Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പകല്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സണ്‍ഗ്ലാസ് ധരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കാരണം ഇരുചക്രവാഹനങ്ങളില്‍ സണ്‍ഗ്ലാസ് ധരിക്കാതെയുള്ള പകല്‍ യാത്ര പലപ്പോഴും ദുസ്സഹമാണ്. ഇതില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.
എന്നാല്‍ കാറില്‍ സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ്? പലര്‍ക്കുമുള്ള സംശയമാണിത്. എന്നാലിതാ സുരക്ഷിതവും ആനന്ദകരവുമായ ഡ്രൈവിങ്ങിന് സണ്‍ഗ്ലാസ് ധരിക്കുന്നതാണ് ഉത്തമം.
വ്യക്തമായ കാഴ്ചയാണ് ഡ്രൈവിങ്ങ് സുരക്ഷ ഉറപ്പ് വരുത്തുന്ന പ്രധാന ഘടകം. മിക്കപ്പോഴും സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിങ്ങ് വ്യക്തമായ കാഴ്ച ഉറപ്പ് വരുത്തും. ചുട്ടുപൊള്ളുന്ന പകലിലും മൂടപ്പെട്ട അന്തരീക്ഷത്തിലും കാറോടിക്കുമ്പോള്‍ വ്യക്തമായ കാഴ്ച ലഭിക്കാന്‍ സണ്‍ഗ്ലാസുകള്‍ സഹായിക്കും.
പോളറൈസ്ഡ് സണ്‍ഗ്ലാസുകളാണ് ഉത്തമം. ഡ്രൈവിങ്ങിനിടെ റോഡില്‍ നിന്നും അല്ലെങ്കില്‍ മറ്റ് വാഹനങ്ങളില്‍ നിന്നുമുള്ള പ്രകാശത്തിന്റെ തീവ്രത കുറയ്ക്കാന്‍ പോളറൈസ്ഡ് സണ്‍ഗ്ലാസുകള്‍ സഹായിക്കും.
വസ്തുക്കള്‍ കൂടുതല്‍ കൃത്യതയോടെ കാണുന്നതിനൊപ്പം കണ്ണില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതും വലിയ പരിധി വരെ പ്രതിരോധിക്കാന്‍ സണ്‍ഗ്ലാസുകള്‍ക്കാകും. കൂടാതെ മഴ, മൂടല്‍മഞ്ഞ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സുരക്ഷിതമായ കാഴ്ച ഉറപ്പ് വരുത്താന്‍ പോളറൈസ്ഡ് സണ്‍ഗ്ലാസുകള്‍ക്ക് സാധിക്കും.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണമേകുന്ന ഡ്രൈവിങ്ങ് ഗ്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലെന്‍സ് ഏത് നിറത്തിലുള്ളതാണെങ്കിലും നൂറ് ശതമാനം യുവി-എ, യുവി-ബി രശ്മികളെ പ്രതിരോധിക്കാന്‍ പ്രാപ്തമായിരിക്കണം.
ഡ്രൈവിങ്ങ് ഗ്ലാസുകളുടെ നിറം തിരെഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. തീവ്രമായ പ്രകാശം ആഗിരണം ചെയ്യുകയാണ് ലെന്‍സുകളിലെ നിറങ്ങളുടെ ലക്ഷ്യം. ആംബര്‍, ഗ്രേ, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളിലുള്ള ലെന്‍സുകളാണ് ഡ്രൈവിങ്ങിന് അനുയോജ്യം.
ഗ്രേ ലെന്‍സുകള്‍ താരതമ്യേന പ്രകാശ തീവ്രത ഫലപ്രദമായി കുറയ്ക്കും. എന്നാല്‍ ഡ്രൈവിങ്ങില്‍ നീല നിറത്തിലുള്ള ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നീല ലെന്‍സുകള്‍ കാഴ്ചപരിധി കുറയ്ക്കുന്നവയാണ്. രാത്രി കാല ഡ്രൈവിങ്ങിന് ആന്റി-ഗ്ലെയര്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
Leave a Reply