Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:25 pm

Menu

Published on June 17, 2015 at 10:23 am

തിരുത്താം സവർണ്ണ ചിന്തകളും “കറുപ്പ്” നോട്ടങ്ങളും

black-plitics

കറുപ്പ്, അത് വെറുമൊരു നിറം മാത്രമല്ല ..കാലങ്ങളായി മാറ്റി നിർത്തപ്പെട്ട ഒരു വിഭാഗമാണ്‌, കറുപ്പ് എന്ന വെറും മൂന്നക്ഷരങ്ങളിൽ അടിച്ചമർത്തപ്പെട്ട് കിടക്കുന്നത്.തൊലി വെളുപ്പിന്റെ വ്യക്തമായ രാഷ്ട്രീയം, ലോകം എന്നും വെളുത്തവരുടേത് മാത്രമാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന പിറു പിറുക്കലുകൾ, ഒന്ന് കാതോർത്താൽ ഇന്നും നമ്മുടെ സമൂഹത്തിൽ കേൾക്കം, കാണാം.

കറുത്തവനും വെളുത്തവനും തമ്മിലുള്ള അകലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിനു വർഷങ്ങളോളം തന്നെ പഴക്കമുണ്ട്.ഈ വര്‍ണ്ണവെറി ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ലോകമെമ്പാടും നടന്നിട്ടുമുണ്ട്.പക്ഷേ കറുപ്പിനോടുളള വിരോധം പൂര്‍ണ്ണമായി മാറ്റിയെടുക്കാനോ ഇല്ലായ്മ ചെയ്യുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ടെക്‌നോ ലോഡ്ജ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും സൗമ്യ ദേവി എന്ന ദളിത് സംരഭകയെ പുറത്താക്കിയത്.

16411_698726

കറുപ്പിന് എഴാഴകാണ് എന്ന് പറയാറുണ്ടെങ്കിലും പലർക്കും വൈരൂപ്യത്തിന്റെ പ്രതീകമാണ് കറുപ്പ്.ഇത് സമൂഹത്തിൽ ആരൊക്കെയോ ഉണ്ടാക്കിയെടുത്ത ഒരു പൊതു ബോധമാണ് എന്ന് ആരും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല.വളുപ്പ് സൗന്ദര്യമാണ് എന്നതിനെക്കാൾ കറുപ്പ് സൗന്ദര്യമില്ലായ്മയാണ് എന്ന ചിന്തയാണ് അവരെ അലട്ടുന്നത്.

ഇന്റര്‍വ്യൂവില്‍ പാസാകണമെങ്കിലും വിവാഹകമ്പോളത്തില്‍ ഏറ്റവും മികച്ച വില്പനച്ചരക്കാകണമെങ്കിലും ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്ന പലവിധ മേഖലകളില്‍ ശോഭിക്കണമെങ്കിലും തൊലിവെളുപ്പ് കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ കൗമാരപ്രായമാകുന്നതോടെ പെണ്‍കുട്ടികളെല്ലാം ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫേഷ്യല്‍, ബ്ലീച്ചിംഗ്, പീലിങ്ങ് തുടങ്ങിയ സൗന്ദര്യസംരക്ഷണ പരിപാടികള്‍ ആരംഭിക്കും. ചിലര്‍ ബ്യൂട്ടിപാര്‍ലറുകളെ കൂട്ടുപിടിക്കുമ്പോള്‍ മറ്റു ചിലര്‍ മഞ്ഞളും രക്തചന്ദനവുമൊക്കെയായി പ്രകൃതിയുടെ വഴിയെ തൊലിവെളുപ്പിക്കാനുള്ള അശ്രാന്തപരിശ്രമങ്ങള്‍ തുടങ്ങും.

ഇന്ത്യന്‍ കോസ്‌മെറ്റിക് വിപണിയില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി ചുവടുറപ്പിക്കുന്നതോടെയാണ് തൊലിവെളുപ്പ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന വിശ്വാസം അടിയുറച്ച് തുടങ്ങിയത്. സമൂഹത്തില്‍ ജീവിച്ച് പോകുന്നതിന് അവശ്യമായ കാര്യങ്ങളില്‍ ഒന്നായി തൊലിവെളുപ്പ് പതിയെ മാറിത്തുടങ്ങി. ഒപ്പം ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകേ മറ്റു ഫെയര്‍നെസ്സ് ക്രീമുകളും കോസ്‌മെറ്റിക് വിപണിയെ കീഴടക്കി. പ്രതിവര്‍ഷം പതിനെട്ട് ശതമാനത്തോളം വര്‍ധനവുള്ള ‘ഫെയര്‍ ബിസിനസ്സാ’ണ് ഇന്ന് ഫെയര്‍നെസ്സ് ക്രീം വിപണി. തൊലിവെളുപ്പിക്കുന്നതിനുള്ള 233 ടണ്‍ ലേപനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയുടെ സൗന്ദര്യവിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്.

കോഴിക്കോടിനടുത്ത് പേരാമ്പ്രയില്‍ ഒരു സ്കൂളുമായി ബന്ധപ്പെട്ടുയര്‍ന്ന ‘അയിത്ത’ വാര്‍ത്ത പൂര്‍വാധികം ശക്തിയോടെ തിരിച്ചത്തെിയ സാമൂഹിക ഉച്ചനീചത്വങ്ങളുടെ ഉദാഹരണമാണ്. പേരാമ്പ്ര ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി സ്കൂളില്‍ 12 പേരില്‍ 11 പേരും പറയ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളാണ്. ഇവര്‍ പഠിക്കുന്നതുകൊണ്ട് മറ്റുവിഭാഗം വിദ്യാര്‍ഥികള്‍ ഈ സ്കൂളില്‍ പഠിക്കാനത്തെുന്നില്ല. ‘പറയന്മാരുടെ സ്കൂള്‍’ എന്നുപറഞ്ഞ് പൊതുസമൂഹം ഈ സ്കൂളില്‍നിന്ന് ‘തീണ്ടാപ്പാടകലെ’ നടക്കുന്നു. സമീപപ്രദേശത്തെ സ്കൂളുകള്‍ ഈ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികളോട് വിവേചനം പുലര്‍ത്തുകയും ചെയ്യുന്നു. രോഗം മൂര്‍ഛിച്ച, തൊലിപ്പുറത്ത് പ്രകടമായ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിവ.

images (1)

മലയാളി മനസിലെ വര്‍ണ വെറിയുടെ ആധിക്യം അറിയണമെങ്കില്‍ സമീപകാലത്ത് ഫേസ്ബുക്കില്‍ തരംഗമായ ഫോട്ടോ കമന്‍റുകൾ ഒന്ന് നിരീക്ഷിച്ചാൽ മതി. കറുത്ത തൊലിയുള്ളവരുടെ കോമാളി ചിത്രങ്ങള്‍ ‘പോസ്റ്റി’നെ കളിയാക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. പല്ലുന്തിയ കറുത്ത പെണ്ണ് ഒരുമ്മ തരട്ടെ എന്ന് ചോദിക്കുമ്പോള്‍ വെറുപ്പോടെ മുഖം തിരിച്ചുപോകുന്ന സവര്‍ണ ബോധത്തിന് മനസറിഞ്ഞ് ചിരിക്കാനുള്ള കോമാളി രൂപമായി അത് മാറുന്നു.
പഴയ കാലത്തേക്കാള്‍ ഭീകരതയോടെ തൊലിയുടെ നിറവും ജനിച്ച ജാതിയും വലിയ സാമൂഹിക അളവുകോലുകളായി മാറുകയാണ്. ദ്രാവിഡന്‍െറ ഇരുണ്ട മേനി ഒരു കുറവാണെന്ന് ഭൂമിയിലേക്ക് ജനിച്ചുവീണത് മുതൽ തുടങ്ങുന്നു. കുട്ടിമേനിയിലേക്ക് കണ്ണെറിഞ്ഞ് നിറം കുറവാണല്ലേ എന്ന് തുടങ്ങുന്ന സഹതാപം വിവാഹ വേദിയില്‍ പരിഹാസമായി മാറും. നിറമില്ലാത്തവള്‍ക്ക് പണമുണ്ടെങ്കില്‍ മാത്രം മംഗല്ല്യ ഭാഗ്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ രൂക്ഷമാണിന്ന്.

ആദ്യകാലങ്ങളില്‍ പെണ്‍സൗന്ദര്യത്തെ ലക്ഷ്യമിട്ടിറങ്ങിയ ക്രീമുകളാണ് ‘സൗന്ദര്യം സ്ത്രീക്കുമാത്രമല്ല പുരുഷനുമുണ്ട്’ എന്ന് വിശ്വസിച്ച ആണ്‍കുട്ടികളും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് പുരുഷന്മാര്‍ക്കുവേണ്ടി തന്നെ പ്രത്യേകം ഫെയര്‍നെസ്സ് ക്രീമുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആണ്‍ പെണ്‍വ്യത്യാസമില്ലാതെ കൗമാരക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കര്‍ വരെ ഒന്ന് വെളുത്തുകിട്ടാന്‍ വേണ്ടി സ്വന്തം പോക്കറ്റ് വെളുപ്പിച്ച് കൊണ്ടിരിക്കുകയാണ്. 2010-ലെ കണക്കുകള്‍ പ്രകാരം 2,600 കോടിയുടെ കച്ചവടമാണ് ഇന്ത്യയില്‍ നടന്നത്. ഓരോ വര്‍ഷവും പതിനെട്ട് ശതമാനം വര്‍ധനവ് ഉണ്ടാകുന്നുണ്ട് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഇതെത്രയായിട്ടുണ്ടാകുമെന്ന് ഊഹിച്ചുനോക്കൂ.

ഒരു വ്യക്തിയെ വിലയിരുത്തുന്നതിനുളള മാനദണ്ഡമായി അയാളുടെ കഴിവുകള്‍ക്കുപരി തൊലിപ്പുറത്തെ നിറം തിരഞ്ഞെടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല.തൊലിയുടെ നിറം കറുത്തതിന്റെ പേരില്‍ തലകുനിക്കേണ്ടവരല്ല ആരും. നിറം കരുപ്പായത് കൊണ്ട്, പണമില്ലാത്തത് കൊണ്ട്, ഒരു പ്രത്യേക ജാതിയിൽ ജനിച്ചതുകൊണ്ടു മാറ്റി നിർത്തപ്പെടേണ്ടവരാണ്‌ ചിലർ എന്ന ചിന്ത മാറ്റിനിർത്തേണ്ട സമയം അതിക്രമിച്ചു ….

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News