Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:03 am

Menu

Published on October 31, 2013 at 11:22 am

വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

mother-in-law-husband-held-for-womans-murder

കൊല്ലം:വിവാഹത്തിൻറെ നാലാംനാള്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.ഓച്ചിറ പ്രയാര്‍ ദേവകി നിവാസില്‍ വിശ്വംഭരൻറെയും സരസമ്മയുടെയും മകള്‍ വിദ്യ(21) യെ കൊലപ്പെടുത്തിയ കേസില്‍ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര കാരന്മൂട്ടില്‍ കിഴക്കതില്‍ തങ്കപ്പൻറെ മകന്‍ സന്തോഷ്‌കുമാര്‍(35) മാതാവ് വിജയമ്മ(59) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.ജി സുരേഷ്‌കുമാറിൻറെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
2009 ആഗസ്‌റ്റ് 30-ന്‌ പ്രയാര്‍ എന്‍.എസ്‌.എസ്‌. ഓഡിറ്റോറിയത്തിലാണ്‌ വിദ്യയും സന്തോഷുമായുള്ള വിവാഹം നടന്നത്‌. വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്കുപോയ വിദ്യായെ മൂന്നാം ദിവസം അവശനിലയില്‍ ഭര്‍ത്താവും അമ്മയും ചേര്‍ന്ന്‌ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.അവിടെ നിന്നും അന്നു രാത്രിതന്നെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്ന്‌ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സെപ്‌തംബര്‍ നാലിന്‌ രാവിലെ വിദ്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരണപ്പെട്ടു. പോസ്‌റ്റുമോര്‍ട്ടം പരിശോധനയില്‍ വിദ്യയുടെ വയറ്റിലും കൈയ്യിലും ക്ഷതമേറ്റിട്ടുണ്ടെന്നും കരള്‍ പൊട്ടി രക്‌തസ്രാവം മൂലമാണ്‌ മരണം സംഭവിച്ചതെന്നും കണ്ടെത്തി.തുടര്‍ന്നു കരുനാഗപ്പള്ളി പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.വിദ്യയുടെ മരണം കൊലപാതകമാണെന്നും ഘാതകരെ അറസ്‌റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ വിദ്യയുടെ വീട്ടുകാരും നാട്ടുകാരും വിവിധ സംഘടനകളും രംഗത്തുവന്നു.ശവസംസ്‌കാരം ദിവസങ്ങളോളം നീട്ടിവച്ചു. രണ്ടുവര്‍ഷത്തെ അന്വേഷണത്തിനുശേഷം 2011 ആഗസ്‌റ്റ് മാസത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വിദ്യ കുളിമുറിയില്‍ ചരുവത്തിൻറെ മുകളില്‍കൂടി മറിഞ്ഞുവീണു പരിക്കുപറ്റിയതാണെന്ന്‌ ഭര്‍ത്താവ്‌ സന്തോഷ്‌ പലരോടും പറഞ്ഞുപരത്തിയിരുന്നു.അതിനുവേണ്ടി വിദ്യക്ക്‌ സംഭാവനയായി കിട്ടിയ വിദ്യയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന സ്‌റ്റീല്‍ പാത്രങ്ങളില്‍ ഒരു ചരുവം അടിച്ചു ചളുക്കി പ്രതികളുടെ വീട്ടില്‍ സൂക്ഷിച്ചു.വിവരന്വേഷിച്ചുചെന്നവരെ ആ ചരുവമെടുത്തു കാണിച്ചു.വിദ്യ ഷുഗറിൻറെ അസുഖം കൂടി മരിച്ചതാണെന്നാണ്‌ പ്രതികള്‍ അന്വേഷണ സംഘത്തോടാദ്യം പറഞ്ഞത്‌.എന്നാല്‍ ക്ഷതമേറ്റാണ്‌ വിദ്യ മരിച്ചതെന്ന അന്വേഷണസംഘം അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ കല്യാണത്തിനുമുമ്പ്‌ വിദ്യയുടെ വീട്ടില്‍വച്ച്‌ സംഭവിച്ചതാണെന്നവര്‍ പറഞ്ഞു.വിദ്യക്ക്‌ പരുക്കുകളേറ്റത്‌ വിവാഹത്തിനുശേഷം സന്തോഷിൻറെ വീട്ടില്‍ വച്ചുതന്നെയാണെന്നു ശാസ്‌ത്രീയ തെളിവുകളിലൂടെ അന്വേഷണസംഘം കണ്ടെത്തി. കടുത്ത പ്രമേഹ രോഗിയായിരുന്ന വിദ്യയെ സ്‌ത്രീധനത്തിൻറെ പേരില്‍ ദേഹോപദ്രവമേല്‍പിച്ച്‌ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. എസ്.ഐമാരായ എ.ജയകുമാര്‍, ആര്‍.രാജേഷ്‌കുമാര്‍, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ വി.ആര്‍ രാജീവന്‍പിളള, എ.വിജയരാജന്‍, എന്‍.മധുസൂതനന്‍പിളള,എസ്.ഐ സോമന്‍, സി.പി.ഒമാരായ എ.അജിത്കുമാര്‍, സി.സാഗര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Loading...

Leave a Reply

Your email address will not be published.

More News