Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെറുതോണി (ഇടുക്കി): ബാലികമാരായ നാല് സഹോദരിമാരോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍. വെള്ളിയാമറ്റം നെരിയേറ്റ് വീട്ടില്‍ തങ്കപ്പ(47)നെ ഇടുക്കി എസ്.ഐ. ഒ.ടി.രാജേന്ദ്രന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
ജില്ലാ ആസ്ഥാനത്തിന് സമീപം താമസിക്കുന്ന 13, 11, 9, 6 വീതം വയസ്സുള്ള നാല് സഹോദരിമാരെയാണ് അച്ഛന്റെ സുഹൃത്ത് രണ്ടുമാസമായി ഉപദ്രവിച്ചിരുന്നത്. മദ്യപാനിയായ അച്ഛന്റെകൂടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു തങ്കപ്പന്‍. പിന്നീട് ഇയാള്‍ കുട്ടികളുടെ അച്ഛനമ്മമാര്‍ കൂലിപ്പണിക്ക് പോകുമ്പോള്‍ പലഹാരങ്ങളുമായി വീട്ടില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോള്‍ കുട്ടികള്‍ അയല്‍വാസികളായ സ്ത്രീകളോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സംഘംചേര്‍ന്ന് തിങ്കളാഴ്ച തങ്കപ്പനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാട്ടുകാര്‍ ഇടുക്കി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പൈനാവില്‍വച്ച് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതി അവിവാഹിതനാണ്. കുട്ടികളുടെ അച്ഛനും നിരവധി കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ അറസ്റ്റുവാറണ്ടും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അച്ഛനെയും പോലീസ് അറസ്റ്റുചെയ്തു.
Leave a Reply