Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 2, 2023 8:33 am

Menu

Published on April 24, 2013 at 10:39 am

‘ഡോക്ടര്‍ ഷോപ്പിങ്’ എന്ന അപൂര്‍വ രോഗം

dr-shopping

യുവതിയായ വീട്ടമ്മ. കഴുത്തില്‍ ചെറിയ വേദനയായിരുന്നു തുടക്കം. തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ച് മരുന്ന് കുറിച്ചുവാങ്ങി. ചെറിയ മാറ്റം തോന്നിയെങ്കിലും വേദന പൂര്‍ണമായി മാറിയില്ല. അയല്‍ക്കാരിയുടെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹവും നല്‍കി മൂന്നു തരം ഗുളികകളും ഒരു ഓയിന്‍റ്മെന്‍്റും. ഉറങ്ങുമ്പോള്‍ തലയണ ഉപേക്ഷിക്കാന്‍ പറഞ്ഞതിന് പുറമെ ലഘുവായ ചില എക്സര്‍സൈസുകളും നിര്‍ദേശിച്ചു. മരുന്നുകള്‍ കൃത്യമായി കഴിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്തെങ്കിലും വേദന പൂര്‍ണമായും വിട്ടുമാറിയില്ല.

അടുത്തതായി ഒരു അസ്ഥിരോഗ വിദഗ്ധനെയാണ് സമീപിച്ചത്. എക്സ്റേയില്‍ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും മരുന്നുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നില്ല. ചികിത്സയോടൊപ്പം വേദനയും മുന്നോട്ടുപോയി. വാതത്തിന്റെ ഉപദ്രവമാണെന്നും ആയുര്‍വേദ വൈദ്യനെ കണ്ടാല്‍ മാറ്റിയെടുക്കാവുന്ന രോഗമാണെന്നും നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയപ്പോള്‍ കുറച്ചുനാള്‍ തൈലത്തിന്‍െറയും കഷായത്തിന്‍െറയും ലോകത്ത് കഴിഞ്ഞു. താല്‍ക്കാലിക ശമനമല്ലാതെ വേദന പൂര്‍ണമായി വിട്ടുമാറിയില്ല. എന്നു മാത്രമല്ല, വേദന കഴുത്തിന് പുറമെ തോളെല്ലുകളിലേക്കും വ്യാപിച്ചു.

അടുത്തതായി നഗരത്തിലെ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലായിരുന്നു അഭയം. തൈറോയ്ഡ് പരിശോധനയടക്കം വിവിധതരം ടെസ്റ്റുകള്‍, ഒന്നിലധികം ഡോക്ടര്‍മാരുടെ നീണ്ട പരിശോധനകള്‍, സ്കാനിങ്… അങ്ങനെ പോയി ടെസ്റ്റുകളുടെയും ചികിത്സകളുടെയും ദിനരാത്രങ്ങള്‍. ഡോക്ടര്‍മാരും മരുന്നുകളും വന്നുംപോയുമിരുന്നെങ്കിലും രോഗം മാത്രം രോഗിയെ വിട്ടുപോയില്ല. ഇതിനിടെ കുറച്ചുകാലം ഹോമിയോ ചികിത്സയും നടത്തി. ആര്‍ത്രൈറ്റിസ്, സ്പോണ്‍ഡലൈറ്റിസ്, റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ പല പേരുകളിലായി വിവിധ ഡോക്ടര്‍മാര്‍ വിളിച്ച രോഗം പക്ഷേ, തോറ്റുമടങ്ങാതെ രോഗിയുടെ കൂടെത്തന്നെ നിന്നു.

ഇതിനകം ജീവിതംതന്നെ മടുത്തുപോയ രോഗി മുന്‍ജന്മത്തില്‍ ചെയ്ത പാപപരിഹാരങ്ങള്‍ക്ക് മന്ത്രവാദങ്ങളും എണ്ണമറ്റ വഴിപാടുകളും നടത്തി. പക്ഷേ, വേദന അവിടെത്തന്നെ നിന്നു. അടുത്തതായി ഏത് ഡോക്ടറെ സമീപിക്കണം എന്നറിയാന്‍പോലും ജോത്സ്യനെ സമീപിക്കുന്ന ഘട്ടം വരെയെത്തി.

മേല്‍പറഞ്ഞ കാര്യങ്ങള്‍ ഒരു ഭാവനാസൃഷ്ടിയല്ല, ഇന്ന് നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതും ‘ഡോക്ടര്‍ ഷോപ്പിങ്’ എന്ന് ഡോക്ടര്‍മാര്‍തന്നെ കളിയാക്കിവിളിക്കുന്നതുമായ പ്രവണതയുടെ ഒരു ഉദാഹരണം മാത്രമാണ്.കഴുത്തുവേദനയുടെ സ്ഥാനത്ത് തലവേദന, നെഞ്ചുവേദന, പുറംവേദന, ശരീരഭാഗങ്ങളില്‍ തരിപ്പ്, പുകച്ചില്‍, കഠിനമായ ക്ഷീണം, അവയവങ്ങള്‍ക്ക് ബലക്ഷയം, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് എന്നീ ലക്ഷണങ്ങളും ഇത്തരം കേസുകളില്‍ കാണാറുണ്ട്. ഇവിടെയൊക്കെ യഥാര്‍ഥ വില്ലന്‍ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കളുടെ സാന്നിധ്യമോ മറ്റു ശാരീരികപ്രശ്നങ്ങളോ അല്ല. മറിച്ച് ഒരു വ്യക്തിയുടെ മാനസിക പ്രശ്നങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ശാരീരിക അവസ്ഥകളാണ്.

സൊമാറ്റഫോം ഡിസോര്‍ഡര്‍ (Somatoform Disorders), ഡിസ്സോസിയേറ്റിവ് ഡിസോര്‍ഡര്‍ (Dissociative Disorders) സൈകോസൊമാറ്റിക് ഡിസോര്‍ഡര്‍ (Psychosomatic Disorders) തുടങ്ങി നിരവധി മാനസികപ്രശ്നങ്ങള്‍ മൂലം ഒരു വ്യക്തിക്ക് ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെടാമെന്നാണ് മനോരോഗവിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരം രോഗികള്‍ക്ക് ശാരീരിക വേദനകള്‍ക്ക് നല്‍കുന്ന വേദനസംഹാരികളോ മറ്റു മരുന്നുകളോ ഫലപ്രദമാകാറില്ല. മറിച്ച് അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തിയുള്ള മന:ശാസ്ത്ര ചികിത്സയാണ് നല്‍കേണ്ടത്. സൈക്കോതെറപ്പിയും ആവശ്യമെങ്കില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന മരുന്നും ഉപയോഗിച്ചുള്ള ചികിത്സയാണ് ഇക്കൂട്ടര്‍ക്ക് ആവശ്യം.

ഈ ലേഖനത്തിന്‍െറ തുടക്കത്തില്‍ പരാമര്‍ശിച്ച യുവതിയുടെ കാര്യംതന്നെയെടുക്കാം. ഏറ്റവും ഒടുവില്‍ കണ്ട ഡോക്ടറാണ് ഇതുവരെയുള്ള ചികിത്സകളുടെ ‘ചരിത്രം’ പരിശോധിച്ചശേഷം ഒരു മനോരോഗ വിദഗ്ധന്‍െറ സഹായം തേടാന്‍ ഉപദേശിച്ചത്. നിരന്തരമായ കൗണ്‍സലിങ്ങിനിടയിലാണ് അവരുടെ അസുഖത്തിന്‍െറ മൂലകാരണം ചികിത്സകന് മനസ്സിലായത്. ഭര്‍ത്താവിന്റെ അമിത മദ്യപാനവും പരസ്ത്രീബന്ധങ്ങളുമായിരുന്നു അവരുടെ പ്രശ്നം. ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനും ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ശ്രദ്ധയും സഹാനുഭൂതിയും കൂടുതലായി ലഭിക്കുന്നതിനും വേണ്ടി അവരുടെ മനസ്സ് സൃഷ്ടിച്ച ‘രോഗ’മായിരുന്നു കഴുത്തിന്‍െറ വേദനയും മറ്റും.
കൗണ്‍സലിങ്ങിലൂടെ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തുകയും മദ്യപാനവും മറ്റു സ്വഭാവദൂഷ്യങ്ങളും ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തയാറാവുകയും ചെയ്തതോടെ കഴുത്തുവേദന എന്നെന്നേക്കുമായി അവരെ വിട്ടുപോയി. സൊമാറ്റഫോം ഡിസോര്‍ഡര്‍ എന്ന രോഗമായിരുന്നു യഥാര്‍ഥത്തില്‍ അവരെ പിടികൂടിയത്.

സൊമാറ്റഫോം ഡിസോര്‍ഡര്‍ പ്രശ്നമുള്ള രോഗിയുടെ കാര്യത്തില്‍ പൊതുവെ മാനസിക അസ്വസ്ഥതകളൊന്നും പ്രത്യക്ഷത്തില്‍ പ്രകടമാകുകയോ രോഗിക്ക് അനുഭവപ്പെടുകയോ ചെയ്യില്ല. ശാരീരിക അസ്വസ്ഥതകള്‍മാത്രമായിരിക്കും ഇക്കൂട്ടരുടെ പ്രശ്നം. ജീവിതത്തില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്തവരെയും ഒരുതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ബാധിക്കാത്തവരെയും പിടികൂടാമെന്നതും വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാമെന്നതും ഈ രോഗത്തിന്റെ പ്രത്യേകതകളാണ്.

അതേസമയം, ഡിസ്സോസിയേറ്റിവ് (കണ്‍വേര്‍ഷന്‍) ഡിസോര്‍ഡര്‍ രോഗികളില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഒരേസമയം പ്രത്യക്ഷപ്പെടുന്നതായി കാണാം. കേള്‍വിശക്തി ഇല്ലാതാവുക, സംസാരശേഷി നഷ്ടമാവുക, അവയവങ്ങളുടെ ചലനശേഷി, സ്പര്‍ശനശേഷി എന്നിവ നഷ്ടമാവുക തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ ഇക്കൂട്ടരില്‍ കാണപ്പെടുമെങ്കിലും ലബോറട്ടറികളിലെ പരിശോധന, എക്സ്റേ, സ്കാനിങ് എന്നിവയിലൂടെ രോഗം കണ്ടെത്താനാവില്ല. പക്ഷേ, സാധാരണയായി ഇത്തരം പ്രശ്നങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കാറില്ല.എന്നാല്‍, സൈകോസൊമാറ്റിക് ഡിസോര്‍ഡര്‍ കേസുകളില്‍ ആസ്ത്മ, നിരന്തരമായ തുമ്മല്‍, ആമാശയ അള്‍സര്‍ തുടങ്ങിയ പ്രത്യക്ഷ രോഗങ്ങള്‍തന്നെ കണ്ടെത്താനാവും.
മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രത്യക്ഷമാവുന്ന ശാരീരിക രോഗലക്ഷണങ്ങള്‍ ഭൂരിഭാഗവും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതേസമയം, മനസ്സിന് ആവശ്യമായ പരിചരണം നല്‍കുകവഴി ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാകും.

പരിശോധനകളില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്താതിരിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ വിട്ടുമാറാതെ തുടരുകയും ചെയ്യുന്നപക്ഷം രോഗിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.ഏതെങ്കിലും തരത്തിലുള്ള അസുഖം നമ്മെ പിടികൂടുമ്പോള്‍ കഴിയുന്നതും വിദഗ്ധനായ ഒരു ഡോക്ടറെ സ്ഥിരമായി സമീപിക്കുകയാണ് വേണ്ടത്. ആ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടതുള്ളൂ. ഡോക്ടര്‍മാരെ മാറിമാറി കാണുന്ന പ്രവണത പലപ്പോഴും രോഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നുമാത്രമല്ല, പരിശോധനകളുടെ പേരിലും മറ്റും കടുത്ത സാമ്പത്തിക നഷ്ടത്തിനും സമയനഷ്ടത്തിനും ഇടയാക്കുകയും ചെയ്യും.

(ലേഖിക മനോരോഗ വിഭാഗം മേധാവി, കോഴിക്കോട് മെഡിക്കല്‍ കോളജ് മേധാവിയാണ്)

Loading...

Leave a Reply

Your email address will not be published.

More News