Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:25 am

Menu

Published on June 26, 2015 at 3:24 pm

സന്ധി സംഭാഷണം പീഡനപ്രതിയോടോ ?!

dont-want-to-marry-or-mediate-with-him-says-rape-survivor-after-madras-high-court-grants-bail-to-culprit

ആർക്ക്‌ വേണ്ടിയുള്ളതാണ് ഇത്തരം കോടതി വിധികൾ ? ഇവിടെ എന്താണ് നീതി? സ്വപ്നത്തിൽ പോലും കാണാനാഗ്രഹിക്കാത്ത, തന്റെ ജീവിതം തകർത്തെന്നു വിശ്വസിക്കുന്ന ഒരാൾ ഔദാര്യത്തോടെ വെച്ചു നീട്ടുന്ന വിവാഹം എന്ന മൂന്നക്ഷരമാണോ പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്ക് കിട്ടേണ്ട നീതി? ആ വിവാഹത്തിൽ നിന്ന് എന്താണ് അവൾ പ്രതീക്ഷിക്കേണ്ടത് ?

പീഡിപ്പിച്ചയാളുമായി സന്ധിസംഭാഷണം നടത്താന്‍ ‘ഇര’യോടാവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി നടപടി, ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ കൊണ്ട് സമൂഹ മനസ്സാക്ഷിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു.

ഇവിടെ ഓര്‍ക്കാതെ പോകുന്നത് ഒരുകാര്യമാണ്. അവള്‍ക്കുമുണ്ട് മറ്റെല്ലാവവരുടേയും പോലെ ആത്മാഭിമാനം. പിച്ചിച്ചീന്തപ്പെട്ടു എന്ന് കരുതി ആര്‍ക്കുമുമ്പിലും അത് അടിയറവെക്കാനുള്ളതല്ല. അതിനെ തകര്‍ക്കാനുള്ള ആരുടെ നടപടിയും അവള്‍ക്ക് സഹിക്കാന്‍ സാധിക്കാത്തതും ‘അയാളുടെ മുഖം പോലും കണേണ്ട, അയാളോട് സംസാരിക്കേണ്ട, കല്യാണം കഴിക്കുകയും വേണ്ട’. എന്നുറപ്പിച്ച് പറയാന്‍ കഴിയുന്നതും അതുകൊണ്ട് മാത്രമാണ്.

കൗമാരത്തിൽത്തന്നെ തന്റെ സ്വപ്നങ്ങള്ക്ക് മേൽ കരി നിഴൽ പതിപ്പിച്ച്, പീഡിപ്പിക്കപ്പെട്ടവളെന്ന ഒരിക്കലും മായാത്ത ലേബലിൽ ജീവിതം ചവിട്ടിയരച്ച ഒരാളോട് എങ്ങനെയാണ് ക്ഷമിക്കാനാവുക?ആർക്കാണ് പൊറുക്കാനാവുക? . ‘ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി എന്നെ ബലാത്സംഗം ചെയ്തു, ഞാന്‍ ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് എന്നെ ഭീഷണിപ്പെടുത്തി. ഞാനെന്തിന് ആ മനുഷ്യനെ വിവാഹം കഴിക്കണം?’ ഇരുപത്തരണ്ടുകാരിയായ അവളുടെ ചോദ്യത്തിന് കൃത്യമായ മറുപടി ആരുടെ പക്കലാണ് ഉള്ളത്. ‘എന്റെ കുടുംബം ഒരുപാട് അനുഭവിച്ചു. ബലാത്സംഗത്തിന് ശേഷം ഞാന്‍ അബോധാവസ്ഥയിലായിരുന്നപ്പോഴുള്ള ചിത്രങ്ങള്‍ കാട്ടി അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയ അയാളും കൂട്ടുകാരും കുഞ്ഞുപിറന്നതോടെ കുഞ്ഞിനെ വധിക്കുമെന്നായി ഭീഷണി. അതുകൊണ്ട്് പുറമേക്ക് ജോലിക്കുപോകുന്നത് ഞാന്‍ ഉപേക്ഷിച്ചു. എനിക്ക് അയാളുടെ മുഖം പോലും കാണേണ്ട, അയാളോട് സംസാരിക്കേണ്ട, അയാളെ വിവാഹം കഴിക്കുകയും വേണ്ട.’ വാക്കുകള്‍ക്ക് ഒരിക്കല്‍ക്കൂടി അവള്‍ ഊന്നല്‍ നല്‍കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം


2008-ല്‍ യുവതിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് വി.മോഹന്‍ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ വീട്ടുകാരുള്‍പ്പടെ പലരും യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വി.മോഹനെ പോയിക്കണ്ടിരുന്നു. പക്ഷേ ആവശ്യക്കാരെ അപഹാസ്യരാക്കുന്ന നടപടിയാണ് മോഹന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ യുവതിയുടെ വീട്ടുകാര്‍ കേസുമായി മുന്നോട്ട് പോയി. സ്വന്തം കുഞ്ഞിനെ അംഗീകരിക്കാനും ഇയാള്‍ തയ്യാറായിരുന്നില്ല. ഡി.എന്‍.എ പരിശോധനഫലം പുറത്തുവന്നതോടെയാണ് ഇയാള്‍ കുഞ്ഞിനെ അംഗീകരിച്ചത്.

2012ലാണ് മോഹനെ ഏഴുവര്‍ഷം തടവുശിക്ഷയ്ക്ക് കടലൂര്‍ മഹിളാ കോടതി ശിക്ഷിച്ചത്. കേസില്‍ എഴു വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് മോഹന് ലഭിച്ച ശിക്ഷ. ഇതിനെതിരെ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവദാസ് കഴിഞ്ഞ ദിവസം സന്ധിസംഭാഷണത്തിന് നിര്‍ദേശിച്ചത്. മറ്റൊരു ബലാത്സംഗ പ്രതിക്ക് സമാനമായ രീതിയില്‍ ജാമ്യം നല്‍കിയെന്നും അയാള്‍ ബലാത്സംഗത്തിന് വിധേയായ സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ചൂണ്ടിക്കാട്ടി മോഹന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സ്ത്രീയും പ്രതിയുമായുള്ള മധ്യസ്ഥതയ്ക്ക് മുന്‍കയ്യെടുക്കാന്‍ ഇരുകൂട്ടരുടെ അഭിഭാഷകരോട് നിര്‍ദേശിച്ചു.

എന്നാല്‍, ബന്ധുവായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് ഇയാള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നതെന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇയാള്‍ മധ്യസ്ഥതക്ക് സമ്മതിച്ചിരിക്കുന്നതെന്നാണ് യുവതി ആരോപിക്കുന്നത്. മോഹനെ വിവാഹം കഴിക്കുന്നതിനെ യുവതിയെ വീട്ടുകാരും എതിര്‍ക്കുന്നുണ്ടെങ്കിലും മകളെ കുറിച്ചോര്‍ത്ത് വിവാഹത്തിന് തയ്യാറാകണമെന്നാണ് ബന്ധുക്കള്‍ യുവതിയോട് ആവശ്യപ്പെടുന്നത്.

ബലാത്ക്കാരം ചെയ്തയാളോട് സന്ധിസംഭാഷണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട കോടതിവിധിയെ വിവിധ വനിതസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും ശക്തമായി അപലപിച്ചിരുന്നു. ബലാത്സംഗം ക്രിമിനല്‍ കുറ്റമാണെന്നും കുറ്റവാളി ശിക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി നീതിനിഷേധമാണെന്നും ചൂണ്ടിക്കാട്ടി ഇന്ദിരാ ജെയ്‌സിങ്ങ്, സുധാ രാമലിംഗം തുടങ്ങിയ വനിത അഭിഭാഷകരും രംഗത്തെത്തി. സുപ്രീകോടതി ഇടപെട്ട് സന്ധിസംഭാഷണം തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News