Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2023 1:15 am

Menu

Published on January 17, 2018 at 5:26 pm

ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന മിസ്ഡ് കോളുകൾ

phone-call-extramarital-relationships

അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു മിസ്ഡ് കോള്‍ മതിയാകും പലപ്പോഴും ഒരു ജീവിതം തന്നെ ഇല്ലാതാക്കാന്‍. ചിലപ്പോള്‍ ഒന്നിലധികം ജീവിതങ്ങളും. കുടുംബബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നതിലും ദാമ്പത്യജീവിതം ആകെ താറുമാറാക്കുന്നതിലും ക്ഷണിക്കപ്പെടാതെയെത്തുന്ന ഇത്തരം മിസ്ഡ് കോളുകള്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. വിവാഹിതരും അവിവാഹിതരുമായ ഒട്ടനവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്ന് തരിപ്പണമാകാന്‍ ഇത്തരം മിസ്ഡ് കോളുകള്‍ തന്നെ ധാരാളമെന്ന് നിത്യേന നാം കാണുന്ന പത്രവാര്‍ത്തകളും എന്തിനേറെ നമുക്ക് ചുറ്റുമായി പലരിലും നടന്ന സംഭവങ്ങളും കാണിച്ചുതരുന്നു.

ആദ്യം മിസ്ഡ് കോള്‍ ആയി വന്ന് പിന്നീട് അവസാനമില്ലാത്ത ഫോണ്‍ വിളികളിലേക്ക് മാറുന്ന ഇത്തരം ബന്ധങ്ങളിലേക്ക് ആളുകള്‍ വീഴുന്നതിന് ചില കാരണങ്ങളുണ്ട്. സ്ത്രീകളെ പൂര്‍ണ്ണമായും ഒരിക്കല്‍ പോലും ഇതിന് കുറ്റം പറയാന്‍ പറ്റില്ല. കാരണം സ്ത്രീകളെ ഈ രീതിയിലേക്ക് എത്തിക്കുന്നതിന് പിന്നില്‍ ചൂണ്ടയിട്ട് വലയില്‍ ഇരയേയും കാത്തിരിക്കുന്ന കാമവെറിയന്മാരായ ഒരുകൂട്ടം പുരുഷന്‍മാരുടെയും അനിഷേധ്യ പങ്കുണ്ട്. ആ രീതിയില്‍ സ്ത്രീകളെ വെട്ടിലാക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ശബ്ദം എന്ന ഘടകം പ്രണയബന്ധത്തിന് ഊടും പാവും നെയ്യുമ്പോള്‍ ഒരു പഞ്ചേന്ദ്രിയം കൂടി ആ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു.

2. കത്തിനോ ഇമെയിലിനോ ഇല്ലാത്ത ആകര്‍ഷണം കേള്‍വി എന്ന അനുഭവത്തിനുണ്ട്.

3. തന്നെ ഒരാള്‍ സ്‌നേഹിക്കുന്നുണ്ട് എന്നു കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇത് മനുഷ്യസഹജമായ ഒരു ദൌര്‍ബല്യമാണ്.

4. പ്രണയവുമായി കടന്നുവരുന്ന പുതിയ വ്യക്തി ജീവിതത്തിലെ എല്ലാ ശൂന്യതകളും നികത്തുന്നു എന്ന തോന്നല്‍ സൃഷ്ടിക്കുന്നു.

ഇത്തരം മിസ്ഡ് കോള്‍ ബന്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം ആദ്യം മിസ്ഡ് കോള്‍ തൊടുത്തുവിടുന്നവന്റെ മനസ്സിലിരിപ്പ് എത്രത്തോളം ദുരുദ്ദേശപരമാണെന്നതാണ്. സ്വന്തം ആഗ്രഹങ്ങളും ഇച്ഛകളും മാത്രമാണ് അയാളെ ഇതിനായി പ്രേരിപ്പിക്കുന്നത്. നമ്മുടെ വീട്ടിലേക്ക് ക്ഷണിക്കാതെ വന്ന ഒരു അതിഥിയെ പോലെയാണ് അയാള്‍. ആ അതിഥിയെ കൊണ്ട് നമുക്ക് യാതൊരു മെച്ചവുമുണ്ടാവില്ല. ബുദ്ധിമുട്ടുകളെ ഉണ്ടാവുകയുള്ളൂ. എന്നാല്‍ നേട്ടം മുഴുവന്‍ അയാള്‍ക്ക് മാത്രമായിരിക്കും. സ്ത്രീകള്‍ ഈ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ആളുകള്‍ അകപ്പെട്ടുപോകാനുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

1. വിജയകരമായ ഒരു ദാമ്പത്യജീവിതത്തിന് ആവശ്യമായ വിദ്യാഭ്യാസം നമ്മുടെ വിദ്യാലയങ്ങളില്‍നിന്നോ കുടുംബത്തില്‍നിന്നോ മതസ്ഥാപനങ്ങളില്‍നിന്നോ ലഭിക്കുന്നില്ല.

2. ആധുനികജീവിതത്തില്‍ ദമ്പതികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അപകടങ്ങളുടെ ഗര്‍ത്തങ്ങളെക്കുറിച്ച് ഈ സ്ഥാപനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നില്ല.

3. വിവരസങ്കേതിമക രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ ലാഘവത്തോടെയാണ് സമൂഹം നോക്കിക്കാണുന്നത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പഴഞ്ചന്‍ സമ്പ്രദായങ്ങളില്‍നിന്ന് മാറിചിന്തിക്കാന്‍ സമൂഹം ഇപ്പോഴും തയ്യാറാവുന്നില്ല.

4. സ്വന്തം സുരക്ഷയില്‍ വിശ്വസിച്ചുകൊണ്ട് വളരുന്ന ഈ ബന്ധങ്ങള്‍ വളരെ വേഗത്തിലാണ് ദൃഢമാവുന്നത്.

5. സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന ഉള്‍വലിയല്‍ സ്വഭാവത്തിന്റെ ഫലമായി ലൈംഗിക ഇടപെലുകള്‍ നടത്താനുള്ള പ്രവണത അവരില്‍ ഏറുന്നതായി കാണപ്പെടുന്നു.

6. ആധുനികജീവിതത്തില്‍ സ്ത്രീകള്‍ക്കു കിട്ടിയ സാമ്പത്തികസ്വാതന്ത്യ്രം ചെലവുള്ളതെങ്കിലും സെല്‍ഫോണ്‍ ബന്ധങ്ങളുടെ വ്യാപ്തി കൂട്ടുന്നു.

7. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഏതു മോശപ്പെട്ട രംഗങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പുതിയ തലമുറക്കാര്‍ക്കിയിലെ സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മൂല്യച്യുതിയുണ്ടാവാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്.

8. വിവാഹാനന്തരജീവിതത്തിലെ പ്രണയരാഹിത്യം ദാമ്പത്യസങ്കല്പങ്ങളുടെ ദന്തഗോപുരങ്ങള്‍ തകര്‍ന്നുവീഴാനിടയാക്കുന്നു. ഗള്‍ഫുകാരെ സംബന്ധിച്ച് വിവാഹം കഴിഞ്ഞയുടന്‍തന്നെ ഇണകള്‍ തമ്മില്‍ പിരിഞ്ഞു കഴിയാനിടവരുന്നു. പ്രണയത്തിന്റെ അനുഭവങ്ങളൊന്നുംതന്നെ അറിയാതെയാണ് ഈ വേര്‍പിരിയല്‍. ഈ ശൂന്യതയിലേക്ക് കടന്നുവരുന്ന മിസ്ഡ്കാളുകള്‍ക്ക് വളരെ പെട്ടെന്ന് സ്ഥാനംപിടിക്കാനാവുന്നു.

ഇത്തരത്തിലൊക്കെ പറഞ്ഞുകൊടുത്താലും ഇതൊക്കെ മനസ്സിലാക്കിയാല്‍ പോലും വീണ്ടും വീണ്ടും കെണികളില്‍ അകപ്പെടുന്നവരാണ് നമ്മളില്‍ പലരും എന്നത് മറ്റൊരു നിര്‍ഭാഗ്യകരമായ കാര്യമാണ്. കഴിവതും സ്വന്തം ഇണയെ മനസ്സിലാക്കി അറിഞ്ഞു കൊണ്ട് ഇത്തരം ചതികളിലേക്ക് വീഴാതെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ ജീവിക്കാന്‍ ശ്രമിക്കുക. അതിലൂടെ കുടുംബബന്ധങ്ങള്‍ മുന്നോട്ട് പോകട്ടെ. സുന്ദരമായ ജീവിതം സുന്ദരമായിത്തന്നെയിരിക്കട്ടെ.

Loading...

Leave a Reply

Your email address will not be published.

More News