Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:23 pm

Menu

Published on April 24, 2013 at 7:28 am

ഇത് ഗുരുനിന്ദ

guru-article

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും
(അനുകമ്പാദശകം
-ശ്രീ നാരായണ ഗുരു)

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും
(അനുകമ്പാദശകം
-ശ്രീ നാരായണ ഗുരു)

ഒരു സമൂഹത്തെ വംശീയ ഉന്മൂലനം ചെയ്യുകയും നീതിതേടിയ മനുഷ്യരെ ആട്ടിപ്പായിക്കുകയും അധികാര മുഷ്ക് ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയും ചെയ്യുന്ന ഒരാള്‍ ഒരുപക്ഷേ, നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാല്‍ ഏറെ അദ്ഭുതമൊന്നും തോന്നില്ല. പക്ഷേ, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന മുദ്രാവാക്യം മുഴക്കിയ ശ്രീനാരായണ ഗുരുവിന്‍െറ സമാധിസ്ഥാനത്ത് അയാള്‍ക്ക് ചെമ്പട്ടുവിരിച്ച് സ്വീകരണമൊരുക്കുന്നു എന്നത് അദ്ഭുതവും ഞെട്ടലുമുണ്ടാക്കുന്നു. രാഷ്ട്രീയ നേതാക്കളോ ഭരണകര്‍ത്താക്കളോ ശിവഗിരി മഠത്തില്‍ അതിഥികളായെത്തുന്നത് ആദ്യമായല്ല. എന്നാല്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയില്‍ അതിഥിയായി വരവേല്‍ക്കുന്നത് മഠത്തിനുമാത്രമല്ല ശ്രീനാരായണ പ്രസ്ഥാനത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും മതേതര സങ്കല്‍പങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ്. ഗുരുദേവന്‍െറ മഹത് സങ്കല്‍പത്തിന് തീര്‍ത്തും വിരുദ്ധമായ സംസ്ഥാനമാക്കി ഗുജറാത്തിനെ പരിവര്‍ത്തിപ്പിച്ചെടുത്തു എന്നതാണ് ഗുരുസന്നിധിയിലേക്ക് മഠത്തിന്‍െറ അധികാരികളും ശ്രീനാരായണ പ്രസ്ഥാനത്തിന്‍െറ നിലവിലെ അമരക്കാരും ചേര്‍ന്ന് ആനയിക്കുന്ന നേതാവിന്‍െറ യോഗ്യത. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, എന്നാണ് നാരായണ ഗുരുവിന്‍െറ വേദാന്തമെങ്കില്‍ വംശഹത്യയാണ് മോഡിയുടെ സിദ്ധാന്തം. ലോകമെങ്ങും സ്നേഹം പൂവിടുകയായിരുന്നു ഗുരുവിന്‍െറ സ്വപ്നമെങ്കില്‍ നാട്ടിലെങ്ങും വെറുപ്പുപരത്തുകയാണ് മോഡിയുടെ രീതി. ജാതി-വര്‍ഗീയ ചിന്തകളില്‍ ആണ്ടുമുങ്ങിക്കിടന്ന മലയാളമണ്ണില്‍ മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണഗുരുവും സ്വാതന്ത്യ-ഇടതു വിപ്ളവ പ്രസ്ഥാന നായകരും ഉഴുതുമറിച്ചാണ് സമഭാവനയുടെ പൊന്‍കതിരുകള്‍ മുളപ്പിച്ചത്. രാജ്യത്തിന്‍െറ മറ്റു കോണുകളിലെല്ലാം വര്‍ഗീയതയുടെയും ജാതീയതയുടെയും രോഗാണുക്കള്‍ നാശം വിതറുമ്പോഴും കേരളം രോഗഗ്രസ്ഥമാവാത്തതും ആ മുന്നേറ്റങ്ങള്‍ പകര്‍ന്ന പ്രതിരോധ ശേഷികൊണ്ടാണ്. എന്നാല്‍ ആ പ്രയത്നങ്ങളെയെല്ലാം അവമതിക്കാനും പിന്നോട്ടടിക്കാനും പോന്നതാണ് മോഡിയുടെ വരവ്. ഇത് മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യനെയുമെന്ന പോലെ ഗുരുവിന്‍െറ ആത്മാവിനെയും വേദനിപ്പിക്കും

മറ്റുചില നേതാക്കളെ ക്ഷണിക്കാന്‍ ശ്രമിച്ചെന്നും അവരെ ലഭിക്കാത്തതുകൊണ്ട് മോഡിയെ വിളിച്ചെന്നുമാണ് മഠത്തിന്‍െറ ചുമതലക്കാര്‍ പറയുന്നത്. അത് അത്ര നിര്‍ദോഷ പ്രവൃത്തിയായി കാണാനാവുന്നില്ല. നൂറ്റാണ്ടുകള്‍ മുമ്പ് വര്‍ണാശ്രമ-ബ്രാഹ്മണ്യ വ്യവസ്ഥ ഇവിടുത്തെ അടിസ്ഥാന-കീഴാള ജനവിഭാഗങ്ങള്‍ക്കെതിരായി ചെയ്തതിന്‍െറ തുടര്‍ച്ചയാണ് പത്തുവര്‍ഷം മുമ്പ് മോഡി ഗുജറാത്തിലെ മുസ്ലിംകളോട് ചെയ്തത്. നാരായണഗുരുവെ സ്വാധീനിച്ചിരുന്ന ബുദ്ധമതത്തെ അക്രമവും ശക്തിയും ഉപയോഗിച്ച് മണ്ണോടുചേര്‍ത്തതും ജാതിവ്യവസ്ഥയുടെ പ്രയോക്താക്കളാണ്. വര്‍ണാശ്രമം തിരികെ കൊണ്ടുവരാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും പ്രതിജ്ഞ ചെയ്തിരിക്കുന്ന സംഘപരിവാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നയാളാണ് മോഡി. ആര്‍.എസ്.എസിന്‍െറ ഹിന്ദുഹൃദയ സമ്രാട്ട് തങ്ങള്‍ക്കും സ്വീകാര്യനാണ് എന്ന് സമ്മതിക്കുക വഴി ശിവഗിരി-എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന സൂചന എന്താണ്? വികസനത്തിന്‍െറ പേരിലാണ് മോഡിയെ ബഹുമാനിക്കുന്നത് എന്നാണ് ശിവഗിരിയിലെ ചില സ്വാമിവേഷങ്ങള്‍ പറയുന്നത്. വികസനനായകന്‍ എന്ന് പുകഴ്ത്തി മോഡിയെ വണങ്ങുന്നത് ടാറ്റ-ബിര്‍ല-അംബാനിമാര്‍ മുതല്‍ സമ്പന്ന മുസ്ലിം വണിക്കുകള്‍വരെ ശീലമാക്കിയിരിക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സൗകര്യങ്ങളും ആനുകൂല്യങ്ങളും ആവോളം അനുവദിക്കുകവഴി അവരുടെ ലാഭക്കൊതികള്‍ക്കും വികസനത്തിനും മോഡി നായകത്വം വഹിക്കുന്നു എന്നത് നേരുതന്നെയാണ്. വ്യവസായ-മാധ്യമ പ്രഭുക്കളുടെ പിന്തുണ ഉള്ളിടത്തോളം കാലം ഏതൊരു ക്രൂര ഭരണാധികാരിക്കും പ്രജാക്ഷേമതല്‍പരനെന്ന് പേരെടുക്കാം. നാട്ടിലെ ബാലമരണങ്ങള്‍ മറച്ചുവെക്കാം. പക്ഷേ, പാവപ്പെട്ട ജനങ്ങളെ ആട്ടിയോടിച്ചും യുവജനങ്ങളെ വ്യാജഏറ്റുമുട്ടലുകളില്‍ കൊലചെയ്തും സ്ത്രീപീഡകരെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിച്ചും സ്വന്തം കസേര ഉറപ്പിച്ചു നിര്‍ത്തുന്ന ഒരാള്‍ സാധാരണക്കാരായ ജനസമൂഹത്തിന്‍െറ മനസ്സില്‍ പേടിസ്വപ്നമാണ്. 2002ലെ വംശഹത്യയുടെ ഇരകള്‍ ഇപ്പോഴും വെള്ളവും വെളിച്ചവും നല്ലനടവഴികളുമില്ലാത്ത ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. വിധവകള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കും നീതി ഇനിയും ഒരുപാട് അകലെയാണിവിടെ. ഭരണാധിപന്‍െറ അരുതായ്മകളെ എതിര്‍ക്കുന്ന ഹിന്ദുക്കള്‍ക്കുപോലും ഇടമില്ലാത്ത ഹിന്ദുരാഷ്ട്രമാണ് മോഡിയും സംഘപരിവാര്‍ വിചാരധാരയും വിഭാവനചെയ്യുന്നത്. മഹത്തായ പാരമ്പര്യമുള്ള ശിവഗിരിപോലൊരു ധര്‍മസ്ഥാപനം കോര്‍പറേറ്റ് മുതലാളിമാര്‍ക്കും വര്‍ഗീയ രക്ഷസ്സുകള്‍ക്കുമൊപ്പമല്ല മനുഷ്യപക്ഷത്താണ് ചേരേണ്ടത്. അതാണ് ഒരു കുഞ്ഞുറുമ്പുപോലും വേദനിപ്പിക്കപ്പെടരുത് എന്നുപഠിപ്പിച്ച ഗുരുദേവന്‍ പ്രതിനിധാനം ചെയ്ത പക്ഷം.

ഇരുളിന്‍മറവില്‍ ഗുരുപ്രതിമ തകര്‍ക്കല്‍ ഇടക്കിടെ കേരളത്തില്‍ സംഭവിക്കാറുണ്ട്. എന്നാല്‍, തന്‍െറ സംസ്ഥാനത്തെ ദുര്‍ബല ജനതയെയും അവരുടെ സ്ഥാപനങ്ങളെയും ചുട്ടെരിക്കാന്‍ ആഹ്വാനം നല്‍കിയ ഭരണാധികാരിയെ കെട്ടിയെഴുന്നള്ളിക്കുകവഴി ശ്രീനാരായണഗുരുവിന്‍െറ അതിശ്രേഷ്ഠമായ ദര്‍ശനങ്ങളെ പട്ടാപ്പകല്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയാണ് ശിവഗിരിമഠാധികൃതര്‍.

(ഗുജറാത്ത് മുന്‍ ഡി.ജി.പിയാണ് ലേഖകന്‍)

Loading...

Leave a Reply

Your email address will not be published.

More News