Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2023 12:40 pm

Menu

Published on August 20, 2013 at 3:55 pm

അന്യനാട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

beware-those-ladies-who-is-staying-outside-for-job

‘പെണ്ണൊരുത്തി ഒറ്റയ്ക്ക് താമസിക്കുകയോ?” എന്നു ചോദിച്ച് മൂക്കത്ത് വിരല്‍വെക്കുന്ന മുത്തശ്ശിമാരെ ഇന്ന് മെഗാസീരിയലുകളില്‍ പോലും കാണാനില്ല. മഹാനഗരങ്ങളിലെ ഐ.ടി. ഹബ്ബുകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും വീട് വാടകയ്‌ക്കെടുത്തു തനിച്ചുതാമസിക്കുകയാണ്. കൂട്ടിന് ഒപ്പം ജോലി ചെയ്യുന്ന മറ്റു സ്ത്രീകളുമുണ്ടാകും. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് സ്വന്തം വാഹനമോടിച്ച് അപ്പാര്‍ട്‌മെന്റുകളിലേക്ക് പോകുന്ന എത്രയോ പെണ്‍കുട്ടികളെ ബാംഗഌരിലും ചെന്നൈയിലുമൊക്കെ കാണാം. ചെന്നൈയില്‍ മാത്രം 1.3 ലക്ഷം വനിതാ ഐ.ടി. പ്രൊഫഷനലുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ നല്ലൊരു പങ്കും മലയാളികളാണ്. വുമണ്‍സ് ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സൗകര്യവും തേടിനടന്ന് മടുക്കുമ്പോഴാണ് സ്വന്തമായി വാടകവീടെടുക്കുന്നതിനെക്കുറിച്ച് ഇവര്‍ ആലോചിക്കുന്നത്.

”ബാച്ചിലേഴ്‌സായ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ വീട്ടുടമകള്‍ക്കും താത്പര്യമാണ്. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ല എന്ന വിശ്വാസം കൊണ്ടാവാമിത്”, ചെന്നൈ ടി.സി.എസിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ കോഴിക്കോട്ടുകാരി സ്വേത ബിനോജ് പറയുന്നു. അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നതും വാടക കൃത്യമായി കിട്ടുമെന്നതുമാണ് പെണ്‍കുട്ടികളെ പരിഗണിക്കാന്‍ വീട്ടുടമകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് വന്‍നഗരങ്ങളില്‍ വാടകവീടെടുത്ത് തനിച്ചുതാമസിക്കുമ്പോള്‍ അല്പം കരുതല്‍ അത്യാവശ്യമാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടികള്‍ അക്രമത്തിനിരയായ സംഭവം കഴിഞ്ഞവര്‍ഷം പുണെയിലും നോയ്ഡയിലും ഉണ്ടായി. ഡല്‍ഹിയിലെ ബി.പി.ഒ. ജീവനക്കാരിയായ നേഹ യാദവ് കുത്തേറ്റ് മരിച്ചത് ഈ വര്‍ഷം ജനവരിയിലാണ്. അക്രമികളെ പേടിച്ച് വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ പരിസരം ശ്രദ്ധിച്ചും മനസില്‍ തോന്നുന്ന ആപത് സൂചനകള്‍ക്കനുസരിച്ച് ബുദ്ധിപരമായി പെരുമാറിയും വേണം ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍.

1).വീടിനെ അറിയുക, ചുറ്റുപാടുകളും

പലപ്പോഴും ഓഫീസിനു സമീപത്തെ ചായക്കടക്കാരനോ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാരോ ഒക്കെയായിരിക്കും വീട് കാട്ടിത്തരുന്നത്. ചാടിക്കയറി അഡ്വാന്‍സ് കൊടുക്കുന്നതിന് മുന്‍പ്് വീട് നില്‍ക്കുന്ന പരിസരത്തെക്കുറിച്ചും അയല്‍വാസികളെക്കുറിച്ചും കാര്യമായ അന്വേഷണം നടത്തണം. ഓഫീസില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോടോ സ്ഥലം പരിചയമുള്ള ബന്ധുക്കളോടോ ഉപദേശം തേടാം. വീടെടുക്കാന്‍ തീരുമാനിച്ചാല്‍ ഇവരെയും കൂട്ടി വീട്ടുടമയെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയും വേണം. പ്രദേശത്ത് പരിചയക്കാരും ബന്ധുക്കളുമുള്ളയാളാണ് നിങ്ങളെന്നത് വീട്ടുടമ മനസിലാക്കാന്‍ വേണ്ടിയാണിത്. എന്തെങ്കിലും തരത്തില്‍ നിങ്ങളോട് മോശമായി പെരുമാറുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കാന്‍ അത് അയാളെ പ്രേരിപ്പിക്കുമെന്നുറപ്പ്.

2).അയല്‍വാസികളോട് അടുപ്പമാകാം

പുതിയ വീട്ടില്‍ താമസം തുടങ്ങിയാല്‍ തൊട്ടടുത്ത വീടുകള്‍ സന്ദര്‍ശിച്ച് നല്ല ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അവര്‍ എവിടെ ജോലി ചെയ്യുന്നുവെന്ന് ചോദിച്ചറിയുകയും ഫോണ്‍ നമ്പര്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്യാം. നാട്ടിലെ വിലാസവും അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ വീട്ടിലെ ഫോണ്‍നമ്പറുമെല്ലാം അവര്‍ക്ക് കൊടുക്കുകയും വേണം. നിങ്ങള്‍ക്കെന്ത് അത്യാഹിതമുണ്ടായാലും ആദ്യമോടിയെത്തേണ്ടത് അയല്‍വാസികളാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ആരോടും മിണ്ടാതെ ഒറ്റയ്ക്ക് വീട്ടിലടച്ചിരിക്കുന്ന അയല്‍ക്കാരന്റെ വീട്ടില്‍ എന്തുനടന്നാലും ആരും തിരിഞ്ഞുനോക്കാനുണ്ടാവില്ല.

3).തനിച്ചാണെന്ന് പറഞ്ഞറിയിക്കേണ്ട

തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്നവരോട് സൗഹൃദം സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിനു താഴെയുള്ള പച്ചക്കറിക്കടയിലോ ഇസ്തിരിപ്പീടികയിലോ പോയി ബന്ധങ്ങളുണ്ടാക്കേണ്ട കാര്യമില്ല. സ്വന്തം പേരോ ജോലി ചെയ്യുന്ന സ്ഥലമോ തനിച്ചാണ് താമസിക്കുന്നതെന്ന കാര്യമോ ഇത്തരം സ്ഥലങ്ങളില്‍ ചെന്ന് പറയേണ്ടതില്ല. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണിത്.

4).വാതിലിന് സുരക്ഷിതലോക്ക്

പുതിയ വീടിന്റെ ലോക്കിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. വാടകവീടായതിനാല്‍ പലതവണ കൈമറിഞ്ഞതിനുശേഷമാകും താക്കോല്‍ നിങ്ങളുടെ കൈകളിലെത്തുന്നത്. അതിന്റെ ഡ്യൂപ്ലിക്കേറ്റ് കീ മറ്റാരുടെയോ കൈകളിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പഴയ പൂട്ട് ഒഴിവാക്കി പുതിയത് ഫിറ്റ് ചെയ്തു തരാന്‍ വീട്ടുടമയോട് ആവശ്യപ്പെടുക. അതിനുള്ള തുക കൈയില്‍ നിന്ന് മുടക്കേണ്ടിവന്നാലും സാരമില്ല. പുറത്തുപോകുമ്പോള്‍ വീട് പൂട്ടിയിട്ടുണ്ടോ എന്ന് രണ്ടു തവണ ഉറപ്പുവരുത്തണം. ഓഫീസിലേക്കുള്ള വെപ്രാളപ്പാച്ചിലില്‍ വീടിന്റെ വാതിലടയ്ക്കാന്‍ മറന്നുപോകുന്നവര്‍ നിരവധിയുണ്ട്.

വാതിലിന് താഴെയിട്ട കാര്‍പ്പറ്റിനടിയില്‍, മുറ്റത്തെ ചെടിച്ചട്ടിയില്‍, ചെരിപ്പുകള്‍ വയ്ക്കാനുള്ള റാക്കിന്റെ താഴേത്തട്ടില്‍… വീട് പൂട്ടി പുറത്തുപോകുമ്പോള്‍ താക്കോല്‍ ഒളിച്ചുവെക്കാറ് ഇവിടെയൊക്കെയല്ലേ? ഏതു കുട്ടിക്കും അറിയുന്ന കാര്യങ്ങളാണിത്. സ്വാഭാവികമായും കള്ളന്‍മാര്‍ക്കും. താക്കോല്‍ വാതിലിനടുത്തു തന്നെ ഒളിച്ചുവെക്കുന്ന പതിവ് നിര്‍ബന്ധമായും ഉപേക്ഷിക്കണം.അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിച്ചുപോകുന്നതാണ് സുരക്ഷിതം. വിലപിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതെ ബാങ്ക് ലോക്കറുണ്ടെങ്കില്‍ അങ്ങോട്ടു മാറ്റുക.

5).ജോലിക്കാരെ വെയ്ക്കുമ്പോള്‍

ജോലിഭാരവും യാത്രാക്ഷീണവും കാരണം വീട്ടിലെ ജോലികള്‍ ചെയ്തുതീര്‍ക്കാനാവുന്നില്ലെങ്കില്‍ മാത്രം വേലക്കാരെക്കുറിച്ചാലോചിച്ചാല്‍ മതി. അന്യനാടുകളിലെ വീട്ടുവേലക്കാര്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്ത കഥകളാണ് പലര്‍ക്കും പറയാനുള്ളത്. വീട്ടുവേലക്കാരെ സപ്‌ളൈ ചെയ്യുന്ന ഏജന്‍സികളെ സമീപിക്കാതെ അയല്‍വീട്ടുകാരുടെ സഹായം തേടുന്നതാണ് ബുദ്ധി. അവിടെ ജോലിക്ക് വരുന്നവരെത്തന്നെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ കുറെയൊക്കെ അപകടസാധ്യത ഒഴിവാക്കാം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പണമടങ്ങുന്ന ഹാന്‍ഡ്ബാഗും ആഭരണങ്ങളുമെല്ലാം അലക്ഷ്യമായി ഊരിയിടരുത്. നോയ്ഡ പോലുള്ള നഗരങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ സര്‍വന്റ് രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുണ്ട്്. ജോലിക്കാരെ നിയമിക്കും മുമ്പ് ഇത്തരം സംവിധാനങ്ങളുടെ സഹായം തേടുക.

6).ലിഫ്റ്റിലും സൂക്ഷിക്കണം

ജോലി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയാല്‍ ലിഫ്റ്റ് ഉപേക്ഷിച്ച് കോണികള്‍ നടന്നുകയറുന്നവരുണ്ട്. തടി കുറയ്ക്കാനുളള അല്പം വ്യായാമമാകും ലക്ഷ്യം. എന്നാല്‍ അസമയത്തുളള കോണി കയറ്റം ഒഴിവാക്കുന്നതാണ് ബുദ്ധി. കോണിയൊഴിവാക്കി ലിഫ്റ്റില്‍ കയറുമ്പോഴും സുക്ഷിക്കണം. അസുഖകരമായ നോട്ടവും ശരീരഭാഷയുമുള്ള ഏതെങ്കിലും അപരിചിതനാണ് ലിഫ്റ്റിലെങ്കില്‍ കയറരുത്. ലിഫ്റ്റില്‍ കയറിയാല്‍ തന്നെ ഏതെങ്കിലും മൂലയോട് ചേര്‍ന്നുനില്‍ക്കരുത്. വാതിലിനുമുന്നില്‍ ഇറങ്ങാന്‍ തയ്യാറായി നില്‍ക്കണം.

7).അപരിചിതര്‍ക്ക് നോ എന്‍ട്രി

അപരിചിതരരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളിങ് ബെല്‍ ശബ്ദം കേട്ടാല്‍ വാതിലിലെ പീപ്പ്‌ഹോളിലൂടെ പുറത്തുള്ളയാള്‍ ആരെന്ന് നോക്കുക. അപരിചിതനാണെങ്കില്‍ എന്താണ് കാര്യമെന്ന് ഉറക്കെ ചോദിക്കാം. തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെങ്കില്‍ വാതില്‍ തുറക്കരുത്. മുന്‍വശത്തെ വാതിലിനടുത്ത് ജനലുണ്ടെങ്കില്‍ അതുവഴിയും പുറത്തുള്ളയാളോടു സംസാരിക്കാം. ഒരു കാരണവശാലും വാതില്‍ തുറന്നു പുറത്തേക്ക് പോകരുത്.

.സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നില്ലേ

നിങ്ങളുടെ വീടിനു മുന്നിലെ തെരുവുവിളക്ക് കത്തുന്നില്ലെങ്കില്‍, വീട്ടിന് സമീപത്തുകൂടി പതിവായി ആരെങ്കിലും ചുറ്റിക്കറങ്ങുന്നുണ്ടെങ്കില്‍, കടകളില്‍ പോകുമ്പോള്‍ ആരോ പിന്തുടരുന്നുവെന്ന് തോന്നുന്നെങ്കില്‍ ഒട്ടും മടിക്കാതെ അയല്‍വാസികളെയോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കുക. നിസ്സാരമെന്ന് തള്ളിക്കളയുന്ന ഇത്തരം സൂചനകള്‍ വലിയൊരു ആപത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയേക്കും.

9).ഇയര്‍ഫോണുമായുള്ള കറക്കം വേണ്ട

ഓഫീസ് കാബില്‍ നിന്നിറങ്ങി ഫ്ലാറ്റിലേക്കുള്ള നടത്തത്തിനിടെ ഫോണെടുത്ത് വീട്ടിലേക്ക് വിളിക്കുന്നവരാകും മിക്ക സ്ത്രീകളും. ഒരു ദിവസത്തെ മുഴുവന്‍ വിശേഷങ്ങളും ഈ ഈ സായാഹ്ന നടത്തത്തിനിടെ അമ്മയോട് പറഞ്ഞുതീര്‍ക്കും. ഇയര്‍ഫോണ്‍ കുത്തി ഇഷ്ടമുള്ള പാട്ടു കേട്ടു നടക്കുന്നവരുമുണ്ട്. ഇയര്‍ഫോണ്‍ ചെവിയില്‍ വച്ചുള്ള നടത്തത്തിന് അപകടങ്ങളേറെയുണ്ട്. ചുറ്റും നടക്കുന്നതെന്തന്നറിയാതെ നമ്മള്‍ മറ്റൊരു ലോകത്തിലായിപ്പോകും. തൊട്ടുപിന്നില്‍ നടക്കുന്നയാളില്‍ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണം. ആരെങ്കിലും പിന്തുടരുന്നുവെന്ന് തോന്നിയാല്‍ തൊട്ടടുത്തുള്ള കടയിലോ ഓഫീസിലോ കയറി സഹായം അഭ്യര്‍ഥിക്കുക.

കടപ്പാട് എതിനിക്ക് ഹെൽത്ത്‌ കോർട്ട്.

Loading...

Leave a Reply

Your email address will not be published.

More News