Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:04 pm

Menu

Published on May 22, 2013 at 1:07 pm

ഒരു രാത്രി നമ്മുടെ നഗരം- ചെറുകഥ

malayalam-short-story

നഗരങ്ങള്‍ക്ക്  രാത്രി ഒരു പ്രത്യേക സൌന്ദര്യമാണ്..പ്രത്യേക ഗന്ധമാണ്..
പ്രത്യേക ജീവിതമാണ്…. പകല്‍ കാണുന്ന മനുഷ്യരല്ല രാത്രിയില്‍…
മദ്യപിച്ചു ച്ഛര്‍ധിച്ചു  വഴി വൃത്തികേടാക്കുന്ന  പകലിന്റെ മാന്യദേഹങ്ങള്‍ ഒരുപാടുകാണാം രാത്രി നമ്മുടെ നഗരങ്ങളില്‍….. ഒപ്പം ഇരുളിന്റെ മറവില്‍ നമ്മളെ കാത്തു ഇരുകാലില്‍ നടക്കുന്ന ക്ഷുദ്രജീവികളും ഉണ്ടാവും..പിന്നെ അരച്ചാണ്‍ വയറിനു വേണ്ടി പലതും വില്‍ക്കാനും പണയം വെക്കാനും ഇറങ്ങിത്തിരിച്ചവരും…, കോണ്‍ക്രീറ്റ് കാടുകളില്‍ വഴി തെറ്റി അലയുന്നവരും ..,  രാത്രികളുടെ കൂട്ടുകാരികളും….അങ്ങനെയങ്ങനെ ….

——————————————————————————————————————–

ചെറുപ്പത്തില്‍ എല്ലാവരെയും പോലെ അല്‍പ്പസ്വല്‍പ്പം വെള്ളമടിയും ശകലം വിപ്ലവവുമായി നടക്കുന്ന കാലം…ചോര തിളച്ചുമറിയുന്ന പ്രായം..എല്ലാ അര്‍ത്ഥത്തിലും…ഒരിക്കല്‍ ഏതോ ഒരു രാത്രി  നഗരത്തിലെ തിരക്കില്‍ നില്‍ക്കുകയായിരുന്നു ഞാനും..
വഴിയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ നിന്നും പല ശബ്ദങ്ങളും ഞാന്‍ കേട്ടു…
ചിലതിനു വിശപ്പിന്റെ ദയനീയ ഭാവം..ചിലതിനു രതിയുടെ ശീല്കാര ഭാവം..

അങ്ങനെ എന്റെ  ശ്രദ്ധ പലതിലും  മാറി മാറി മനസ്സ് സഞ്ചരിക്കുമ്പോളാണ്  പിന്നില്‍ നിന്നും ഒരു വിളി…..ഒരു സ്ത്രീശബ്ദം…!!!!
“സര്‍….700 രൂപ മതി സര്‍..ഒരു ഫുള്‍ നൈറ്റ് കിട്ടും ..സേഫ് ആണ്…വേണോ സര്‍ ? “..
ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ സമീപം നില്‍ക്കുകയാണ് ഏതാണ്ട് 35 വയസ്സിനോടടുത്ത ഒരു പെണ്ണ് ..സ്വന്തം ശരീരത്തിന് വിലയിട്ടു ഇറങ്ങിയിരിക്കുകയാണ് അവള്‍….

ഇത് വരെ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല..
എന്നാല്‍ ഇന്ന് അല്‍പ്പം വീര്യം അകത്തുള്ളതിനാല്‍ ഞാന്‍ പിന്തിരിയാതെ അവരെ അടിമുടി നോക്കി…കാഴ്ച്ചയില്‍ അത്ര മെച്ചമില്ല..എന്നാല്‍ ഒട്ടും മോശവുമല്ല..700 രൂപ എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫെയര്‍ ഡീല്‍ ആണ്..

ഇന്നാട്ടുകാരി തന്നെ…എങ്കിലും കാഴ്ച്ചയില്‍ ഒരു തമിഴ് ലുക്ക്‌ ഉണ്ട്..
അല്ലെങ്കില്‍ തന്നെ ഇതിനിപ്പോ എന്ത് തമിഴ് ..എന്ത് മലയാളം.. ഞാന്‍ സമ്മതിച്ചു..അവര്‍ വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു..ഞാന്‍ തലയാട്ടി.. അവരുടെ പിറകെ പതിയെ നടന്നു..

അവരുടെ വീട് എന്ന് പറയുന്ന കൂരയിലെത്താറായി ..നഗരത്തിന്റെ നടുവില്‍ തന്നെയുള്ള മറ്റൊരു ലോകം ..അഴുക്കുചാലുകളും വിഴുപ്പുകളും വന്ന് ചേരുന്ന ചേരിയില്‍…അടുത്തടുത്ത് കൊച്ചു കൊച്ചു പാര്‍പ്പിടങ്ങള്‍..മഹാനഗരത്തില്‍ കൃമികളായി ജീവിക്കുന്ന മനുഷ്യരുടെ ഇടം..

അവരുടെ കൊച്ചു വീട്ടിനു മുന്നിലെത്തിയതും ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നു..
വിശന്നു തളര്‍ന്നുറങ്ങുന്ന  3 കൊച്ചുകുട്ടികളെയാണ് ഞാന്‍ അവിടെ കണ്ടത്..
3 പട്ടിണിക്കോലങ്ങള്‍…സോമാലിയയോ ഉഗാണ്ടയോ അല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്ടില്‍…
ഞാന്‍ വിലയുറപ്പിച്ച പെണ്ണിന്റെ മക്കള്‍…
എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി…
എന്നാല്‍ അവര്‍ അപ്പോള്‍ കിടക്ക വിരിക്കുന്ന തിരക്കിലായിരുന്നു….എനിക്കായി….അവരുടെ മക്കള്‍ക്ക് ഒരു നേരത്തെ അന്നത്തിനായി ….

ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു..
“ഈ പിള്ളേരുടെ അപ്പന്‍..?”-ഞാന്‍ ചോദിച്ചു..
“കുറച്ചു നാള്‍ മുന്നേ വണ്ടിയിടിച്ചു ചത്തു…കൂലിപ്പണിയായിരുന്നു…ഞാന്‍ നേരത്തെ ജോലിക്ക് പോയ്ക്കൊണ്ടിരുന്നിടവും സമരം വന്ന് പൂട്ടി ..പിന്നെ മുഴുപ്പട്ടിണി ..അതാ ഇപ്പണിക്ക്‌ ഇറങ്ങിയെ..സാറിനറിയുവോ കടം പറഞ്ഞിട്ട് പോണ അവന്മാര് വരെ ഉണ്ട് ഇവിടെ…പിന്നെ ഇവറ്റകള് വെശന്ന് നിലവിളിക്കുമ്പോ ഞാന്‍ എന്ത് ചെയ്യണം സാറേ…വിഷം  മേടിച്ചു കൊടുക്കാന്‍ മനസ്സ് വരുന്നില്ല..ധൈര്യവും..ങാ .. അത് പോട്ടെ..സാറ് വാ..”-അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..തൊണ്ട ഇടറിയിരുന്നു…

എനിക്ക് പറയാന്‍ ഒന്നുമില്ലായിരുന്നു.. അവരുടെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ പതറിപ്പോയിരുന്നു …ഇതും ഒരമ്മ ..എന്നെ പെറ്റു വളര്‍ത്തിയതും ഒരമ്മ …കുറച്ചു നിമിഷം ഞാന്‍ അങ്ങനെ അനങ്ങാതെ  നിന്നു..
ഞാന്‍ പേഴ്സ് തുറന്നു  എന്റെ കയ്യിലുണ്ടായിരുന്ന  ഒരു 1000 രൂപ നോട്ട് അവര്‍ക്ക് കോടുത്തു.
“ആദ്യം ഈ പിള്ളേര്‍ക്ക് വല്ലതും മേടിച്ചു കൊടുക്ക്‌..അതുങ്ങളുടെ വിശപ്പ്‌ മാറ്റ് … എനിക്കുവേണ്ടി നിങ്ങള്‍ പായ വിരിക്കണ്ട.. കഴിയുമെങ്കില്‍ ആര്‍ക്കുവേണ്ടിയും…”
അവര്‍ ആ നോട്ട് ആര്‍ത്തിയോടെ വാങ്ങി..പിന്നെ നന്ദിയോടെ എന്നെ നോക്കി…ആ കണ്ണുകള്‍ നിറഞൊഴുകിയിരുന്നു..

ആ പിഞ്ചുകുട്ടികളെ ഒന്നുകൂടി നോക്കിയിട്ട്  ഞാന്‍ മെല്ലെ  പുറത്തേക്കിറങ്ങി…
ഒരു രാത്രിയിലും ഉറങ്ങാത്ത നഗരത്തിലേക്ക്..
ചന്ദ്രന് നല്ല പ്രകാശം ഉള്ളതുപോലെ എനിക്ക് തോന്നി..വഴിവിളക്കുകള്‍ കൂടുതല്‍ തെളിമയോടെ മിന്നികൊണ്ടിരുന്നു..
വാഹനങ്ങള്‍ പതിവ് പോലെ ചീറിപാഞ്ഞുകൊണ്ടിരുന്നു..കെട്ടിടങ്ങള്‍ വര്‍ണവെളിച്ചം പൊഴിച്ചുകൊണ്ടിരുന്നു..
അങ്ങനെ രാത്രിയുടെ പുതിയ നഗരകാഴ്ച്ചകള്‍ കണ്ട് , പുതിയ ജീവിതങ്ങള്‍ കണ്ട് ,  നഗരത്തിലെ തിരക്കുകളിലേക്ക് പതിയെ അലിഞ്ഞു ചേരുമ്പോള്‍ ഞാനും പല തിരിച്ചറിവുകള്‍ നേടിയെടുത്തുകഴിഞ്ഞിരുന്നു…

Loading...

One response to “ഒരു രാത്രി നമ്മുടെ നഗരം- ചെറുകഥ”

Leave a Reply

Your email address will not be published.

More News