Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:24 am

Menu

Published on August 2, 2017 at 1:17 pm

വിവാഹപന്തലില്‍ നിന്ന് കാമുകനോടൊപ്പം പോകാന്‍ കാണിക്കുന്ന ധൈര്യം അല്‍പ്പം നേരത്തേയാകാമല്ലോ?

can-she-have-the-guts-earlier-bride-walks-away-with-lover

സോഷ്യല്‍ മീഡിയ ഇത്രയധികം ശക്തമായ കാലത്ത് ലോകത്ത് എവിടെ എന്തു നടന്നാലും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ അക്കാര്യം അറിയാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് ഒരു തേപ്പുകാരിയുടെ വാര്‍ത്തയായിരുന്നു.

അതെ ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയുടെ വാര്‍ത്ത. താലി കെട്ട് കഴിഞ്ഞ് സ്നേഹിച്ചവനെ തേക്കാന്‍ പെണ്‍കുട്ടിക്കായില്ല. കെട്ട് കഴിഞ്ഞയുടന്‍ സാക്ഷിയായ ഗുരുവായൂരപ്പന്റെ മാത്രം പിന്തുണയുമായി വരനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി. കാര്യങ്ങള്‍ വരനോട് മുഖത്ത് നോക്കി പറഞ്ഞിട്ടു തന്നെ.

തുടര്‍ന്ന് കാര്‍ന്നോമ്മാരുടെ നേതൃത്വത്തില്‍ പെണ്ണിനോട് ചര്‍ച്ചയോട് ചര്‍ച്ച. എവിടെ, അതുകൊണ്ടൊന്നും അമ്പിനും വില്ലിനുമടുത്തില്ല. രണ്ടുകൂട്ടരും തമ്മില്‍ അടി പൊട്ടുമെന്നായപ്പോള്‍ ഗുരുവായൂര്‍ പൊലീസെത്തി. സ്റ്റേഷനില്‍ പിന്നേം ചര്‍ച്ചയോട് ചര്‍ച്ച. നാട്ടുകാരെ മൊത്തം അറിയിച്ച് നാണം കെട്ടതല്ലേ, വെറുതേ പോവാന്‍ പറ്റുമോ? വരന്റെ അച്ഛന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ചര്‍ച്ചയ്ക്കൊടുവില്‍ 8 ലക്ഷം രൂപയ്ക്ക് തീരുമാനമായി ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ സമ്മതിച്ചു കരാര്‍ ഒപ്പിട്ടു.

വധു വിന്റെ വീട്ടുകാര്‍ ഗുരുവായൂരിലെ ഹാളില്‍ ഒരുക്കിയ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വരനും സംഘവും കൊടുങ്ങല്ലുരിലേക്ക് മടങ്ങി.

‘വിവാഹപ്പന്തലിലേക്ക് എത്തും മുമ്പ് നവവധു ഒളിച്ചോടി’,

‘വിവാഹസ്ഥലത്തേക്കുള്ള യാത്രാമധ്യേ കാര്‍ നിര്‍ത്തിച്ച് നവവധു ബൈക്കിലെത്തിയ കാമുകന്റെ ഒപ്പം പോയി’

‘വിവാഹപന്തലിലെത്തിയ കാമുകനെ കണ്ട് വരനെ ഉപേക്ഷിച്ച് നവവധു പോയി’

‘കെട്ടിയ താലി അഴിച്ചു നല്‍കി കാമുകനൊപ്പം വധു കടന്നുകളഞ്ഞു’

ഇത്തരം തലക്കെട്ടുകള്‍ നമ്മള്‍ അടുത്തകാലത്തായി കാണുന്നതാണ്. വീട്ടുകാരുടെ സമ്മര്‍ദ്ദം, സമൂഹത്തോടുള്ള പേടി, മാതാപിതാക്കളുടെ ആത്മഹത്യാഭീഷണി, ഏതു തിരഞ്ഞെടുക്കണമെന്ന ആശങ്ക തുടങ്ങി ഒട്ടേറേ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികളെ അലട്ടുന്നുണ്ടാകും.

എന്നാല്‍ വിവാഹമണ്ഡപം വരെ എത്തിയ ശേഷം കാമുകനുമായി പോകാം എന്നുള്ള തീരുമാനം അവിടെ എത്തിയ വരനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇത്തരം പെണ്‍കുട്ടികള്‍ ചിന്തിക്കാറുണ്ടോ? മാനഹാനിയും മാനസികബുദ്ധിമുട്ടുകളും നാണക്കേടും സമൂഹത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസവും പെണ്‍കുട്ടികള്‍ക്കുള്ളതുപോലെ തന്നെയായിരിക്കില്ലേ വരനും വീട്ടുകാര്‍ക്കും ഉണ്ടാവുക. സാമ്പത്തിക ചെലവും മറ്റും വേറെയും.

ഒടുവില്‍ കെട്ടിയ താലി ഊരി കൈയില്‍ കൊടുത്തിട്ട് കാമുകന്റെ കൂടെ പോയാല്‍ മതിയെന്ന് പെണ്‍കുട്ടിപറയുന്ന നിമിഷം ആ വരന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.

ആദ്യത്തെ കുറച്ചുദിവസം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വാന്തനവാക്കുകളും ആശ്വസിപ്പിക്കലുമായി കടന്നു പോകുമായിരിക്കും. കാമുകനൊപ്പം പോയ പെണ്‍കുട്ടിയോടുള്ള ദേഷ്യം തീര്‍ക്കാനും സ്വയം സമാധാനം കണ്ടെത്താനുമായി കേക്ക് മുറിക്കല്‍, പാര്‍ട്ടി നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ അയാള്‍ ചെയ്‌തേക്കാം. എന്നാല്‍ അതുകഴിഞ്ഞ് സഹപ്രവര്‍ത്തകരെയും സമൂഹത്തെയുമൊക്കെ അയാള്‍ തനിയെ അഭിമുഖീകരിക്കേണ്ടി വരും. കല്യാണം മുടങ്ങി പോകുന്ന പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന സഹതാപ തരംഗം പോലും ഒരു പുരുഷന് ലഭിക്കണമെന്നില്ല.

കുടുംബ സദസുകളിലും സുഹൃത്തുക്കളുടെ ഇടയ്ക്കുമൊക്കെ അറിയാതെയെങ്കിലും പെണ്‍കുട്ടി വിവാഹത്തിന്റെ അന്ന് ഓടിപ്പോയ സംഭവം പറഞ്ഞു ചിരിക്കാനുള്ള ഒന്നായി മാറാന്‍ അധിക സമയമൊന്നും വേണ്ട.

കല്യാണത്തിന്റെ അന്ന് കല്യാണം മുടങ്ങിയ പയ്യന്‍ എന്ന വിളി അയാളെ വിടാതെ പിന്തുടരും. മറ്റൊരു ജീവിതത്തിന് പോലും ഇതൊരു തടസമായേക്കാം. മാത്രമല്ല ഇനിയൊരു കല്ല്യാണത്തിന്റെ കാര്യം ആലോചിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലേക്ക് അയാള്‍ എത്തിയേക്കാം. വിവാഹപന്തലില്‍ എത്തിയിട്ട് കാമുകനോടൊപ്പം പോകാന്‍ കാണിക്കുന്ന ധൈര്യം അല്‍പ്പം നേരത്തെ തീരുമാനം എടുക്കാന്‍ കാണിച്ചാല്‍ നഷ്ടമാകാതിരിക്കുന്നത് മറ്റൊരാളുടെ സന്തോഷവും സമാധാനവും മാനാഭിമാനവുമായിരിക്കുമെന്ന് ഇത്തരക്കാര്‍ ഒന്ന് ഓര്‍ത്താല്‍ നന്ന്.

Loading...

Leave a Reply

Your email address will not be published.

More News