Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എസിയില്ലാത്ത കാറുകള്‍ ഇന്ന് വിപണിയില്‍ അപൂര്‍വമാണ്. എന്നാല്‍ എസി വന്ന അംബാസഡര്‍ കാലം മുതല്‍ ഇങ്ങോട്ട് എസി കാറുകളെ കുറിച്ച് സ്ഥിരം കേള്‍ക്കുന്ന ഒരു പല്ലവിയുണ്ട്; എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന്. ഇത്തരത്തില്‍ എസി ഉപയോഗിക്കുന്നത് കാറിന്റെ മൈലേജ് കുറയ്ക്കുമെന്ന ധാരണ ശരിയാണോ?
എന്തൊക്കെയാണെങ്കിലും മൈലേജിനാണ് ഇന്ത്യയില്‍ ഉപഭോക്താക്കളില്‍ ഏറെയും പ്രധാന്യം കല്‍പിക്കുന്നത്. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുതന്നെയാണ് കാറിലെ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കുന്നത്.
കമ്പ്രസര്‍, കണ്ടന്‍സര്‍, എക്സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്ത് തണുപ്പ് അനുഭവപ്പെടുന്നത്.
അതിനാല്‍ എഞ്ചിനില്‍ നിന്നും കത്തുന്ന ഇന്ധനത്തിന്റെ ഒരു ചെറിയ ശതമാനം എസി ഉപയോഗിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ന് വരുന്ന പുതിയ കാറുകളില്‍ നാമമാത്രമായ ഇന്ധനമാണ് എസി ഉപയോഗിക്കുന്നത്.
എന്നാല്‍ പഴയ കാറുകളുടെ കാര്യം ഒരല്‍പം വ്യത്യസ്തമാണ്. കുറഞ്ഞ എഞ്ചിന്‍ കരുത്തുള്ള പഴയ കാറുകളില്‍ തുടര്‍ച്ചയായ എസി ഉപഭോഗം ഇരുപത് ശതമാനത്തോളം മൈലേജ് കുറയ്ക്കുമെന്നത് സത്യമാണ്.
മാത്രമല്ല വലിയ കയറ്റങ്ങള്‍ കയറുമ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ മൈലേജ് വീണ്ടും കുറയും. ഗുരുത്വാകര്‍ഷണത്തിന് എതിരെ നീങ്ങുമ്പോള്‍ എഞ്ചിന് കൂടുതല്‍ പ്രഷര്‍ താങ്ങേണ്ടതായി വരുമെന്നതാണ് കാരണം.
കൂടാതെ ഇന്നത്തെക്കാലത്ത് എസിയ്ക്ക് പകരം വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി മൈലേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇന്ന് കുറവല്ല. ഈ ശീലവും മൈലേജ് കുറയ്ക്കും. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിനുള്ളിലേക്ക് കടക്കുന്ന വായു കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കുന്നതാണ് ഇതിന് കാരണം. ചുരുക്കി പറഞ്ഞാല്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നതിലും നല്ലത് എസി പ്രവര്‍ത്തിപ്പിച്ച് കാര്‍ ഓടിക്കുന്നതാണ്.
Leave a Reply