Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : കണ്ണീർ പരമ്പരകൾക്ക് പൂർണമായി വിട നൽകാൻ ഒരുങ്ങുകയാണ് തിരുവന്തപുരം നഗരത്തിലെ കുമാരപുരത്തുള്ള ഒരു കൂട്ടം ജനങ്ങൾ. ഭർത്താവിന്റെ അവിഹിത ബന്ധങ്ങളുടെ കഥയോ അമ്മായിയമ്മ – മരുമകൾ പോരോ ഒന്നും തന്നെ ഇനി ഇവിടെയുള്ള ജനങ്ങളെ അലട്ടില്ല . കാരണം അവിടത്തെ റസിഡൻസ് അസോസിയേഷൻ അനൗദ്യോഗികമായി കണ്ണീർ പരന്പരകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മൂന്ന് വർഷം മുന്പ് മാലിന്യമുക്ത പ്രദേശമായി മാറിയ പൊതുജനം ലെയ്ൻ ഇപ്പോൾ അവിടത്തെ നിവാസികളുടെ മനസിലെ ‘സീരിയൽ’ എന്ന മാലിന്യത്തെ നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരു മാസം നീണ്ടും നിന്ന സർവേയ്ക്കു ശേഷമാണ് സീരിയലുകൾ നിരോധിക്കാൻ റെസിഡൻസ് അസോസിയേഷൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ഡോ.സുരേഷ് പറയുന്നു.സീരിയലുകൾ കുടുംബങ്ങളിലുണ്ടാക്കുന്ന നിരവധി മോശം പ്രവണതകൾ സർവേയിൽ വെളിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സീരിയലുകൾ കാരണം പരസ്പരം സൗഹൃദം പുതുക്കാനോ, സംസാരിക്കാനോ സമയം മെനക്കെടാത്ത സാഹചര്യം ഉണ്ടായിരുന്നു.സീരിയലുകളോടുള്ള വീട്ടുകാരുടെ ആസക്തി മാറ്റുന്നതിന് അസോസിയേഷൻ ആദ്യം ചെയ്തത് വീടുകളിൽ വിജ്ഞാനവും വിനോദവും നൽകുന്ന മാഗസിനുകൾ എത്തിക്കുകയായിരുന്നു. ഓരോ വീട്ടിലും അവ എത്തുന്നുണ്ടെന്ന് അവർ ഉറപ്പു വരുത്തി. പിന്നീട് കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ചും കുട്ടികളുമായി സംസാരിക്കാൻ അവസരമൊരുക്കി. ഒരു കുടുംബത്തെയും ഇതിനായി ഭാരവാഹികൾ നിർബന്ധിച്ചില്ല. എന്നാൽ മുപ്പതോളം കുടുംബങ്ങൾ ആദ്യം തന്നെ ഈ ഉദ്യമത്തോട് സഹകരിക്കാൻ തയ്യാറായി. ഒരു മാസം കണ്ണീർ സീരിയലുകൾക്ക് അവധി കൊടുക്കാൻ നിർദ്ദേശിച്ചു. അതിനു ശേഷം അവരുടെ പൊതുവികാരം അറിയാനുള്ള അവസരവുമൊരുക്കി. അത്ഭുതപ്പെടുത്തുന്നതായിരുന്നു അതിന്റെ ഫലം. ഓരോരുത്തരും പതിയെ സീരിയലുകളോട് ഗുഡ് ബൈ പറഞ്ഞതായും സുരേഷ് വെളിപ്പെടുത്തി.എല്ലാ സീരിയലുകളുടെ പ്രതിപാദ്യ വിഷയം ഒന്നു തന്നെയായിരുന്നു. സ്ത്രീകൾക്കിടയിലെ അസൂയ, കുശുന്പ്, തുടങ്ങിയ കാര്യങ്ങൾ. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ നിഷ്കരുണം ചവിട്ടിത്തള്ളാൻ മടിയില്ലാത്ത മനസിന്റെ ഉടമകളായ സ്ത്രീകൾ… അങ്ങനെ പോകുന്നു കഥാപാത്രങ്ങൾ. ഇതിൽ നിന്നെല്ലാം പ്രേക്ഷകർക്ക് എന്ത് നല്ല കാര്യമാണ് ജീവിതത്തിൽ പഠിക്കാൻ കഴിയുന്നതെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഗിരിജാ നായർ ചോദിച്ചു.തമിഴ്നാട്ടിൽ നിന്നടക്കം ഏതാണ്ട് 230 കുടുംബങ്ങളാണ് പൊതുജനം റെസിഡൻസ് അസോസിയേഷനിലുള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി ജനുവരി മുതൽ പൂർണ തോതിൽ നടപ്പാക്കാനാണ് അസോസിയേഷൻ ഒരുങ്ങുന്നത്.
Leave a Reply