Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 4:00 am

Menu

Published on April 27, 2013 at 5:56 am

സരോദില്‍ ഖാന്‍ ത്രയത്തിന്‍െറ മാസ്മരസംഗീതം

sarodhilkhan-music-magician

വിരലുകളുടെ മാന്ത്രികസ്പര്‍ശത്തില്‍ ലോകപ്രശസ്ത സംഗീതജ്ഞന്‍ അംജത് അലിഖാനും മക്കളായ അമന്‍ അലിഖാനും, അയാന്‍ അലിഖാനും സരോദില്‍ തീര്‍ത്തത് സംഗീതത്തിന്‍െറ പെരുമഴ. ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ താളലയങ്ങളും കര്‍ണാടക സംഗീതത്തിന്‍െറ ശ്രുതിരസവും ബംഗാളി നാടോടി സംഗീത ചടുലതയും മാസ്മരിക ശൈലിയില്‍ ഒഴുകിയത്തെിയപ്പോള്‍ വേദിനിറഞ്ഞ സദസ്സ് ആസ്വാദനത്തിന്‍െറ പുതുരസം നുകര്‍ന്നു.
സ്വാതി സംഗീതോത്സവത്തിന്‍െറ ഭാഗമായി കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരം കോബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ അപൂര്‍വമായ സംഗീതസംഗമം തലസ്ഥാനവാസികള്‍ക്ക് സമ്മാനിച്ചത്. മൂന്ന് ഭാഗങ്ങളായാണ് കച്ചേരി അവതരിപ്പിച്ചത്. സരോദിന്‍െറ തന്ത്രികളില്‍ നിന്ന് സംഗീതത്തിന്‍െറ വിസ്മയം ആദ്യം മക്കളായ അമാന്‍ അലിഖാനും അയാന്‍ അലിഖാനുമാണ് അവതരിപ്പിച്ചത്. അതിന് വിജയ് ഘാട്ടയുടെ തബലയും അകമ്പടിയായി.
കാപ്പി രാഗത്തില്‍ അവതരിപ്പിച്ച മുക്കാല്‍ മണിക്കൂറോളം നീണ്ട സോളോ, സരോദിലൂടെ രാജ്യം പ്രതീക്ഷിക്കുന്ന യുവപ്രതിഭകളുടെ കലാവിരുന്നായി.
തുടര്‍ന്ന് ഉസ്താദ് അംജദ്അലിഖാന്‍ ഒറ്റക്ക് വേദിയില്‍ ജിലകാപ്പി രാഗമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് സൂഫി കവി അമീര്‍ഖുസ്രു രചിച്ച തില്ലാന പാടുകയും പിന്നീട് അതിന്‍െറ ആരോഹണ-അവരോഹണ ക്രമങ്ങള്‍ സരോദില്‍ മീട്ടി ഉസ്താദ് കാണികളെ വിസ്മയിപ്പിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘എക്ലാ ചലോ രേ’ എന്ന ബംഗാളി നാടോടിഗാനവും സരോദിലൂടെമീട്ടി. അവസാനം ഉസ്താദും മക്കളും ചേര്‍ന്ന് കീരവാണി രാഗത്തിലാണ് സരോദ് മീട്ടിയത്. മൂവരും ചേര്‍ന്ന് പൊഴിച്ച സംഗീതം ആര്‍ത്തിരമ്പിയ തിരമാല പോലെയും കുളിര്‍മഴയായും ആസ്വാദകരില്‍ നിറഞ്ഞു.
സാംസ്കാരികമന്ത്രി കെ.സി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വി അടക്കം നിവരധിപര്‍ സംഗീതം ആസ്വദിക്കാനത്തെിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News