Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:11 am

Menu

Published on January 23, 2018 at 3:36 pm

ചുമ്മാ കാറോടിച്ചു പോരുന്നതല്ല ടെസ്റ്റ് ഡ്രൈവ്; ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്

how-to-take-test-drive-of-a-car

ഇന്നത്തെക്കാലത്ത് ഒരു കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ആ വാഹനത്തെ കുറിച്ച് നന്നായി അന്വേഷിച്ചാണ് വാഹനം വാങ്ങാറ്. കൂടാതെ കാര്‍ വാങ്ങും മുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടാറുമുണ്ട്. നമ്മള്‍ വാങ്ങാന്‍ പോകുന്ന വാഹനത്തെയും അതിന്റെ ഡ്രൈവിങ്ങ് സുഖത്തെയും കുറിച്ചറിയാന്‍ ഇത് അത്യാവശ്യമാണ്.

കാര്‍ വാങ്ങും മുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് ഡ്രൈവ് ചോദിക്കാന്‍ മടിക്കേണ്ട. ഡ്രൈവിങ് അറിയില്ലെങ്കില്‍ ഒരു ഡ്രൈവറെ കൂടെ കൂട്ടുകയുമാകാം.

ചുമ്മാ കാറെടുത്ത് ഇറങ്ങുന്നതല്ല ടെസ്റ്റ് ഡ്രൈവ് എന്ന് പറയുന്നത്. ടെസ്റ്റ് ഡ്രൈവിനിടെ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. നിരവധി കാര്യങ്ങളുണ്ട്. ഡ്രൈവിങ് പൊസിഷന്‍ നിങ്ങള്‍ക്ക് ചേരുമോ എന്നതാണ് പ്രധാനമായും നോക്കേണ്ടത്.

കൂടാതെ സീറ്റിന്റെ ഉയരം, പൊസിഷനിങ്, സ്റ്റിയറിങ് വീലും സീറ്റുമായുള്ള അകലം, സ്വിച്ചുകളും ഹോണും ഉപയോഗിക്കാനുള്ള എളുപ്പം, എസിയുടെ പ്രവര്‍ത്തനം, ബ്രേക്കിങ് മികവ്. സസ്പെന്‍ഷന്‍ മികവ്, ഗ്രൗണ്ട് ക്ലിയറന്‍സ്, പിക്കപ്പ്, പുള്ളിങ് എന്നീ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കയറാനും ഇറങ്ങാനുമുള്ള എളുപ്പവും വിലയിരുത്തണം.

ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ സാധ്യതയുളളവര്‍ കാറിന്റെ സീറ്റുകള്‍ നന്നായി ശ്രദ്ധിക്കണം. സീറ്റിന്റെ ഇരിക്കുന്ന ഭാഗം അല്‍പം ഉയര്‍ന്ന് തുടകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ ദീര്‍ഘദൂരയാത്രയില്‍ മസിലുകള്‍ക്ക് വേദന വരാം. ദീര്‍ഘദൂരയാത്രകളില്‍ കൈകള്‍ക്ക് വിശ്രമിക്കാന്‍ ഹാന്‍ഡ് റെസ്റ്റ് ഉണ്ടെങ്കില്‍ അതും നന്നായിരിക്കും.

പിന്‍സീറ്റിന്റെ കംഫര്‍ട്ടും മനസിലാക്കണം. തുടയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്ന അപ്ഹോള്‍സ്റ്ററിയാണോ പിന്‍സീറ്റും എന്ന് നോക്കുക. കൂടാതെ സീറ്റിന്റെ നിര്‍മ്മാണ വൈകല്യംമൂലം വളവുകള്‍ തിരിയുമ്പോഴും മറ്റും ശരീരം വല്ലാതെ ഉലയുന്നുണ്ടോ എന്നും പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കണം. എസിയുടെ തണുപ്പ് പിന്നിലേക്ക് എത്തുന്നുണ്ടോ എന്നും കപ്പുകളും കുപ്പികളും മറ്റു സൂക്ഷിക്കാന്‍ പിന്നില്‍ കപ്പ് ഹോല്‍ഡറുകളുണ്ടോ എന്നും നോക്കുക.

ഗിയര്‍ ഷിഫ്റ്റിങ്ങും പ്രത്യേകം ശ്രദ്ധിക്കണം. ഗിയര്‍ ഷിഫ്റ്റിങ് അനായാസമാണോ എന്നതും പ്രത്യേകം നോക്കേണ്ടതുണ്ട്. റിവേഴ്സ് ഗിയറിടാന്‍ ആയാസമുണ്ടോ, എല്ലാ ഗിയറുകളും വളരെ എളുപ്പത്തില്‍ മാറ്റാനാവുന്നുണ്ടോ എന്നും നോക്കണം.

ഡോറിന്റെയും ഡാഷ്ബോര്‍ഡിന്റെയുമൊക്കെ ഇടയില്‍ വിടവുകള്‍ ഉണ്ടോ എന്നും നോക്കണം. വിവിധ പ്ലാസ്റ്റിക്ക് ഘടകങ്ങള്‍ കൃത്യമായി വിടവില്ലാതെ ചേര്‍ന്നിരിക്കണം.

നഗരത്തിലെ ഹമ്പുകളിലൂടെ വാഹനം ഓടിച്ച് കാറിന്റെ അടിവശം തട്ടുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണെന്ന് മനസിലാക്കാം. വാഹനം വേഗത്തില്‍ ഓടിച്ച് നോക്കണം. 60 കിലോമീറ്റര്‍ വേഗത എടുത്തശേഷം സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം തെന്നി വശത്തേക്ക് മാറുന്നുണ്ടെങ്കില്‍ ബ്രേക്കിങ് കാര്യക്ഷമമല്ല എന്നു മനസ്സിലാക്കാം. എബിഎസ് ഓപ്ഷനുള്ള കാറാണെങ്കില്‍ ഈ ടെസ്റ്റ് ബാധകമല്ല. കാരണം, തെന്നിമാറാതിരിക്കുക എന്നതാണ് എബിഎസിന്റെ ധര്‍മ്മം തന്നെ.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ പല റോഡുകളിലും പല അവസ്ഥകളിലും വാഹനം ഓടിക്കേണ്ടതുണ്ട്. അല്‍പ്പ നേരത്തേക്ക് ഡീലര്‍ഷിപ്പില്‍നിന്ന് വാഹനം കിട്ടുമ്പോള്‍ അത്ര വിശദമായ ടെസ്റ്റ് ഡ്രൈവിങ് സാധ്യമല്ല. എങ്കിലും നഗരത്തിരക്കുകളിലൂടെ ഓടിക്കുമ്പോള്‍ എന്‍ജിന്റെ പവര്‍ ബോധ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News