Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:06 am

Menu

Published on November 29, 2017 at 12:43 pm

വിവാഹത്തിന് മുമ്പ് ഓരോ പുരുഷനും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ

8-things-every-indian-man-must-stand-up-for-before-he-decides-to-marry

വിവാഹം കഴിക്കാന്‍ പോകുന്ന ഏതൊരു പുരുഷനും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. അധികം മുഖവുരയില്ലാതെ തന്നെ വിഷയത്തിലേക്ക് കടക്കാം. പലതും പലർക്കും അറിയാവുന്നത് തന്നെയാണ്, എങ്കിലും ഒരു ഓർമ്മപ്പെടുത്തലാട്ടെ.

സ്ത്രീ തന്നെ ധനം

വിദ്യാഭ്യാസം ഏറെ നേടിയിട്ടും ഇന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവര്‍ക്ക് എന്ത് നേട്ടമാണ് ആ വിദ്യാഭ്യാസം കൊണ്ട് നേടാനുള്ളത്..? പണമായും സ്വര്‍ണ്ണമായും വാഹനമായും സ്ഥലമായും ഓരോന്ന് സ്ത്രീധനമായി അവകാശപ്പെടുമ്പോഴും വാങ്ങുമ്പോഴും ആലോചിക്കുക, വാങ്ങുന്നത് തന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ ഒരു ജീവിതത്തിന്റെ മൊത്തം സമ്പാദ്യമാണെന്ന്.

കന്യകാത്വം എന്ന വാശി

താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കന്യകയെ തന്നെയായിരിക്കും എന്ന് വാശി പിടിക്കുന്ന പലരെയും കാണാം. തനിക്ക് ഈ പറഞ്ഞ സാധനം നഷ്ടമായിട്ടുണ്ടെങ്കിലും കെട്ടാന്‍ പോകുന്ന പെണ്ണിനു കന്യകാത്വം വേണം എന്ന വാശി ഒഴിവാക്കുന്നത് നന്നാകും. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് ആണായാലും പെണ്ണായാലും നൂറു ശതമാനം പരിശുദ്ധന്‍ ആയ ആളെ കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്.

കല്യാണച്ചിലവിലെ കളികള്‍

കല്യാണച്ചിലവ് പെണ്‍വീട്ടുകാര്‍ തന്നെ വഹിക്കണം എന്ന ആചാരം ആര് തുടങ്ങിയതായാലും എന്തിന് തുടങ്ങിയതായാലും വേണ്ടിയില്ല, മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ല്യാണം കഴിക്കുന്നത് പെണ്ണ് മാത്രമല്ലല്ലോ, ആണും കൂടി ചേര്‍ന്നിട്ടല്ലേ.. അതിനാല്‍ ഒരു പങ്ക് വരന്റെ വീട്ടുകാരും വഹിക്കട്ടെ.

അതിരു കവിഞ്ഞ ധൂര്‍ത്ത്

വില കൂടിയ വെഡിങ് കാര്‍ഡ്, താങ്ങാവുന്നതിലുമപ്പുറത്തുള്ള വിവാഹ പച്ചേസുകള്‍, അത്യാഢംബരമായ റിസപ്ഷന്‍ പരിപാടികള്‍ തുടങ്ങി ആഡംബരം ഏതറ്റം വരെ പോകാനൊക്കുമോ അതുവരെയെത്തിക്കുന്ന പ്രവണത മാറ്റുക. കല്യാണമല്ലേ, ലക്ഷ്വറിയൊക്കെ ആവാം. പക്ഷെ അതിരു കടക്കാതിരിക്കുക. പണമില്ലാത്തതിന്റെ പേരില്‍ കല്ല്യാണം കഴിക്കാനാകാതെ മംഗല്യഭാഗ്യം ഒരു സ്വപ്നമായി മാത്രം കൊണ്ടുനടക്കുന്ന ഒട്ടനവധി പേരുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കുക.

വിവാഹ ശേഷം പേര് മാറ്റണമോ..

ദുല്‍ക്കര്‍ സല്‍മാന്‍ ബാംഗ്‌ളൂര്‍ ഡെയ്സില്‍ ചോദിക്കുന്ന പോലെ ഇതെന്താ എക്‌സ്‌ചേഞ്ച് ഓഫ് ഓണേര്‍ഷിപ്പ് ആണോ.. വിവിവാഹ ശേഷം ഭാര്യയുടെ പേര് മാറ്റണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ഭാര്യ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിച്ചേ പറ്റൂ..

ഇങ്ങനെ വാശി പിടിക്കേണ്ടതുണ്ടോ.. ഭാര്യയെ ഇടയ്ക്കിടെ അവളുടെ വീട്ടിലേക്ക് വിടുക. വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാവുകയാണ് ഓരോ പെണ്‍കുട്ടിക്കും. അതിനാല്‍ ഭാര്യ വീട്ടില്‍ പോകാന്‍ ചോദിച്ചാല്‍ അധികം ഗമ കാണിക്കാതെ അവളെ വിട്ടുകൊടുക്കുക.

വിവാഹം ഏത് ലൈംഗിക കോപ്രായങ്ങള്‍ക്കുമുള്ള ലൈസന്‍സ് അല്ല

ലൈംഗികത വിവാഹ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭാഗം തന്നെയാണല്ലോ. എന്നാല്‍ ഇന്ന് പലരും ലൈംഗികതയെ കുറിച്ചുള്ള വികലമായ പല അറിവുകളും വെച്ച് അശ്ളീല ചിത്രങ്ങളിലും മറ്റുമൊക്കെ കണ്ടിട്ടുള്ള രതിവൈകൃതങ്ങളില്‍ തല്പരരായി ആ രീതിയിലൊക്കെ ചെയ്തുനോക്കാന്‍ ഭാര്യയെ നിര്‍ബന്ധിപ്പിക്കുന്നു. അവളുടെ സമ്മതമില്ലാതെ അവളുമായി ബന്ധപ്പെടാന്‍ പാടില്ല എന്ന കാര്യം പോലും പലര്‍ക്കും അറിയില്ല.

വീട്ടുജോലിയെന്താ ഭര്‍ത്താവിനും ചെയ്തുകൂടെ..

വീട്ടുജോലികള്‍ = ഭാര്യ. ഇതാണല്ലോ പലരുടെയും മനസ്സിലിരിപ്പ്. വീട്ടുജോലികള്‍ എന്തുമാവട്ടെ, അത് ഭാര്യ തന്നെ ചെയ്യണം, അതിനി ജോലിക്ക് പോകുന്ന ഭാര്യയായാലും വേണ്ടിയില്ല എന്ന നിലപാടൊക്കെ എന്നോ വലിച്ചെറിയേണ്ടിയിരിക്കുന്നു. ജോലികളൊക്കെ ഭാര്യയും ഭര്‍ത്താവും ഒരുപോലെ മനസ്സറിഞ്ഞ് ചെയ്യുക. ഭാര്യയെ ജോലികളില്‍ സഹായിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News