Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:25 am

Menu

Published on May 7, 2013 at 5:35 am

ടി.പി വധം: പ്രതികള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത് ലൈസന്‍സില്ലാതെയെന്ന് മൊഴി

t-p-murder-convicts-used-bombs-without-licens

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആദ്യ ഏഴ് പ്രതികള്‍ക്കും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് മൊഴി. കണ്ണൂര്‍ കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ടും 115ാം സാക്ഷിയുമായ പ്രേമവല്ലിയാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കിയത്. ഏഴ് പ്രതികള്‍ ചേര്‍ന്ന് ടി.പിയെ ആക്രമിച്ച ശേഷം സ്ഫോടക വസ്തുവെറിഞ്ഞ് രക്ഷപ്പെട്ടതായാണ് കേസ്. പ്രേമവല്ലിയെ കൂടാതെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വിസ്താരവും തിങ്കളാഴ്ച നടന്നു. ആറു പൊലീസ് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്‍ ഒഴിവാക്കുകയും ഒരാള്‍ ഔദ്യാഗിക ഡ്യൂട്ടിയിലായതിനാല്‍ ഹാജരാകാനാവില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
പ്രധാന പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ഷിനോജ് എന്നിവര്‍ക്ക് സ്ഫോടകവസ്തു ലൈസന്‍സ് ഉണ്ടോയെന്ന് ചോദിച്ച് സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ നല്‍കിയ കത്തിന് കണ്ണൂര്‍ കലക്ടറേറ്റില്‍നിന്ന് ലൈസന്‍സ് കൊടുത്തില്ലെന്ന് കണ്ണൂര്‍ എ.ഡി.എമ്മിന്‍െറ സ്ഥിരീകരണത്തോടെയാണ് മറുപടി നല്‍കിയതെന്ന് പ്രേമവല്ലി മൊഴി നല്‍കി. മറ്റു പ്രതികള്‍ക്കൊപ്പം മുടക്കോഴി ഭാഗത്ത് ഒളിച്ച് താമസിക്കവെ അറസ്റ്റ്ചെയ്ത 48ഉം 49 ഉം പ്രതികളായ കെ. ശ്രീജിത്ത്, എം. സുധീഷ് എന്നിവര്‍ക്കെതിരെ കഠാരി, നാടന്‍ തോക്ക് എന്നിവ കണ്ടെടുത്തതിന് ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസുണ്ടെന്ന് 116ാംസാക്ഷി ഇരിട്ടി എസ്.ഐ കെ.ജെ. വിനോയ് മൊഴി നല്‍കി. ടി.പി കേസന്വേഷണ സമയം 2012 ജൂണ്‍ 14ന് ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം എടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രണ്ട് പ്രതികളെയും എസ്.ഐ കോടതിയില്‍ തിരിച്ചറിഞ്ഞു.
31ാം പ്രതി ലംബു പ്രദീപനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിയുടെ നോകിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതിന് താന്‍ സാക്ഷിയാണെന്ന് 114ാം സാക്ഷിയും കോഴിക്കോട് ക്രൈംബ്രാഞ്ച് എ.എസ്.ഐയുമായ മുഹമ്മദ്റാഫി മൊഴി നല്‍കി.
ഒന്നാം പ്രതി അനൂപ്, 18ാം പ്രതി വാഴപ്പടച്ചി റഫീഖ്, 29ാം പ്രതി ദിപിന്‍ എന്ന കുട്ടന്‍ എന്നിവരുടെ രക്തവും മുടിയും വടകര ഗവ. ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് താനാണെന്നും മുഹമ്മദ് റാഫി മൊഴിനല്‍കി. അനൂപ്, റഫീഖ് എന്നിവരെ സംബന്ധിച്ച് പൊലീസില്‍ മൊഴി നല്‍കിയതായി രേഖയില്ലാത്തതിനാല്‍ ഇവരെ കോടതിയില്‍ തിരിച്ചറിയല്‍ നടപടിയില്ലാതെ തിരിച്ചറിയുന്നതിനെ പ്രതിഭാഗം എതിര്‍ത്തു. തുടര്‍ന്ന് അനൂപിനെയും റഫീഖിനെയും കോടതിയില്‍ മറ്റു പ്രതികള്‍ക്കൊപ്പം നിരത്തി നിര്‍ത്തിയശേഷമാണ് എ.എസ്.ഐ തിരിച്ചറിഞ്ഞത്.
13ാം പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ കുഞ്ഞനന്തനുമായി തെളിവെടുപ്പ് നടത്തവെ അദ്ദേഹം ഒളിവില്‍ താമസിച്ച വീടുകള്‍ കാണിക്കുന്നത് കണ്ടതായി 113ാം സാക്ഷിയും ക്രൈംബ്രാഞ്ച് എസ്്.ഐയുമായ എ.വി. വിജയന്‍ മൊഴി നല്‍കി. കുഞ്ഞനന്തന്‍ താമസിച്ച 59ാം പ്രതി ഷിജീഷിന്‍െറ മാടായിയിലെയും 72ാം പ്രതി പൊന്നത്ത്കുമാരന്‍, 73ാം പ്രതി പൊന്നത്ത് രാജന്‍, 74ാം പ്രതി കെ. യൂസുഫ് എന്നിവരുടെയും വീടുകളുടെ നിരീക്ഷണ മഹസറില്‍ താന്‍ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്.
20ാം പ്രതി ദില്‍ഷാദിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഷര്‍ട്ടിന്‍െറ പോക്കറ്റിലുള്ള മൊബൈല്‍ഫോണ്‍ കണ്ടെടുത്തതായും എസ്.ഐ വിജയന്‍ മൊഴി നല്‍കി. ഫോണിനൊപ്പം ദില്‍ഷാദിനെയും കുഞ്ഞനന്തനെയും എസ്.ഐ കോടതിയില്‍ തിരിച്ചറിഞ്ഞു. പി.കെ. കുഞ്ഞനന്തന്‍െറ പാറാടുള്ള വീട് സെര്‍ച്ച് ചെയ്ത് പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും കണ്ടെടുത്തത് താനാണെന്ന് 117ാം സാക്ഷിയും കൊളവല്ലൂര്‍ എസ്.ഐയുമായ ഇ.വി. ഫായിസ് അലി മൊഴി നല്‍കി. കോടതിയിലുള്ള പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും എസ്.ഐ തിരിച്ചറിഞ്ഞു.
പ്രതികള്‍ എത്തിയതായി പറയുന്ന കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് രണ്ടാം പ്രതി കിര്‍മാണി മനോജ് 2012 ജൂണ്‍ 19ന് തലശ്ശേരി ഡിവൈ.എസ്.പിക്ക് കാണിച്ച് കൊടുക്കുന്നത് കണ്ടെന്ന് 118ാം സാക്ഷിയും കൂത്തുപറമ്പ് സ്റ്റേഷനിലെ സി.പി.ഒയുമായ വി.കെ. ബാബു ഗണേശ് മൊഴി നല്‍കി. സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയുമായെത്തിയതിനാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വിവരം കിട്ടിയതിനാലാണ് അങ്ങോട്ടു പോയത്. ഒന്നാം നിലയിലെ ഹാള്‍ മനോജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തതായും ബാബു ഗണേശ് മൊഴി നല്‍കി.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. കുമാരന്‍കുട്ടി, പ്രതിഭാഗം അഭിഭാഷകരായ അഡ്വ. എം. അശോകന്‍, അഡ്വ. പി.വി. ഹരി, അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. അജിത്കുമാര്‍, എന്നിവര്‍ സാക്ഷികളെ വിസ്തരിച്ചു. 244ാം സാക്ഷി കൂത്തുപറമ്പ് എസ്.ഐ മധുസൂദനന്‍, 245ാം സാക്ഷി വടകര എസ്.ഐ പി. വേണുഗോപാലന്‍, 250ാം സാക്ഷി ചൊക്ളി എ.എസ്.ഐ കെ. പ്രകാശന്‍, 255ാം സാക്ഷി തൃശൂര്‍ കെ.എ.പി ബറ്റാലിയന്‍ സി.പി.ഒ അനീഷ്, 256ാം സാക്ഷി തൃശൂര്‍ കെ.എ.പി ബറ്റാലിയന്‍ സി.പി.ഒ ബിനോ ബാബു, 258ാം സാക്ഷി കൂത്തുപറമ്പ് സ്റ്റേഷന്‍ സി.പി.ഒ ടി. ധനേഷ് എന്നിവരെയാണ് പ്രോസിക്യൂഷന്‍ തിങ്കളാഴ്ച ഒഴിവാക്കിയത്.
260ാം സാക്ഷി സി.പി.ഒ കെ. സണ്ണി, 262 മുതല്‍ 267 വരെ സാക്ഷികളായ ടി. രാജേഷ്, ലിജോ ജോസ്, എന്‍.വി. ബാലകൃഷ്ണന്‍, കെ.എന്‍. വാസുദേവന്‍, വി.പി.രാജീവ്, ശ്രീധരന്‍ എന്നിവരുടെ വിസ്താരമാണ് ചൊവ്വാഴ്ച നടക്കുക.

Loading...

Leave a Reply

Your email address will not be published.

More News