Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:00 am

Menu

Published on September 15, 2017 at 3:30 pm

മസിനഗുഡി: മറക്കാനാവാത്ത ഒരു ബൈക്ക് യാത്ര

bike-trip-to-ooty-via-masinagudi

മഴ നിന്നപ്പോള്‍ പെട്ടിക്കടയില്‍ നിന്നുമിറങ്ങി ഞങ്ങള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഇടത്തോട്ടു പോയാല്‍ മൈസൂര്‍ എത്തും.വലത്തോട്ട് പോയാല്‍ നീലഗിരി കയറിയിറങ്ങി ഊട്ടിയില്‍ എത്താം. ഞങ്ങള്‍ക്ക് പോകേണ്ടത് ഊട്ടിയിലേക്കാണ്. പക്ഷെ സ്ഥിരം പോകുന്ന വഴിയല്ല.. ഇതല്പം വളഞ്ഞ വഴിയാണ്. ദൂരം അല്പം കൂടുതലുമാണ്. എങ്കിലും ഞങ്ങള്‍ ആ പുതുവഴി തിരഞ്ഞെടുത്തു.

അങ്ങനെ ഞങ്ങള്‍ ഗൂഡല്ലൂരില്‍ നിന്നും വണ്ടി ഇടത്തോട്ട് തിരിച്ചു മുതുമല കാട്ടിലേക്ക് കയറി.കാടിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് റോഡിനു ഇരു ഭാഗത്തുമായി മുളകള്‍ സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. പതിയെ സിറ്റി കാടായിത്തുടങ്ങി. തമിഴ്നാട്ടിലെ കാടിന് പച്ചപ്പില്ല എന്ന് പണ്ടാരോ പറഞ്ഞത് വെറുതെയാണെന്ന് ശെരിവെക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ റോഡിനിരുവശത്തുമായി നിറഞ്ഞപ്പോള്‍ യാത്രയുടെ വേഗം കുറഞ്ഞു. ഫോട്ടോ എടുക്കലും മറ്റുമായി യാത്ര പതിയെ തുടര്‍ന്നു.

ഒരു പതിനഞ്ചു കിലോമീറ്ററിനടുത്ത് ദൂരം താണ്ടിക്കാണും, ഒരു മൂന്നും കൂടിയ ജംക്ഷനില്‍ ഞങ്ങളെത്തി. അവിടെ നിന്നാണ് ഞങ്ങള്‍ക്ക് തിരിയേണ്ടത്. ഞങ്ങള്‍ കാത്തിരുന്ന മസിനഗുഡിയിലേക്ക്. മസിനഗുഡി വഴി ഊട്ടിയിലേക്കും. റോഡിനോട് ചേര്‍ന്ന് ഒഴുകുന്ന പുഴയില്‍ ഒരു ആന. വണ്ടി നിര്‍ത്തി ഞങ്ങള്‍ കാമറ എടുത്തു. നോക്കുമ്പോള്‍ ഒന്നല്ല ഒരുപാട് ആനകള്‍. ചിലത് വെള്ളത്തില്‍ കുളിക്കുന്നു. ചിലത് പുഴക്കരയില്‍ വിശ്രമിക്കുന്നു.

 

ഞങ്ങള്‍ അവിടെ നിന്നും വലത്തോട്ട് തിരിച്ചു മസിനഗുഡി റോഡിലേക്ക് കയറി. ഇതുവരെ പോകാത്ത വഴി ആണ്. റോഡ് ആണെങ്കില്‍ വളരെ ചെറുതും. ബസ്സും ലോറിയും ഒന്നും പോകാത്ത വഴിയാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും ചെറു വാഹനങ്ങളും മാത്രം കടന്നു പോകാന്‍ പറ്റിയ ആ ചെറിയ വഴി കാടിനുള്ളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്നു. കാട്ടിലേക്ക് കയറിയതും മാനുകളും മയിലുകളും കൂട്ടത്തോടെ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു.

റോഡിനു ഇരുവശവും ഒട്ടനവധി മാനുകള്‍. കുറച്ച് മയിലുകളും. കാമറ നിര്‍ത്താതെ ക്ലിക്ക് ചെയ്തുകൊണ്ട് ഞങ്ങള്‍ നീങ്ങി. പതിയെ മയിലുകള്‍ ഇല്ലാതായി. മാനുകളും അപ്രത്യക്ഷമായിത്തുടങ്ങി. മസിനഗുഡിയിലൂടെയുള്ള യാത്രയിലുടനീളം ഞങ്ങള്‍ ശ്രദ്ധിച്ച കാര്യം കാടിന്റെ പ്രത്യേകതയാണ്. പരന്നു നീണ്ടു കിടക്കുന്ന കാടുകള്‍. റോഡില്‍ നിന്നും നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്നു തന്നെ കിടക്കുന്ന കാട്. ഉള്ളോട്ടു ചെല്ലും തോറും കാടിന്റെ വന്യതയും വിജനതയും കൂടിവന്നു.

എവിടെ എങ്ങോട്ട് തിരിഞ്ഞു നിന്നാലും കാനന ഭംഗി വാനോളം ആസ്വദിക്കാം. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് കാടില്ല. കാടില്ല എന്ന് പറഞ്ഞാല്‍ തെറ്റാകും. നമ്മള്‍ കണ്ടു ശീലിച്ച കാടില്ല എന്ന് പറയുന്നതാകും ശരി. കണ്ണെത്താ ദൂരത്തോളം കുറ്റിക്കാടുകള്‍. ചെറിയ ചെറിയ മരങ്ങള്‍. വല്ല മൃഗങ്ങളോ മറ്റോ ഉണ്ടെന്നറിയാന്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി കാട്ടിലേക്ക് കുറച്ചു നടന്നു നോക്കി. ഇല്ല, ഒന്നുമില്ല. പരന്ന കാട് മാത്രം.

ഞങ്ങള്‍ യാത്ര തടുര്‍ന്നു മസിനഗുഡി ടൗണില്‍ എത്തി. കാട്ടില്‍ കയറി ഏറെ നേരത്തിനു ശേഷമാണ് ഒരു കവലയില്‍ എത്തുന്നത്. റോഡരികില്‍ നിന്നും വിളികളുയരുന്നു. ഞങ്ങള്‍ വണ്ടി നിര്‍ത്തി. ‘സാര്‍..സാര്‍.. ട്രക്കിങ്.. അയിനൂറ് രൂപ മട്‌റും സാര്‍..’ തമിഴന്മാര്‍ ജീപ്പില്‍ നിന്നും വിളിച്ചു കൂടുകയാണ്. ഉള്‍ക്കാട്ടിലേക്കു പോകാന്‍ പൊതുജനത്തിന് അനുവാദമില്ല. പോകണമെങ്കില്‍ ഇവരുടെ വാഹനത്തിലേ പോകാന്‍ പറ്റൂ. പണ്ട് മുത്തങ്ങയില്‍ ഇതേ പോലെ കടുവയും പുലിയും കാട്ടുപോത്തും ഉണ്ടെന്ന് പറഞ്ഞു ട്രെക്കിങ്ങിന് പോയിട്ട് ഒരു എലിയെ പോലും കാണാതെ തിരിച്ചുപോന്ന ഓര്‍മ ഉള്ളതിനാല്‍ ‘വേന അണ്ണാ.. അപ്പുറം പാക്കലാം..’ എന്നും പറഞ്ഞു ഞങ്ങള്‍ നീങ്ങി.

ഇനിയാണ് ചുരം. ചുരം എന്ന് പറഞ്ഞാല്‍ ഒറ്റയടിക്ക് വലിയ വലിയ നെടുകുത്തന്‍ കയറ്റം എന്ന് കരുതരുത്. പതിയെയാണ് കയറ്റം തുടങ്ങുന്നത്. നേരെ.. വളഞ്ഞു.. പിന്നെയും നേരെ.. പിന്നെയും വളഞ്ഞു.. മൊത്തം 36 വളവുകള്‍ ചുരത്തിനുണ്ട്. സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങി. കുളിര്‍ക്കാറ്റ് ചെറുതായി വീശുന്നുണ്ട്. ഒപ്പം നേരം ഇരുട്ടാനും തുടങ്ങിയിരിക്കുന്നു.

ബൈക്കില്‍ യാത്ര പോയതില്‍ ഏറ്റവും മനോഹരമായ.. സുന്ദരമായ.. മനസ്സും ശരീരവും ഒരേപോലെ ആസ്വദിച്ച യാത്രകളില്‍ ഒന്ന് ഇതാണെന്നു മനസ്സില്‍ തോന്നി. വെറും തോന്നല്‍ മാത്രമല്ല, അത് തന്നെയായിരുന്നു വാസ്തവം. ചുരം ഓരോ വളവുകള്‍ കഴിയും തോറും തണുപ്പ് കൂടി വന്നു. ഒപ്പം നേരം ശെരിക്കും ഇരിട്ടിത്തുടങ്ങി. ഇടയ്‌ക്കെപ്പോഴോ നെടുകുത്തനെ ഒരു കയറ്റം വന്നു. തണുപ്പും ഇരുട്ടും കയറ്റവും എല്ലാം കൂടെ സാഹസികതയുടെ വേറെ തലത്തിലേക്ക് ഞങ്ങളെ എത്തിച്ചു.

ഇപ്പോള്‍ കാടെല്ലാം കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വണ്ടികള്‍ പോകുന്നത് മലമുകളിലെ ഒരു ഗ്രാമത്തിലൂടെയാണ്. പിറകിലേക്ക് നോക്കിയാല്‍ താഴെയായി ഞങ്ങള്‍ വന്ന കാടും മലയും കുന്നുകളും എല്ലാം തന്നെ സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു പുകച്ചുരുള്‍ പോലെ കാണാം. പുകച്ചുരുളിനിടയില്‍ ചില വെളിച്ചങ്ങള്‍ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ഞങ്ങള്‍ കടന്നു വന്ന വഴികളില്‍ എവിടെയോ ആയി ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന വണ്ടികളുടെ വെളിച്ചമാണത്. ഞങ്ങള്‍ പതിയെ മുന്നോട്ട് നീങ്ങി. ചുരം അവസാനിച്ചു. ഊട്ടി റോഡിലേക്ക് ഞങ്ങള്‍ കയറി. ഏതാനും മിനിട്ടുകള്‍ക്കകം ഊട്ടിയിലെ കൊടും തണുപ്പ് ഞങ്ങളെയും പുണരാന്‍ തുടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News