Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്ലൂവെയില്‍ ഗെയിം ലോകമാസകലം ഭീതി പടര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഈ ആത്മഹത്യാ ഗെയിം കാരണം ഒരുപാട് ജീവിതങ്ങള്‍ പൊലിയുകയും ചെയ്തു. എന്നാല്‍ ഈ ബ്ലൂവെയിലിനു മുമ്പും ഈ രീതിയിലുള്ള പല തരം ഗെയിമുകളും കഥകളും ലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ. അത്തരത്തില്‍ ഏറ്റവും കുപ്രസിദ്ധമായ ഒന്നാണ് സ്ലെന്‍ഡര്‍മാന്‍.

ബ്ലൂവെയില്‍ പോലെ ഉപദ്രവകാരി അല്ല ഈ സ്ലെന്‍ഡര്‍മാന്‍. ബ്ലൂവെയില്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് എങ്കില്‍ സ്ലെന്‍ഡര്‍മാന്‍ ചെയ്യുന്നത് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ വിത്ത് പാകല്‍ ആണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വളരെയധികം ജനപ്രീതി നേടിയ ഒരു മിത്ത് തന്നെയാണ് സ്ലെന്‍ഡര്‍മാന്‍.
ആധുനിക കാലഘട്ടത്തിന്റെ ബൂഗിമാന്‍ എന്ന് വിശേഷിപ്പിക്കപെടുന്ന സ്ലെന്‍ഡര്‍മാന്‍ രംഗപ്രവേശം ചെയ്തിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 2009 ല്‍ Something Awful എന്ന ഒരു ഇന്റര്‍നെറ്റ് ഫോറത്തിലാണ് സ്ലെന്‍ഡര്‍മാന്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ആ ഫോറത്തിലെ Victor Surge എന്നൊരാളുടെ ഭാവനിയില്‍ വന്ന ഈ കഥാപാത്രം പിന്നീടങ്ങോട്ട് അതിന്റെ ജൈത്രയാത തുടരുന്ന കാഴ്ചയാണ് ലോകം കണ്ടത്.

പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഇഷ്ടകഥാപാത്രമായി സ്ലെന്‍ഡര്‍മാന്‍ വളര്‍ന്നു. പ്രത്യേകിച്ചു ഒരു ഉറവിടം അല്ലെങ്കില്‍ ഒരു പ്രത്യേക എഴുത്തുകാരന്‍ സ്ലെന്‍ഡര്‍മാനെ സംബന്ധിച്ചെടുത്തോളം ഉണ്ടായിരുന്നില്ല. പകരം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഇന്റര്‍നെറ്റിലൂടെ വളരുകയായിരുന്നു ഈ കഥാപാത്രം. യൂട്യൂബ് ആണ് സ്ലെന്‍ഡര്‍മാന്റെ വളര്‍ച്ച പെട്ടന്നാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത്. പല ആളുകളും അവരുടെതായ പല അനുഭവങ്ങളുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തു.
പലരും സ്ലെന്‍ഡര്‍മാന്‍ അനുഭവങ്ങള്‍ സത്യമാണ് എന്ന രീതിയില്‍ പല വാര്‍ത്തകളും അനുഭവങ്ങളും പങ്കുവെച്ചതോടെ ചിലര്‍ ഈ അനുഭവങ്ങില്‍ വിശ്വസിക്കാനും അല്‍പം ഭയത്തോടെ ഇത്തരം അനുഭവങ്ങളെ നോക്കി കാണാനും തുടങ്ങി. തുടര്‍ന്ന് വന്നത് സ്ലെന്‍ഡര്‍മാന്‍ ഗെയിമുകളാണ്. ഹോറര്‍ ഇഷ്ടമുള്ള ഏതൊരാളെയും ആകര്‍ഷിക്കുന്നതായിരുന്നു ഇവ. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ തന്നെ ഒരുപാട് സ്ലെന്‍ഡര്‍മാന്‍ ഗെയിമുകള്‍ നമുക്ക് കാണാവുന്നതാണ്.

അങ്ങനെയിരിക്കെ 2014ല്‍ ആണ് അല്‍പം ഗൗരവം നിറഞ്ഞ ഒരു കാര്യം നടന്നത്. 2014 മെയ് 31നു ആയിരുന്നു ആ സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ തന്റെ അതേ പ്രായമുള്ള മറ്റൊരു കുട്ടിയുമൊത്തു കാട്ടില്‍ പോവുകയും അവിടെ വെച്ച് അവളെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 19 തവണയാണ് 5 ഇഞ്ചു നീളമുള്ള കത്തി കൊണ്ട് കുത്തിയത്. പരിക്കേറ്റ കുട്ടിയെ വഴിയില്‍ വെച്ചു ഒരാള്‍ കണ്ടത് കൊണ്ട് തക്കസമയത്ത് കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞു.
അങ്ങനെ അത്ഭുതമെന്നോണം ആ കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു. പോലീസിന്റെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ രണ്ടു പെണ്‍കുട്ടികളെയും പിന്നീട് കണ്ടെത്തി. സ്ലെന്‍ഡര്‍മാനെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പാതകം കുട്ടികള്‍ ചെയ്തത് എന്ന് പിന്നീട് വന്ന വാര്‍ത്തകളിലൂടെ പുറംലോകം അറിഞ്ഞു. അതേ സമയം ഈ കുട്ടികളുടെ കേസ് കോടതിയില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.

ഈ വിഷയത്തെ ആസ്പദമാക്കി 2016ല്‍ HBO, Beware the Slender man എന്നൊരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തിരുന്നു. ഹൊറര്‍ എന്നതിലുപരി യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവവികാസങ്ങളുടെ നേരായ പകര്‍ത്തല്‍ ആയത് കൊണ്ടും ലോകമൊട്ടുക്കും സ്ലെന്‍ഡര്‍മാന്‍ ആരാധകര്‍ ഒരുപിടി ഉള്ളതിനാലും അതിലുപരി നല്ലൊരു അവതരണം ആയതുകൊണ്ടും ഡോക്യുമെന്ററി ഏറെ ശ്രധിക്കപ്പെടുകയുണ്ടായി.
ഈ വിഷയം താല്‍പ്പര്യം ഉള്ള ആളുകള്‍ക്ക് കണ്ടുനോക്കാവുന്നതാണ് ഈ ചിത്രം. എങ്ങനെയിരുന്നാലും സ്ലെന്‍ഡര്‍മാന്‍ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗെയിമുകളിലൂടെയും വീഡിയോകളിലൂടെയും സ്ലെന്‍ഡര്‍മാന്‍ ലോകമാസകലം പതിയെ പടര്‍ന്നു പിടിക്കുന്നു.
Leave a Reply