Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:02 pm

Menu

Published on May 9, 2013 at 5:38 am

സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ മികച്ച കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും

this-was-part-of-keralas-objective-to-improve-the-quality-of-higher-education-a-sum-of-rs-15-crore-had-been-earmarked-in-the-budget-to-improve-the-basic-physical-infrastructure-in-government

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ മികച്ച കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോളജുകളെ തെരഞ്ഞെടുക്കാന്‍ സ്വയംഭരണാംഗീകാര സമിതിക്ക് രൂപം നല്‍കും. സ്വാശ്രയ കോളജുകളെ പരിഗണിക്കില്ല. യു.ജി.സിയുടെയും എന്‍.ആര്‍. മാധവമേനോന്‍ അധ്യക്ഷനായ സമിതിയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്വയംഭരണാധികാരം നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പുതിയ നിയമം കൊണ്ടുവരും.
കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്ന നടപടി പുതിയ അക്കാദമിക വര്‍ഷംതന്നെ നടപ്പാക്കും. സ്വയംഭരണാവകാശം ലഭിക്കാന്‍ പത്ത് വ്യവസ്ഥകള്‍ മന്ത്രിസഭ അംഗീകരിച്ചു. 1. അക്കാദമികവും ഭരണപരവുമായ മികവോടെ പത്ത് വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കണം. 2. നാക്കിന്‍െറ (നാഷനല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ എന്‍.എ.എ.സി) എ ഗ്രേഡ് അക്രഡിറ്റേഷന്‍ വേണം. 3. മൂന്നിലൊന്ന് അധ്യാപകര്‍ എം.ഫില്‍/പി.എച്ച്ഡി തുടങ്ങിയ ഗവേഷണയോഗ്യതകള്‍ നേടിയവരാകണം. 4. ബിരുദബിരുദാനന്തരതലങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. 5. സര്‍വകലാശാലാ പരീക്ഷകള്‍, യുവജനോത്സവങ്ങള്‍, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ്, എക്സ്റ്റന്‍ഷന്‍കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികവ്. 6. ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഐ.സി.ടി സഹായത്തോടെയുള്ള സേവനങ്ങള്‍ തുടങ്ങി അക്കാദമികവും ഭൗതികവും സാങ്കേതികവുമായ അടിസ്ഥാനസൗകര്യങ്ങള്‍. 7. ഉന്നതനിലവാരത്തിലുള്ള ഭരണസംവിധാനം, ഭരണപരിശീലനം, സേവന സംസ്കാരം, അച്ചടക്കം, അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അധ്യാപകരുടെയും സ്റ്റാഫിന്‍െറയും വിദ്യാര്‍ഥികളുടെയും തെരഞ്ഞെടുക്കല്‍, പരാതിസംവിധാനം എന്നിവ ഉണ്ടാകണം. 8. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവകാശതുല്യത ഉറപ്പുവരുത്തി, വിവേചനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച പാരമ്പര്യം. 9. പരീക്ഷകളിലെ സത്യസന്ധത. 10. സ്വയംഭരണാവകാശം നേടാന്‍ ആഗ്രഹിക്കുന്ന കോളജുകള്‍ തങ്ങളുടെ മാനേജ്മെന്‍റ്, അധ്യാപകര്‍, ഇതര ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ഇതിനായി തയാറാക്കണം.
ഉന്നതനിലവാരം പുലര്‍ത്തുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും എന്‍ജിനീയറിങ് കോളജുകള്‍ക്കും സ്വയംഭരണം നല്‍കുമെന്ന് 2013-14ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 15 കോടി വകയിരുത്തുകയും ചെയ്തു. കോളജുകള്‍ക്ക് സ്വയംഭരണത്തിനുള്ള മാനദണ്ഡങ്ങള്‍ 2007ല്‍ യു.ജി.സി രൂപംനല്‍കിയിരുന്നു. പത്ത് ശതമാനം കോളജുകള്‍ക്ക് സ്വയംഭരണം നല്‍കാനാണ് യു.ജി.സി നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം 19 സംസ്ഥാനങ്ങളിലെ 79 സര്‍വകലാശാലകള്‍ക്ക് കീഴിലെ 420 കോളജുകള്‍ക്ക് സ്വയംഭരണം ലഭിച്ചു. എന്നാല്‍ കേരളത്തില്‍ ഒരു കോളജ് പോലും ഇതില്‍ ഉള്‍പ്പെട്ടില്ല. ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മികവ് പ്രകടിപ്പിക്കാന്‍ ഇതുമൂലം സംസ്ഥാനത്തിനാകുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയംഭരണം നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വയംഭരണം നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ബംഗളൂരുവിലെ നാഷനല്‍ ലോ സ്കൂള്‍ മേധാവിയായിരുന്ന ഡോ. എന്‍.ആര്‍. മാധവമേനോന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സ്വയംഭരണം നല്‍കാന്‍ സമിതിയുടെ റിപ്പോര്‍ട്ടിലും നിര്‍ദേശിച്ചിരുന്നു.
വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയംഭരണം നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍നിന്ന് അപേക്ഷക്ഷണിക്കും. യു.ജി.സി നിര്‍ദേശിക്കുന്ന അത്ര കോളജുകള്‍ക്ക് ഇക്കുറി സ്വയംഭരണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് നേരത്തെയും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനായി സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയിരുന്നില്ല. ഫിഷറീസ്, വെറ്ററിനറി, കൃഷി അടക്കം മറ്റ് വകുപ്പുകള്‍ക്ക് കീഴിലേതുള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനം പി.എസ്.സിക്ക് വിടാനാണ് തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News