Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ ദിനങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ആർത്തവം എന്ന് പറയുന്നത് ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിൻറെ ലക്ഷണമാണ്. പലരിലും പലവിധ അസ്വസ്ഥതകളുമായി ഇത് സംഭവിക്കുമ്പോള്‍ ചിലര്‍ക്ക് ആര്‍ത്തവം വന്നു പോയത് പോലും അറിയാറില്ല. ഈ ദിവസങ്ങളിൽ ദീർഘദൂര യാത്രകൾ ആവശ്യം വരുമ്പോൾ പലർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. നമ്മുടെ നാട്ടിൽ കോട്ടൺ തുണികളോ, നാപ്‌കിൻ പാഡുകളോ ആണ് ഈ ദിവസങ്ങളിൽ പൊതുവെ സ്ത്രീകൾ ഉപയോഗിച്ചുവരുന്നത്. എന്നാൽ നാപ്കിൻ പാഡുകൾ ഉപയോഗിക്കുന്നതിന് ചില ന്യൂനതകളുണ്ട്. ഉപയോഗിക്കുമ്പോൾ ഇത് പല തവണ മാറ്റേണ്ടതായി വരും. അല്ലാത്തപക്ഷം അണുബാധ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇപ്പോൾ പാശ്ചാത്യനാടുകളിൽ നാപ്‌കിൻ പാഡുകൾക്ക് പകരം മറ്റു ചിലതാണ് പ്രചാരത്തിൽ ഉള്ളത്. മെൻസ്ട്രൽ കപ്പ് , സാനിറ്ററി ടാംപൂൺ എന്നിവയാണവ. എന്താണ് മെൻസ്‌ട്രൽ കപ്പ് എന്ന് നോക്കാം.
മെന്‍സ്ട്രല്‍ കപ്പ്
അമിതമായി രക്തസ്രാവമുള്ള ദിവസങ്ങളിൽ ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് പാഡ് മാറ്റുന്നത് ശരിക്കും പ്രയാസകരമായ ഒരു കാര്യമാണ്. അത്തരക്കാർക്ക് മെൻസ്‌ട്രൽ കപ്പുകൾ ഏറെ ഗുണം ചെയ്യും. ഇത് ഒരു തവണ ഉപയോഗിച്ചാൽ വലിച്ചെറിയേണ്ട കാര്യമില്ല. അഞ്ചു വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. തുടർച്ചയായി 12 മണിക്കൂർ വരെ ഇത് ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. പാഡുകൾ വെയ്ക്കുമ്പോഴുള്ള ദുർഗന്ധവും ഇതിനുണ്ടാകില്ല. പാശ്ചാത്യനാടുകളിൽ പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും നമ്മുടെ നാട്ടിൽ ഈ അടുത്ത കാലം മുതലാണ് ഇത് ലഭ്യമായത്.ബംഗളൂരുവിലും കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ഇതിന് ആവശ്യക്കാർ കൂടുതലാണ്. മെഡിക്കൽ ഗ്രേഡ് സിലിക്കണിൽ നിർമ്മിക്കുന്ന മെൻസ്‌ട്രൽ കപ്പുകൾക്ക് നിർമ്മാണസാമഗ്രിയുടെ നിലവാരത്തിന് അനുസരിച്ച് 400 രൂപ മുതലാണ് വില വരുന്നത്. നിലവിൽ ഇത് എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമല്ല. എന്നാൽ ഓണ്‍ലൈന്‍ വഴി മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ നിന്നും പുതുതലമുറ പാഡ് ഉപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകളിലേക്ക് മാറിക്കഴിഞ്ഞു എന്ന് തന്നെ മനസ്സിലാക്കാം.
–
–
സിലിക്കൺ, ലാറ്റക്സ്, തെർമ്മോ പ്ലാസ്റ്റിക് ഇലാസ്റ്റമർ എന്നിവയാൽ നിർമ്മിതമായതിനാൽ യാതൊരുവിധത്തിലുമുള്ള അലർജിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചെറിയ കപ്പ് രൂപത്തിലുള്ള വളയ്ക്കാന്‍ കഴിയുന്ന ഒരു ഉപകരണമാണ് മെന്‍സ്ട്രല്‍ കപ്പ് . ഈ കപ്പിനുള്ളിലേക്ക് ആര്‍ത്തവരക്തം ശേഖരിക്കപ്പെടുകയാണ് ചെയ്യുന്നത്. ശരിയായ രീതിയില്‍ നിക്ഷേപിച്ചാല്‍ ഇത് ഉള്ളിലിരിക്കുന്നത് അറിയുക പോലുമില്ല. ഈ കപ്പ് യഥാരീതിയില്‍ മടക്കി ആർത്തവത്തിന് തൊട്ട് മുമ്പ് ഉള്ളിലേക്ക് വയ്ക്കാവുന്നതാണ്. അപ്പോൾ ഉള്ളിലിരിക്കുന്ന കപ്പ് തുറന്നുവരികയും യോനീഭിത്തികള്‍ക്കിടയില്‍ ആര്‍ത്തവരക്തം ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
–
–
ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. കപ്പിന്റെ താഴെയുള്ള തണ്ട് പോലെയുള്ള അഗ്രത്തില്‍ വലിച്ചതിനു ശേഷം അമര്‍ത്തി ഇത് പുറത്തെടുക്കാം. ഉപയോഗശേഷം നശിപ്പിക്കാവുന്ന തരത്തിലുള്ള ഡിസ്‌പോസിബിള്‍ കപ്പുകള്‍ ഉണ്ടെങ്കിലും പുനരുപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് കൂടുതലായുള്ളത്. ഉപയോഗശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അണുവിമുക്തി ഉറപ്പ് വരുത്തിയ ശേഷം വീണ്ടും ഉപയോഗിക്കാം.
സാധാരണഗതിയില്‍ നാലു മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ആര്‍ത്തവകപ്പുകള്‍ വിപണിയിൽ ലഭ്യമാണ്.അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആര്‍ത്തവരക്തത്തിന് പലപ്പോഴും ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. എന്നാല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ഇതിന് സാധ്യതയേ ഇല്ല. പ്രായം, ആര്‍ത്തവരക്തത്തിന്റെ ഒഴുക്ക്, പ്രസവശേഷമാണോ കപ്പ് ഉപയോഗിക്കുന്നത് എന്നിവയെല്ലാം കണക്കിലെടുത്ത് പല അളവിലുള്ള കപ്പുകളും വിപണിയിൽ ലഭ്യമാണ്. ഗര്‍ഭപാത്രത്തിനുള്ളില്‍ കോപ്പര്‍ ടി പോലെയുള്ള ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവര്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ ഗുണം ചെയ്യില്ല. ഇത് ഉപയോഗിക്കുമ്പോൾ ഗര്‍ഭനിരോധന ഉപാധിയുടെ സ്ഥാനം മാറാനോ നീക്കം ചെയ്ത് പോവാനോ സാധ്യത ഏറെയാണ്. സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് ഇവ ഉപയോഗിക്കുന്ന ചുരുക്കം സ്ത്രീകള്‍ ഉറപ്പിച്ചു പറയുമ്പോഴും മെന്‍സ്ട്രല്‍ കപ്പുകളെക്കുറിച്ചുള്ള അറിവില്ലായ്മ ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. പ്രത്യേകിച്ച് മലയാളികള്‍ ഇതിനെ മനസ്സുകൊണ്ട് അംഗീകരിക്കാൻ മടിക്കുന്നു.
സാനിട്ടറി ടാംപൂണ്‍
സാനിട്ടറി പാഡും മെന്‍സ്ട്രല്‍ കപ്പും കൂടാതെ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് സാനിട്ടറി ടാംപൂണ്‍. ആര്‍ത്തവരക്തം ഒഴിവാക്കുകയും നനവ് ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് ഇതിൻറെ പ്രധാന സവിശേഷത. പാഡുകളെ അപേക്ഷിച്ച് സാനിട്ടറി ടാംപൂണ്‍ കൂടുതൽ സമയം ഉപയോഗിക്കാവുന്നതാണ്. പ്രധാന നഗരങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകുന്ന സാനിട്ടറി ടാംപൂണിന് 150 രൂപ മുതലാണ് വില വരുന്നത്. ഇത് രൂപകൽപന ചെയ്തിരിക്കുന്നത് യോനിയ്ക്ക് ഉള്ളിലേക്ക് കടത്തിവെക്കാവുന്ന രീതിയിലാണ്. എന്നാൽ ഇത് ചുരുക്കം ചില ആളുകളിലെങ്കിലും അണുബാധയ്ക്ക് കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Leave a Reply