Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:03 am

Menu

Published on October 7, 2017 at 5:13 pm

ചെമ്പ്രക്കുന്നിലെ ഹൃദയതടാകം തേടി

trip-to-chembra-peak-wayanad

“താമരശ്ശേരി ചുരം.. ഒമ്പതാം വളവ്..” വെള്ളാനകളുടെ നാട്ടിൽ സിനിമയിൽ പപ്പുവിന്റെ വാക്കുകൾ മനസ്സിലേക്ക് കടന്നുവന്നു. എന്നൊക്കെ താമരശ്ശേരി ചുരം കയറിയിട്ടുണ്ടോ അന്നൊക്കെ ഈ സിനിമാ ഡയലോഗ് മനസ്സിലേക്ക് വരാറുണ്ട്. നാലാം വളവ് കഴിഞ്ഞതോടെ കോട ചെറുതായി കാണാൻ തടുങ്ങി. പതിയെ കോട കൂടി വന്നു. ഒമ്പതാം വളവ് എത്തിയതോടെ ആകെ മൂടൽ വ്യാപിച്ചിരുന്നു. വണ്ടി നിർത്തി താഴെ കാഴ്ചകൾ കാണാൻ നോക്കിയെങ്കിലും എങ്ങും കോട മാത്രം. മഞ്ഞിൽ കുറച്ചു ചിത്രങ്ങൾ ക്യാമറയിൽ പകർത്തി വണ്ടിയെടുത്ത് വീണ്ടും മുന്നോട്ട് നീങ്ങി.

ചെമ്പ്ര. അതായിരുന്നു ഞങ്ങളുടെ ഡെസ്റ്റിനേഷൻ. വയനാട് പല തവണ പോയിട്ടുണ്ടെങ്കിലും ചെമ്പ്ര ഇതുവരെ പോകാൻ പറ്റിയിരുന്നില്ല. ഒരിക്കൽ പോയിരുന്നെങ്കിലും നേരം വൈകിയത് കാരണം കുന്നിൽ കയറാൻ പറ്റിയിരുന്നില്ല. ഇത്തവണ എന്തായാലും കുന്നിൽ കയറണം എന്ന് മനസ്സിലുറപ്പിച്ചു കൊണ്ടാണ് അതിരാവിലെ തന്നെ വീട്ടിൽ നിന്നുമിറങ്ങിയത്. വൈത്തിരി കഴിഞ്ഞു ഊട്ടി റോഡിലേക്ക് കയറിയ ഞങ്ങൾ ഏതാനും അങ്ങാടികൾ കഴിഞ്ഞപ്പോൾ ചെമ്പ്ര പീക്കിലേക്കുള്ള വഴി കണ്ടു. വഴിയിൽ കയറി നീങ്ങവേ ഞങ്ങളുടെ മുമ്പിലായി ആകാശം മുട്ടെ ചെമ്പ്ര കൊടുമുടി കാണാൻ തുടങ്ങി.

പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയുള്ള ഗതാഗതം അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും ചെമ്പ്രകുന്നിനു മുകളിലെ തടാകം കാണാനുള്ള ആഗ്രഹം അതെല്ലാം മറികടന്നു മുന്നേറാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. വണ്ടി നിർത്താനുള്ള സ്ഥലമെത്തി. ഇനിയങ്ങോട്ട് നടത്തമാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചെറിയൊരു വഴി. വഴിയുടെ അറ്റത്തായി ദൂരെ ഒരു കെട്ടിടം കാണുന്നുണ്ട്. ഞങ്ങൾ നടന്നു നടന്നു അവിടെയെത്തി.

കെട്ടിടം കഴിഞ്ഞു. ഇനിയാണ് മലകയറ്റം. ആവേശത്തോടെ ഞങ്ങൾ നടന്നു. കയറി. ആദ്യത്തെ വേഗത പിന്നീട് ഇല്ലാതായി. കാലുകൾ കുഴഞ്ഞു. ക്ഷീണം കൂടി വന്നു. ബോട്ടിലിൽ കരുതിയ വെള്ളം തികയാതെ വന്നു. ചെറിയ മരങ്ങളും വള്ളികളും പുല്ലും നിറഞ്ഞ വഴി വളഞ്ഞു പുളഞ്ഞു പല ഭാഗങ്ങളിലേക്കായി ചെന്നെത്തുന്നു. മുകളിലേക്ക് നോക്കുമ്പോൾ അറ്റമില്ലാത്ത വിധം ആകാശം തോടും വിധം അപ്പോഴും ചെമ്പ്ര എടുപ്പോടെ തലയുയാർത്തി നിൽക്കുന്നു.

ക്ഷീണം വകവെയ്ക്കാതെ വീണ്ടും നടത്തം തുടർന്നു. ഞങ്ങളുടെ ഒപ്പം ഒരു ഗൈഡ് ഉണ്ടായിരുന്നത് ഇപ്പോൾ എവിടെയെന്നു ഓർമയില്ല. ഒന്നുകിൽ ഞങ്ങളെ കാത്തിരുന്നു മടുത്ത അയാൾ കയറിപ്പോയിരിക്കാം. ഇപ്പോൾ ഞങ്ങൾ ഏകദേശം പകുതിയിൽ എത്തി എന്ന് മനസ്സിലായി. ഇനിയങ്ങോട്ട് മരങ്ങളില്ല. മൊട്ടക്കുന്ന് മാത്രം. കൊടുമുടി. ദൂരെ കുഞ്ഞു കുഞ്ഞു സംഘങ്ങൾ മുകളിലോട്ട് നീങ്ങുന്നു. ചിലത് വിശ്രമിക്കുന്നു. ഞങ്ങൾ കുറെയധികം ചിത്രങ്ങളെടുത്തു. എങ്ങോട്ട് നോക്കിയാലും മതിയാവോളം ആസ്വദിക്കാനുണ്ട് കുന്നിന്റെ ഭംഗി. അവസാനം നീണ്ട മലകയറ്റത്തിന് വിരാമമിട്ടു കൊണ്ട് ഞങ്ങൾ മുകളിലെത്തി. ചെമ്പ്രയുടെ ഹൃദയത്തിൽ. ഹൃദയതടാകത്തിന്റെ കരയിൽ.


പച്ച നിറഞ്ഞ മലമുകളിൽ നീലയിൽ പൊതിഞ്ഞു സുന്ദരിയായി ചെമ്പ്ര തടാകം ഞങ്ങളെ അതിശയിപ്പിച്ചു. അത്രയും കഷ്ടപ്പെട്ട് മല കയറിയതിനു കാര്യമുണ്ടായത് ആ തടാകം കണ്ടപ്പോഴാണെന്നു തോന്നി. പക്ഷെ ആ തടാകം മാത്രമായിരുന്നില്ല അത്ഭുതപ്പെടുത്തിയത്. അവിടത്തെ ഓരോ ദൃശ്യങ്ങളും ക്യാമറയിലും മനസ്സിലും പതിയുന്നവയായിരുന്നു. എങ്ങും പച്ച. ചെറുതായി കോട വരുന്നുണ്ട്. ഒപ്പം തണുത്ത കാറ്റും. ഞാൻ താഴേക്ക് നോക്കി. ദൂരെ എവിടെയോ കണ്മുന്നിലായി, പക്ഷെ മനസ്സിലാക്കാൻ പറ്റാത്ത വിധം ഞങ്ങൾ വന്ന വഴികളും റോഡുകളും കാണുന്നുണ്ടാവാം. അവിടന്ന് നോക്കുമ്പോൾ അങ്ങ് ദൂരെ ദുനിയാവിന്റെ അറ്റം വരെ കാണാമെന്ന പോലെ തോന്നി.

Loading...

Leave a Reply

Your email address will not be published.

More News