Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:45 pm

Menu

Published on June 20, 2013 at 7:37 am

ഭാഗ്യലക്ഷ്മിയുടെ കാമുകൻ…….

biography-of-bhagyalakshmi

ആദ്യമായി ഐ ലവ് യു എന്നെഴുതിയ കടലാസു തുണ്ട് കിട്ടിയ ദിവസം ഇന്നും ഓര്‍ത്ത് ഞാന്‍ ചിരിക്കും. അത് കിട്ടിയപ്പോള്‍ ഒരു വെപ്രാളമായിരുന്നു. എന്റെ മുഖത്തെ കള്ളലക്ഷണം വല്യമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ അടിയോടടി. വല്യമ്മ അടി തുടങ്ങിയാല്‍ പിന്നെ രക്ഷയില്ല. വടി പൊട്ടുന്നതുവരെ അടിക്കും. ഏതെങ്കിലും ഒരാണ്‍കുട്ടിയോട് സംസാരിക്കുന്നതിനായിരിക്കും മിക്കവാറും അടികൊള്ളുന്നത്. ആ പേടികൊണ്ട് ആ കടലാസ് തുണ്ട് അപ്പോഴേ കാറ്റില്‍ പറത്തും. എന്റെ പ്രണയത്തെയും.
പ്രണയത്തിന്റെ സുഖമെന്താണെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പ്രായം കഴിഞ്ഞുപോയി.

പ്രണയത്തില്‍ അകപ്പെട്ട കുട്ടികളെ കാണുമ്പോള്‍ എനിക്ക് പുച്ഛമായിരുന്നു. മണ്ടന്മാരും മണ്ടികളും ആവും അവര്‍ അപ്പോള്‍.ഈ ലോകത്ത് പ്രണയം എന്നൊന്നില്ല എന്നുതന്നെ വിശ്വസിച്ചു ഞാന്‍. സ്ത്രീ-പുരുഷബന്ധം വെറും ശാരീരികബന്ധം മാത്രമാണെന്നും. പക്ഷേ എനിക്കുമുണ്ടായി പ്രണയം. എന്റെ നാല്പതാം വയസ്സില്‍. എനിക്കദ്ദേഹത്തോടുണ്ടായിരുന്ന പ്രണയം അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നോ എന്നറിയില്ല. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. വല്ലപ്പോഴും മാത്രം ഫോണില്‍ സംസാരിക്കുന്ന അപൂര്‍വമായി കാണാറുള്ള വെറുമൊരു സുഹൃത്ത്. എപ്പോഴും പുസ്തകങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എനിക്കയാളോട് തികഞ്ഞ ബഹുമാനമായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തി താമസിക്കുന്ന കാലം, ഒരു ദിവസം ഞാനും മക്കളും പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ വരികയായിരുന്നു. ഞങ്ങള്‍ ആ ട്രെയിനില്‍ ഉണ്ടെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നു. വണ്ടി എറണാകുളത്ത് എത്തിയപ്പോള്‍ വൈകുന്നേരം ആറുമണി. അദ്ദേഹം ഞങ്ങളുടെ കംപാര്‍ട്ടുമെന്റില്‍ വന്നുകയറി. കുട്ടികള്‍ക്ക് കഴിക്കാനും കുടിക്കാനും എന്തൊക്കെയോ വാങ്ങിക്കൊണ്ടുവന്നു. അല്പം കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി. സമയം കഴിഞ്ഞിട്ടും വണ്ടി അനങ്ങുന്നില്ല. അയാള്‍ തിരികെയെത്തി.വണ്ടി നാലുമണിക്കൂര്‍ വൈകും, നിങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒന്ന് ഒന്നരമണിയെങ്കിലും ആവും. എന്തുചെയ്യും ലക്ഷ്മീ?” ”ഓ, എന്തു ചെയ്യാനാ, ഒരു ടാക്‌സി വിളിച്ച് പോകും. അല്ലെങ്കില്‍ നേരം വെളുക്കുന്നതുവരെ സ്‌റ്റേഷനില്‍ ഇരിക്കും.

അയാള്‍ വീണ്ടും ഇറങ്ങിപ്പോയി.
അല്പ സമയം കഴിഞ്ഞ് തിരിച്ചുവന്നു.
”ഞാനും വരാം നിങ്ങളോടൊപ്പം.”
ട്രെയിനില്‍ അദ്ദേഹം കുട്ടികളോടൊത്ത് എന്തോ പറഞ്ഞു ചിരിക്കുകയും കളിക്കുകയും അവരെ ടോയ്‌ലറ്റില്‍ കൊണ്ടുപോവുകയും ഒക്കെ ചെയ്യുന്നുണ്ട്. വണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പറഞ്ഞതുപോലെ ഒന്നരമണി. ഒരു ടാക്‌സി പിടിച്ച് ഞങ്ങളെ വീട്ടില്‍ ഇറക്കിയിട്ട് അദ്ദേഹം തിരികെ പോയി.

അപ്പോഴൊന്നും എനിക്കൊന്നും തോന്നിയില്ല. കാരണം അന്ന് എന്നെ അങ്ങനെയൊക്കെ സഹായിക്കുന്ന ധാരാളം പേരുണ്ടായിരുന്നു. സഹായിക്കുന്നവരോടെല്ലാം പ്രണയം തോന്നുന്നത് സ്വാഭാവികമല്ലല്ലോ. പിന്നെ കുറേനാള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. 2001 കാലഘട്ടത്തിലെല്ലാം നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തു പകര്‍ന്നാട്ടം നടത്തുകയായിരുന്നു ഞാന്‍. ഒരു കഥാപാത്രത്തില്‍നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു സിനിമയില്‍നിന്നും മറ്റൊരു സിനിമയിലേക്ക്. റെക്കോര്‍ഡിങ് റൂമില്‍ കയറുമ്പോള്‍ ഞാന്‍ എല്ലാം മറന്നു. ആ മുറിയില്‍ കയറുമ്പോള്‍ ഞാനെന്റെ ദുഃഖങ്ങള്‍ വാതില്‍പ്പടിക്കു പുറത്തു വച്ചു. പിന്നീട് ഡബ്ബിംഗ് തീരുവോളം ഞാനവ ഓര്‍ക്കുകയേയില്ല. ഒടുവില്‍ എല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ വീണ്ടും എന്നെ തേടിയെത്തും. ആരും എന്നെ കാത്തിരിക്കാനില്ല എന്ന അറിവ് എന്നെ ഭ്രാന്തു പിടിപ്പിച്ചു. ജീവിതം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു.
ഒരിക്കല്‍ ഞാന്‍ ചെന്നൈയില്‍ ഡബ്ബിങ്ങിന് പോയ ദിവസം. ജോലി കഴിഞ്ഞ് ഞാന്‍ റൂമില്‍ തിരിച്ചെത്തി. രാത്രി ഒന്‍പതരയായി കാണും. അയാള്‍ വിളിച്ചു. കുറേ നാളുകള്‍ക്കുശേഷം പതിവുപോലെ പലതും സംസാരിച്ചു. മൂന്നു നാലു ദിവസം ഞാന്‍ ചെന്നൈയിലായിരുന്നു. അപ്പോഴൊക്കെ അയാള്‍ വിളിക്കും. പിന്നീട് അയാളുടെ ഫോണ്‍ വിളിക്കായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി.
ഒടുവില്‍ ഒരു ദിവസം അദ്ദേഹം പറഞ്ഞു. എന്നെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന്.

ആദ്യമായിട്ടാണ് ഒരാള്‍ വാക്കുകളിലൂടെ, ശബ്ദത്തിലൂടെ ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് എന്നോട് പറയുന്നത്. അതും എന്റെ ചെവിയില്‍. നിശ്ശബ്ദയായിരുന്ന് അയാള്‍ പറയുന്നതു ഞാന്‍ കേട്ടുകൊണ്ടേയിരുന്നു. ഞാന്‍ സംസാരിച്ചാല്‍ അയാളുടെ ശബ്ദത്തിന്റെ സുഖം മുറിഞ്ഞുപോകുമോ എന്നു തോന്നി. അതേ, ഞാന്‍ പ്രണയിനിയാവുകയായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്‍ സംസാരിച്ചു.
കടപ്പാട്:
സ്വരഭേദങ്ങള്‍
ഭാഗ്യലക്ഷ്മിയുടെ ആത്മകഥ
(ഡീസി ബുക്‌സ്)

Loading...

Leave a Reply

Your email address will not be published.

More News