Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:05 pm

Menu

Published on April 25, 2013 at 4:30 am

അതിവേഗ റെയില്‍പാത: തൃപ്തികരമായ നഷ്ടപരിഹാരം നല്‍കും -മുഖ്യമന്ത്രി

merto-rail-compensation

തിരുവനന്തപുരം: അതിവേഗ റെയില്‍പാതക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൃപ്തികരമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുതാര്യമായും ജനങ്ങളുടെ ആശങ്കപരിഹരിച്ചും മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പദ്ധതി കാര്യമായി ബാധിക്കുന്നത് 6306 കുടുംബങ്ങളെയാണ്. അവര്‍ക്ക് മെച്ചപ്പെട്ട പാക്കേജ് നടപ്പാക്കും. അടയാളപ്പെടുത്തുന്ന ഭൂമിയില്‍ പാതക്കായി തൂണ് സ്ഥാപിക്കുന്ന സ്ഥലമൊഴികെ ഉടമസ്ഥര്‍ക്ക് തിരികെനല്‍കും. 110 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. 20 മീറ്റര്‍ സ്ഥലം മാത്രമാണ് പാതക്ക് വേണ്ടിവരിക. സൗകര്യപ്രദമായി അലൈന്‍മെന്‍റ് തീരുമാനിക്കാനുള്ള മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചിലയിടങ്ങളില്‍ 110 മീറ്റര്‍ വീതിയില്‍ കല്ലിട്ടത്. പദ്ധതിയുടെ വിശദാംശങ്ങള്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യോഗത്തില്‍ പങ്കെടുത്ത കക്ഷി നേതാക്കളെല്ലാം പദ്ധതിയെ സ്വാഗതംചെയ്തെങ്കിലും ജനങ്ങളുടെ ആശങ്കപരിഹരിച്ച് മാത്രമേ നടപ്പാക്കാവൂവെന്ന് ആവശ്യപ്പെട്ടു. അലൈന്‍മെന്‍റ് സംബന്ധിച്ച് വ്യക്തത വേണമെന്നും ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച കൃത്യമായ കണക്ക് ബോധ്യപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.
ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. മൊത്തം ഒരുലക്ഷം കോടി ചെലവ് വരുന്ന പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 10 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ടാകും. പദ്ധതിക്ക് സാങ്കേതിക വൈദഗ്ധ്യം നല്‍കുന്ന രാജ്യത്തുനിന്ന് 80 ശതമാനം വായ്പ ലഭ്യമാക്കുമെന്നും അവര്‍ വിശദീകരിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 526 കിലോമീറ്റര്‍ ആണ് നിര്‍ദിഷ്ട അതിവേഗ റെയില്‍പാതയുടെ നീളം. നിര്‍മാണം തുടങ്ങിയാല്‍ തിരുവനന്തപുരം- കൊച്ചി പാത അഞ്ച് വര്‍ഷവും കോഴിക്കോട് വരെ ആറുവര്‍ഷവും കാസര്‍കോട് വരെ ഏഴുവര്‍ഷവും കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. നിലവിലുള്ള റെയില്‍പാതയില്‍നിന്ന് കിഴക്ക് മാറിയാവും നിര്‍മിക്കുക. തിരുവനന്തപുരത്തിനും കൊച്ചിക്കും ഇടയില്‍ 242 ഹെക്ടറാണ് ഏറ്റെടുക്കുക. 1806 കുടുംബങ്ങളെ ഇത് ബാധിക്കും.
കൊച്ചി മുതല്‍ കാസര്‍കോട് വരെ 552 ഹെക്ടര്‍ ഏറ്റെടുക്കുമ്പോള്‍ 4500 കുടുംബങ്ങളെ ബാധിക്കും. മൊത്തം ദൂരത്തില്‍ 73 കിലോമീറ്റര്‍ പാത മാത്രമാണ് ഭൂമിയിലൂടെ പോവുക. 140 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയും 296 കിലോമീറ്റര്‍ മേല്‍പ്പാലമായുമാണ് നിര്‍മിക്കുക. നദികള്‍ക്കും മറ്റും മുകളില്‍ 17 കിലോമീറ്റര്‍ പാലം നിര്‍മിക്കേണ്ടിയും വരും. 73 കിലോമീറ്ററില്‍ മാത്രമാണ് 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്തരം സ്ഥലങ്ങളില്‍ അടിപ്പാതകളോ മേല്‍പ്പാലങ്ങളോ നിര്‍മിക്കും. 350 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാവുന്ന ട്രെയിനിന് എട്ട് കോച്ചുകളുണ്ടാവും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താന്‍ 142 മിനിറ്റ് മതിയാകും. 53 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തും. കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാവും രണ്ട് മിനിറ്റ് വീതം തീവണ്ടി നിര്‍ത്തുകയെന്നും യോഗത്തില്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, എ.കെ. ബാലന്‍, തമ്പാനൂര്‍ രവി, പ്രകാശ് ബാബു, എം.സി. മായിന്‍ ഹാജി, വി.എസ്. സുനില്‍കുമാര്‍, എ.എ. അസീസ്, സി.കെ. നാണു, ജോര്‍ജ് സെബാസ്റ്റ്യന്‍, ജി. സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News