Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:01 am

Menu

Published on May 4, 2013 at 5:32 am

ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം ഇന്ന്

today-is-death-aniiversary-of-t-p-chandrashekaran

വടകര: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ഒന്നാം രക്തസാക്ഷി ദിനം ആചരിക്കാന്‍ ഒഞ്ചിയം ഒരുങ്ങി കഴിഞ്ഞു. നാടിന്‍െറ പൊതുജീവിതത്തിന്‍െറ ഭാഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച ടി.പിയെ ഓര്‍ക്കാന്‍ നാനാതുറകളിലുള്ളവര്‍ ഒഞ്ചിയത്തിന്‍െറ മണ്ണില്‍ എത്തിച്ചേരും. ടി.പിയുടെ വീടിനോടുചേര്‍ന്നുള്ള സ്മൃതി കുടീരത്തില്‍ അദ്ദേഹത്തിന്‍െറ അര്‍ധകായപ്രതിമ സ്ഥാപിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശികളായ സതീഷ് ബാബു, ഭാര്യ ഷെറീന എന്നിവരാണ് നാലരഅടി ഉയരമുള്ള കോണ്‍ക്രീറ്റ് പ്രതിമ നിര്‍മിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മലപ്പുറത്തുനിന്ന് പ്രതിമ ടി.പിയുടെ വീട്ടിലെത്തിച്ചത്. സ്മൃതി കുടീരനിര്‍മാണത്തിന് ആര്‍ട്ടിസ്റ്റുമാരായ മുരളി ഏറാമല, മധുമടപ്പള്ളി, ആര്‍കിടെക്റ്റ് സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഒഞ്ചിയം ഏരിയയിലെ ബ്രാഞ്ചുകളില്‍ ശനിയാഴ്ച പുലര്‍ച്ചെ പ്രഭാതഭേരി നടത്തും. തുടര്‍ന്ന് രാവിലെ എട്ടിന്, ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ച വള്ളിക്കാട് ടൗണിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ദീപശിഖ ആര്‍.എം.പി നേതാവ് എം.ആര്‍. കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ബാന്‍ഡ് വാദ്യങ്ങളുടെയും അത്ലറ്റുകളുടെയും ഗായക സംഘത്തിന്‍െറയും അകമ്പടിയോടെ നെല്ലാച്ചേരിയിലെ ടി.പിയുടെ വീടിനോടുചേര്‍ന്നുള്ള സ്മൃതി കുടീരത്തില്‍ എത്തിച്ചേരും. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സ്മൃതി കുടീരത്തില്‍ ദീപശിഖ തെളിയിക്കും. വൈകീട്ട് നാലിന് വെള്ളികുളങ്ങര ടൗണില്‍ നിന്ന് റെഡ്വളന്‍റിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിക്കും. പ്രകടനം ഓര്‍ക്കാട്ടേരി ചന്ത മൈതാനിയിലെ പൊതുസമ്മേളനനഗരിയില്‍ സമാപിക്കും. മംഗത്റാം പസ്ല (പഞ്ചാബ്), ഡോ. പ്രസന്‍ ജിത്ത് ബോസ് (ബംഗാള്‍), അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, കെ.സി. ഉമേഷ് ബാബു, കെ.എസ്. ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും.

Loading...

Leave a Reply

Your email address will not be published.

More News