Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:12 pm

Menu

Published on September 25, 2017 at 5:17 pm

ഊട്ടിയുടെ കാണാപ്പുറങ്ങൾ തേടി ഒരു മഴക്കാലത്ത്

trip-to-ooty-in-rain

നമ്മള്‍ കണ്ടതും കെട്ടതുമായ ഊട്ടിക്കപ്പുറം ഒരു സ്ഥലമുണ്ട്. പൈന്‍ മരങ്ങളും മഞ്ഞു മൂടിയ മലകളും നിറഞ്ഞ ഊട്ടിക്കുള്ളിലെ അജ്ഞാത സ്ഥലങ്ങള്‍. പല സഞ്ചാരികളുടെയും കണ്ണില്‍ പെടാതെ ഒളിഞ്ഞിരിക്കുന്ന ഊട്ടിയുടെ സൗന്ദര്യത്തിലേക്കൊരു യാത്ര. അതായിരുന്നു മനസ്സ് നിറയെ. അങ്ങനെയാണ് ഊട്ടിയിലേക്ക് ഇത്തവണ വണ്ടിയെടുത്ത് പുറപ്പെട്ടത്. ഊട്ടി ഒരുപാട് കണ്ടതാണ് ഇനി എന്ത് കാണാനാ അവിടെ എന്നിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു പുത്തന്‍ ആശയം മനസ്സിലേക്ക് വന്നത്. അങ്ങനെ എന്റെ ബൈക്ക് എടുത്ത് യാത്ര പുറപ്പെട്ടു. എല്ലാം പെട്ടന്നായിരുന്നു. എന്നാലേ നടക്കൂ. അല്ലാതെ ഇന്ന് പോകണം നാളെ പോകണം എന്നും പറഞ്ഞു പ്ലാന്‍ ഇടാന്‍ തുടങ്ങിയാല്‍ ഒരുകാലത്തും ആരും യാത്ര പോകില്ല.

ഇത്തവണത്തെ യാത്രക്ക് ഞാന്‍ ഒറ്റയ്ക്ക് മാത്രമാണെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഒറ്റയ്ക്ക് പല യാത്രകളും പിന്നീട് പോകാന്‍ എനിക്ക് ഊര്‍ജം തന്നതും ഇത്തവണത്തെ യാത്ര തന്നെയായിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ്, ഊട്ടി തടാകം, ടീ ഫാക്ടറി, കൂനൂര്‍, കോത്തഗിരി, ഊട്ടി ട്രെയിന്‍…. അങ്ങനെ ഒരുപാട് തവണ കണ്ടു പരിചിതമായ സ്ഥലങ്ങള്‍ ഇത്തവണ പോകില്ല എന്നുറപ്പിച്ച ഞാന്‍ എന്റെ ആക്സസ് 125ല്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു നാടുകാണിച്ചുരം വഴി യാത്രയാരംഭിച്ചു. മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ റോഡുകള്‍ കാണാന്‍ മറ്റെന്തിനേക്കാളും ഭംഗിയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു ചുരത്തിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ കണ്ട കാഴ്ചകള്‍.

 

ഗൂഢല്ലൂരില്‍ നിന്നും നീലഗിരിയുടെ പച്ചപ്പിലേക്ക് എന്റെ വണ്ടി നീങ്ങിയപ്പോള്‍ ഒപ്പം മഴയും എനിക്ക് അകമ്പടി സേവിച്ചിരുന്നു. ചെറുതായി പെയ്യുന്ന ആ മഴയത്ത് അങ്ങനെ ഒറ്റയ്ക്ക് പോകാന്‍ എന്തു രസം. നിങ്ങള്‍ ഒരുപക്ഷേ എന്നെ ഒരു പ്രാന്തന്‍ എന്നുവിളിച്ചേക്കാം. പക്ഷെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖം ആ യാത്രക്കുണ്ട്. മഴയില്‍, മഞ്ഞില്‍ തണുത്ത് വിറച്ച് കൊണ്ട് കാട്ടിലൂടെ ഒറ്റയ്ക്ക് ബൈക്കില്‍ അങ്ങനെ പോകവെ ജീവിതത്തില്‍ ഒരു യാത്രയ്ക്കും ഇന്നുവരെ തരാന്‍ പറ്റാത്ത ഒരു സുഖം ഞാനറിയുകയുണ്ടായി. മനസ്സിനും ശരീരത്തിനും. അങ്ങനെ ഓരോന്ന് ആലോചിച്ചു ചിന്തിച്ചു ഞാന്‍ ഊട്ടിയിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഊട്ടിയിലും മഴ തിമര്‍ത്ത് പെയ്യുകയാണ്. ഒപ്പം കൊടും തണുപ്പും.

എവിടെ യാത്ര പോയാലും അവിടത്തെ ഭക്ഷങ്ങള്‍ കഴിച്ചു നോക്കണം. അവിടത്തെ ശീലങ്ങള്‍ മനസ്സിലാക്കണം. അവിടത്തെ ആളുകളെ അറിയണം. അവിടത്തെ ജീവിതം കണ്ടറിയണം. അതിലാണ് ഏതൊരു യാത്രയുടെയും പൂര്‍ണത എന്ന എന്റെ നിലപാട് ഒരു യാത്രയിലും ഞാന്‍ തെറ്റിക്കാത്തത് കാരണം ഒരു തമിഴ് ശൈലിയിലുള്ള തട്ടുകടയില്‍ കയറി വയറു നിറയെ ദോശയും മുളക് ബജ്ജിയും കഴിച്ചു. ചില ആളുകളുണ്ട് ലോകത്ത് എവിടെപ്പോയാലും കേരള ഹോട്ടലുകള്‍ തേടി നടക്കും. അവിടന്ന് ഭക്ഷണം കഴിച്ചാലേ അവര്‍ക്ക് പിടിക്കൂ. അത്തരക്കാരോട് പലപ്പോഴും പുച്ഛം തോന്നിയിട്ടുണ്ട്. ഒരുപക്ഷേ യാത്ര എന്നു പറഞ്ഞാല്‍ വെറും സ്ഥലങ്ങള്‍ കാണല്‍ മാത്രമാവാം അവര്‍ക്ക്. ഇതൊക്കെ ഇങ്ങനെ ഓര്‍ത്തിരിക്കെ മഴ പെട്ടെന്ന് ശക്തി പ്രാപിച്ചു. ഉടനെ ഞാന്‍ തൊട്ടടുത്ത് കണ്ട ലോഡ്ജിലേക്ക് കയറി. മുറിയിലെത്തി വൈകാതെ തന്നെ ക്ഷീണം എന്നെ ഉറക്കത്തിലേക്ക് തള്ളിയിട്ടു.

ഒരു എട്ട് മണിയോടെ ഞാന്‍ റൂമില്‍ നിന്നിറങ്ങി. എങ്ങും മഞ്ഞാണോ മഴക്കാറാണോ എന്നറിയാത്ത വിധം മൂടല്‍. അടുത്തുള്ള ഹോട്ടലില്‍ നിന്നും ചായ കുടിക്കുമ്പോള്‍ എങ്ങോട്ടാണ് പോകേണ്ടത്.. എവിടെയൊക്കെ കാണണം എന്നതിന് മനസ്സില്‍ ഒരു രൂപവുമില്ലായിരുന്നു. ഞാന്‍ ഗൂഗിള്‍ മാപ്പ്സില്‍ ഒന്നു രണ്ടു സ്ഥലങ്ങള്‍ കണ്ടു വെച്ചിരുന്നു. ഒരു തടാകം. പിന്നൊരു കാട്. വേറെയൊന്ന് ഒരു ഉള്‍ഗ്രാമം. അങ്ങനെ ടൂറിസ്റ്റ് ലൊക്കേഷന്‍ അല്ലാത്ത ചില സ്ഥലങ്ങള്‍. ഈ പറഞ്ഞതില്‍ പല സ്ഥലങ്ങള്‍ക്കും ശരിക്കും ഒരു പേര് പോലുമില്ലായിരുന്നു. കാടുകള്‍ക്കും മലകള്‍ക്കുമിടയില്‍ എവിടെയൊക്കെയോ ആയി സ്ഥിതി ചെയ്യുന്ന അധികമാരും കടന്നുചെല്ലാത്ത സ്ഥലങ്ങള്‍. അങ്ങനെ ഞാന്‍ ആദ്യം തടാകം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ മാപ്പില്‍ കണ്ട സ്ഥലത്തേക്ക് വണ്ടി തിരിച്ചു.

 

ആദ്യം എനിക്ക് പോകേണ്ടത് അവലാഞ്ചേ തടാകത്തിലേക്കായിരുന്നു (Avalanche Lake). ഊട്ടിയില്‍ നിന്നും 26 കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. ഊട്ടിയില്‍ എത്തുന്നവരില്‍ നല്ലൊരു വിഭാഗം ആളുകള്‍ക്കും ഈ സ്ഥലം പരിചയമില്ല എന്നത് സത്യമാണ്. ഈ ഞാന്‍ കൂടെ ആദ്യമായാണ് പോകുന്നത്. ഊട്ടി ടൗണിന്റെ ബഹളങ്ങള്‍ വിട്ട് വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. രാവിലെത്തെ കൊടും തണുപ്പും ചെറിയ മഴയും കൂടെ ഡ്രൈവിംഗ് അല്പം പതിയെ ആക്കിയെങ്കിലും ഞാന്‍ മുന്നോട്ട് നീങ്ങി. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി. കുറെ ചെന്നപ്പോള്‍ ഇരുവശവും പച്ചക്കറിത്തോട്ടങ്ങള്‍ കാണാന്‍ തുടങ്ങി. പിന്നേയും മുന്നോട്ട് പോയി ഏതാനും കുന്നുകളും മറ്റും കഴിഞ്ഞപ്പോള്‍ തടാകം കണ്ണില്‍ പെടാന്‍ തുടങ്ങി.

കൃത്യം ഞാന്‍ മാപ്പില്‍ അടയാളപ്പെടുത്തിയിടത്ത് വണ്ടി നിര്‍ത്തി. ഒരു ചെറിയ പാലമാണ്. ഇരു വശത്തും തടാകം. എവിടേക്ക് നോക്കിയാലും സുന്ദരമായി കുന്നുകളോട് തൊട്ടുരുമ്മി നില്‍ക്കുന്ന തടാകം തന്നെ. വണ്ടി നിര്‍ത്തി ഞാന്‍ ഇറങ്ങി. തടാകത്തിന്റെ സൗന്ദര്യം വാക്കുകളില്‍ എഴുതുക അസാധ്യം. ഞാന്‍ താഴോട്ടിറങ്ങിച്ചെന്ന് തടാകക്കരയില്‍ കുറെ നേരം ഇരുന്നു. തടാകത്തിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചു തിരിച്ചു വണ്ടിയില്‍ കയറി. വണ്ടി സ്റ്റാര്‍ട്ട് ആക്കി അടുത്ത സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ ഊട്ടിയിലെ അറിയപ്പെടുന്ന പല തടാകങ്ങളെ കുറിച്ചും ഞാന്‍ ഓര്‍ത്തു. അവയേക്കാളുമൊക്കെ എന്തുകൊണ്ടും സുന്ദരമായ ഒന്ന് തന്നെയായി അവലാഞ്ചേ തടാകം എനിക്ക് തോന്നി.

അടുത്തതായി പോകേണ്ടത് ഒരു പ്രത്യക സ്ഥലമല്ലായിരുന്നു. ഒരുപാട് സ്ഥലങ്ങള്‍. ചെറുതും വലുതുമായ സുന്ദരമായ ഒരുപാട് സ്ഥലങ്ങള്‍. ഗൂഗിള്‍ മാപ്പ് നോക്കി ചില സ്ഥലങ്ങളിലൊക്കെ പോയി. വഴി തെറ്റി വേറെ ചില സ്ഥലങ്ങളിലെത്തി. കാടിനുള്ളിലേക്ക് കയറി അല്പം സാഹസികത കാണിച്ചു പല സ്ഥലങ്ങളിലും ഇറങ്ങിച്ചെന്നു. ഉച്ചയോടെ ഞാന്‍ ഊട്ടിക്കുള്ളില്‍ എവിടെയോ ഒരു സ്ഥലത്താണ്. നെറ്റവര്‍ക്ക് ഇല്ല. ഫോണും ചാര്‍ജ് ഫോട്ടോ എടുത്ത് തീര്‍ന്നിട്ടുണ്ട്. വഴി തെറ്റിയതോ അല്ലെങ്കില്‍ മാറിയതോ ആണ്. ബൈക്ക് മുന്നോട്ട് തന്നെ നീങ്ങി. നല്ല ഇരുട്ട്. മഴ പെയ്തു നനഞ്ഞ റോഡുകള്‍. വണ്ടി കുറെ നേരമായി ഇറക്കമിറങ്ങിക്കൊണ്ടിരിക്കുന്നു. അവസാനം ഒരു ഗ്രാമത്തില്‍ ആ വഴി എന്നെ എത്തിച്ചു. അവിടെന്നു അങ്ങോട്ട് ഇനി വഴി ഇല്ല.

ഞാന്‍ അവിടെയുള്ള ആളുകളോട് ചോദിച്ചപ്പോള്‍ ഊട്ടിയും എന്റെ റൂമുമൊക്കെ എത്രയോ ദൂരെയാണെന്നു മനസിലായി. നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. ഞാന്‍ വേഗം വണ്ടി തിരിച്ചു. തിരിച്ചു വരുന്നതിന്നിടയില്‍ എപ്പോഴോ കുറച്ചു കാട്ടുപോത്തുകള്‍ സംഘമായി കടന്നുപോയി. ആദ്യം പേടിച്ചെങ്കിലും പിന്നീട് അത്ഭുതത്തോടെ ഞാന്‍ അതും നോക്കി കുറച്ചു നേരം അവിടെ നിന്നു. അവ പോയപ്പോള്‍ പിന്നെയും യാത്ര തുടര്‍ന്നു. അവസാനം എങ്ങനെയൊക്കെയോ ഞാന്‍ ഒരു മെയിന്‍ റോഡില്‍ എത്തി. കൂന്നൂര്‍ ഊട്ടി മെയിന്‍ റോഡില്‍ എവിടെയോ ആണ് ഞാന്‍ അപ്പോളെന്നു മനസ്സിലായി. വഴി മനസ്സിലായപ്പോള്‍ നേരെ റൂമിലേക്ക് വണ്ടി തിരിച്ചു. റോഡരികില്‍ തിരക്ക് കുറവായിരുന്നു. സീസണ്‍ അല്ലാത്തതിനാലാവാം. ആകെ ഉള്ളത് കുറച്ചു കാറുകള്‍ മാത്രം. പിന്നെ എന്റെ ബൈക്കും. ഞാന്‍ ബൈക്കിനു വേഗം കൂട്ടി. വീണ്ടും ഇരുട്ട് നിറഞ്ഞ റോഡുകള്‍. കാടുകള്‍. മരങ്ങള്‍. തണുപ്പ്. മഴ.

Loading...

Leave a Reply

Your email address will not be published.

More News