊയ്പ്പള്ളി കാരായ്മ ശരണ്യ ഭവനില്‍ വിശാല്‍.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിശാല്‍ വാങ്ങിയത് തൃശൂരില്‍ നിന്നുതന്നെ. അതും കുതിരാനില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റയാളില്‍ നിന്ന്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടുമില്ല. ലോട്ടറി ടിക്കറ്റ് മകന്‍ കളിപ്പാട്ടമാക്കാതിരിക്കാന്‍ തൃശൂരില്‍ നിന്ന് എത്തിയ ഉടനെ പഴയ ലാവ മൊബൈല്‍ ഫോണിന്റെ കവറില്‍ ഒളിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വീടാകെ വൃത്തിയാക്കുമ്പോള്‍ വിശാല്‍ വീട്ടിലുണ്ടായിരുന്നില്ല.
പഴയ ഫോണ്‍ കവര്‍ ചവറ്റുകുട്ടയില്‍ വീണു. അത് തീയിടുകയും ചെയ്തു. അതിനുള്ളില്‍ എട്ട് കോടിയുടെ സൗഭാഗ്യം ഉണ്ടായിരുന്നോ എന്ന സംശയമാണ് വിശാലിനുള്ളത്.

കഴിഞ്ഞ ഓഗസ്റ്റ് 19 ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് സ്വന്തം കാറില്‍ തൃശൂരിലെത്തിയത്. തൃശൂര്‍ പാലക്കാട് റോഡില്‍ കുതിരാന്‍ ക്ഷേത്രത്തിന് മുന്നില്‍ പഴം വാങ്ങാന്‍ നിറുത്തിയപ്പോള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏജന്‍സിയിലെ ചില്ലറ വില്പനക്കാരനായ സന്തോഷില്‍ നിന്ന് ടിക്കറ്റ് വാങ്ങി. സീരിയല്‍ നമ്പര്‍ നോക്കിയപ്പോള്‍ ടി.സി തൃശൂരായതു കൊണ്ടാണോ ടി.സി സീരിയല്‍ നമ്പരായതെന്ന് സന്തോഷിനോട് കുശലം പറഞ്ഞു.

തൃശൂര്‍ ഭാഗത്തെ ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം കനിയുന്നതെന്ന് മറുപടി. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. പിന്നെ തെരച്ചിലായി. ഫോണ്‍ കവറില്‍ ടിക്കറ്റ് സൂക്ഷിച്ച കാര്യം അവസാനമാണ് ഓര്‍ത്തത്. അപ്പോഴേക്കും എല്ലാം ഒരുപിടി ചാരമായി മാറിക്കഴിഞ്ഞിരുന്നു. ദുബായില്‍ നിന്ന് ആറ് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്‌സാണ്. ഓണം ബമ്പറിന് ഇനിയും അവകാശി എത്തിയിട്ടില്ലന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് മാറാതെയിരിക്കുകയാണ് വിശാല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News